കൊച്ചി: മരട് നഗരസഭയിലെ പുതിയ സെക്രട്ടറി സ്നേഹിൽ കുമാറിനെതിരെ ഭരണസമിതി പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെ, ഭരണകാര്യങ്ങൾ നിർവഹിക്കാൻ പുതിയ സെക്രട്ടറിയെ നിയോഗിച്ച് സർക്കാർ. മുൻസിപ്പൽ സെക്രട്ടറി ആരിഫ് ഖാനാണ് മരട് നഗരസഭയിലെ ഭരണകാര്യങ്ങളുടെ ചുമതല. സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ്, ഫ്ലാറ്റ് പൊളിയ്ക്കലിന്‍റെ ചുമതല മാത്രം നോക്കിയാൽ മതിയെന്നും സർക്കാർ നിർദേശിച്ചു. ഈ ഉത്തരവിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

നഗരസഭയുടെ ദൈനംദിന കാര്യങ്ങളിൽ സെക്രട്ടറി ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നഗരസഭാ ചെയർപേഴ്‍സൺ ടി എച്ച് നദീറ പരാതി നൽകിയിരുന്നു. എന്നാൽ ഫ്ലാറ്റ് പൊളിയ്ക്കലിനുള്ള ചുമതല മാത്രമേ തനിക്കുള്ളൂ എന്ന് ചൂണ്ടിക്കാട്ടി പ്രശ്നം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ നിന്ന് സെക്രട്ടറി സ്നേഹിൽ കുമാർ ഐഎഎസ് വിട്ടുനിന്നിരുന്നു. സെക്രട്ടറി ഇല്ലാതെ യോഗം ചേരുന്നതിനെച്ചൊല്ലി കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് അജണ്ടകൾ എടുക്കാതെ യോഗം നിർത്തിവെച്ചു. നഗരസഭാ പ്രതിസന്ധിയുടെ ഉത്തരവാദി സർക്കാർ ആണെന്നും അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സൺ സർക്കാരിന് കത്ത് നൽകുകയും ചെയ്തു. ഇതേത്തുടർന്നാണ് പ്രതിസന്ധിയിൽ സർക്കാർ ഇടപെട്ടത്. 

മരട് ഫ്ലാറ്റ് പൊളിയ്ക്കൽ 90 ദിവസത്തിനകം നടപ്പാക്കുമെന്നാണ് സുപ്രീംകോടതിയിൽ സർക്കാർ നൽകിയിരിക്കുന്ന സത്യവാങ്മൂലം. എല്ലാ നടപടികളും 138 ദിവസത്തിനകം പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവും. ഇത് പൂർത്തിയാക്കാൻ ത്വരിത നടപടികൾ വേണം. ഇത്രയും ചുരുങ്ങിയ കാലയളവിൽ ഇത്രയും വലിയ ചുമതല നിർവഹിക്കാനുള്ളത് ചൂണ്ടിക്കാട്ടിയാണ് ദൈനംദിന പ്രശ്നങ്ങളിൽ ഇടപെടാൻ തനിയ്ക്ക് കഴിയില്ലെന്ന് സ്നേഹിൽ കുമാർ വ്യക്തമാക്കിയത്.