
കോഴിക്കോട്: കോഴിക്കോട് രണ്ട് ദിവസങ്ങള്‍ക്കിടെ ഭര്‍തൃ വീടുകളില്‍ ജീവനൊടുക്കിയത് 18കാരായ രണ്ട് യുവതികള്‍.കൗമാരക്കാര്‍ക്കിടയിലെ വിവാഹവും വിവാഹത്തെത്തുടര്‍ന്നുളള ആത്മഹത്യകളും പെരുകുന്നതായുളള പരാതികള്‍ക്കിടെയാണ് ഈ സംഭവങ്ങള്‍. വിവാഹ പൂര്‍വ കൗണ്‍സിലിംഗടക്കം സംസ്ഥാന വനിത കമ്മീഷന്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്കും കാര്യമായ മാറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല.
കോഴിക്കോട് എലത്തൂരില്‍ വെളളിയാഴ്ച ജീവനൊടുക്കിയത് 18 കാരിയായ ഭാഗ്യയുടെ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ ഭാഗ്യയുടെ മൃതശരീരം പോസ്റ്റുമോര്‍ട്ടം ചെയ്തു. 18കാരിയായ ഭാഗ്യയെ ഭര്‍ത്താവ് അനന്തുവിന്‍റെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാഗ്യയുടെ ഭര്‍ത്താവ് അനന്തുവാകട്ടെ ആത്മഹത്യാ ശ്രമത്തിനിടെ പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലും. ഭർത്യ വീട്ടിൽ പീഡനം അനുഭവിച്ചാണ് ഭാഗ്യ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്
ഭാഗ്യയ്ക്കുണ്ടായ അനുഭവം മറ്റൊരു കുട്ടിക്കും ഉണ്ടാകരുതെന്ന് ഭാഗ്യയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞ് മണിക്കൂറുകള്‍ക്ക് അകമാണ് ഏതാനും കിലോമീറ്റര്‍ അകലെ ഉള്ള്യേരിയില്‍ നിന്നും അടുത്ത ദുരന്ത വാര്‍ത്തയെത്തിത്. ഉള്ളിയേരി കന്നൂരിൽ ഭർതൃവീട്ടിൽ 18കാരിയായ അല്‍ക്കയെ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് പ്രജീഷിന്‍റെ വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിയനിലയിൽ ആയിരുന്നു മൃതദേഹം. ഒന്നരമാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ഭാഗ്യയുടെ കാര്യത്തിലെന്ന പോലെ അല്‍ക്കയും പ്രജീഷും വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു ഇവരുടേയും വിവാഹം
കൊവിഡ് കാലത്ത് നവമാധ്യമങ്ങള്‍ വഴിയുളള പരിചയവും സൗഹൃദങ്ങളും കൗമാര വിവാഹങ്ങള്‍ പെരുകാന്‍ കാരണമായെന്ന പരാതി വ്യാപകമെങ്കിലും ഇതു സംബന്ധിച്ച ആധികാരികമായ പഠനങ്ങളോ അന്വേഷണങ്ങളോ സംസ്ഥാനത്ത് നടന്നിട്ടില്ല. 19 വയസ് വയസുവരെ പ്രായ പരിധിയിലുളള പെണ്‍കുട്ടികളുടെ ആത്മഹത്യകളുടെ പ്രധാന കാരണങ്ങളിലൊന്ന് നേരത്തയുളള വിവാഹമെന്നാണ് ദേശീയ തലത്തിലുളള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലും സമാനമായ രീതിയില്‍ വിവാഹത്തെ തുടര്‍ന്നുളള ആത്മഹത്യകള്‍ പെരുകുന്ന സാഹചര്യത്തില്‍ ഗൗരവകരമായ പഠനങ്ങളും ഇടപെടലുകളും വേണമെന്നാണ് ഉയരുന്ന ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam