ദക്ഷിണേന്ത്യയിലെ കുപ്രസിദ്ധ മോഷ്‌ടാവ് "മരിയാർ ഭൂതം" പാലാരിവട്ടത്ത് പിടിയിലായി

By Web TeamFirst Published May 3, 2019, 8:05 PM IST
Highlights

പിടിയിലായത് 40 വർഷത്തിലേറെയായി മോഷണം നടത്തിവന്ന കൊടുംകുറ്റവാളി. 400 ഓളം മോഷണക്കേസുകളിൽ പ്രതി

കൊച്ചി: കേരളത്തിലും തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും വീടുകളും കടകളും കുത്തിത്തുറന്ന് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. തമിഴ്‌നാട്ടിൽ മരിയാർ ഭൂതം എന്നറിയപ്പെടുന്ന ചെന്നൈ വെപ്പേരി പുരൈസവാക്കം സ്വദേശി ഗോപി എന്ന ലോറൻസ് ഡേവിഡ് (72) ആണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. 40 വർഷത്തിലേറെയായി മോഷണം നടത്തിവന്ന കൊടുംകുറ്റവാളിയാണ് ഇയാൾ.

തമിഴ്‌നാട്ടിൽ അഞ്ച് വട്ടം ഗുണ്ടാ ആക്ട് പ്രകാരം തടവിൽ കഴിഞ്ഞിരുന്ന ഇയാൾ വിവിധ കേസുകളിൽ 20 വർഷത്തിലേറെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2018 നവംബറിൽ തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ഇയാൾ കേരളത്തിലേക്ക് വരികയായിരുന്നു. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ എന്നിവിടങ്ങളിലായി മോഷണം നടത്തിവരികയായിരുന്നു. 

ഇയാൾ ഡ്യൂക്ക് ബൈക്കിൽ രാത്രികാലങ്ങളിൽ വിവിധ സ്ഥലങ്ങളിൽ കറങ്ങിനടന്നാണ് മോഷണം നടത്തിവന്നിരുന്നത്. എറണാകുളത്ത് നോർത്ത്, സൗത്ത്, സെൻട്രൽ പൊലീസ് സ്റ്റേഷനുകളിലും തിരുവനന്തപുരം വഞ്ചിയൂർ, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്.

ഇയാളെ പിടികൂടാൻ പല തവണ പല ശ്രമങ്ങളും പൊലീസ് നടത്തിയിരുന്നു. ഫെയ്സ്ബുക്കിൽ പരസ്യം നൽകിയും മറ്റും പ്രതിയെ പിടികൂടാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടു. എറണാകുളം സൗത്ത് ജനതയിലെ ഒരു സ്ഥാപനത്തിൽ നിന്ന് 1.10 ലക്ഷം രൂപ മോഷ്ടിച്ച കേസിൽ ഇയാളെ പൊലീസ് സംശയിച്ചിരുന്നു. ഇതോടെ രാത്രികാലത്തെ പട്രോളിങ് ശക്തമാക്കി. ഇന്നലെ രാത്രി പട്രോളിങിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് അതിസാഹസികമായാണ് പിടികൂടിയതെന്ന് പാലാരിവട്ടം സിഐ പിഎസ് ശ്രീജേഷ് പറഞ്ഞു.

click me!