ധൻരാജ് രക്തസാക്ഷി ഫണ്ട് പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ തട്ടിയെടുത്തു; സിപിഎമ്മിനെതിരെ ​ഗുരുതര വെളിപ്പെടുത്തലുമായി കണ്ണൂരിലെ നേതാവ് വി കുഞ്ഞികൃഷ്ണൻ

Published : Jan 23, 2026, 03:29 PM ISTUpdated : Jan 23, 2026, 04:00 PM IST
v kunjikrishnan

Synopsis

ധൻരാജ് രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന ഗുരുതര ആരോപണവുമായി കണ്ണൂരിലെ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണൻ. ഫണ്ട് ശേഖരണമല്ല വിഷയമെന്നും ഫണ്ട് ചിലവഴിച്ചതിൽ കൃത്രിമം നടത്തിയെന്നതാണ് പ്രശ്നമെന്നും വി കുഞ്ഞികൃഷ്ണൻ. 

തിരുവനന്തപുരം: ധൻരാജ് രക്തസാക്ഷി ഫണ്ടിൽ സിപിഎം തിരിമറി നടത്തിയെന്ന വെളിപ്പെടുത്തലുമായി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അം​ഗം വി കുഞ്ഞികൃഷ്ണൻ. ഫണ്ട് ശേഖരണമല്ല വിഷയമെന്നും ഫണ്ട് ചിലവഴിച്ചതിൽ കൃത്രിമം നടത്തിയെന്നതാണ് പ്രശ്നമെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോണിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കുഞ്ഞികൃഷ്ണൻ പാർട്ടിക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തൽ നടത്തിയത്. 

ധൻരാജ് രക്തസാക്ഷി ഫണ്ട് പയ്യന്നൂർ എംഎൽഎയായ ടി ഐ മധുസൂദനൻ തട്ടിയെടുത്തു. ഒരു കോടി രൂപയാണ് പിരിച്ചത്. അതിൽ 46 ലക്ഷം രൂപ തിരിമറി നടത്തിയെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ‘തന്റെ മുന്നിൽ ആദ്യമായി വരുന്നത് ധൻരാജ് രക്തസാക്ഷി ഫണ്ടല്ല. ധൻരാജ് കൊല്ലപ്പെടുന്നത് 2016 ജൂലായ് 11നാണ്. ഈ വർഷം തന്നെ ഫണ്ട് പിരിക്കാൻ തീരുമാനിച്ചു. പാർട്ടി പ്രവർത്തനത്തിൻ്റെ ഭാ​ഗമായി ഒരാൾ കൊല ചെയ്യപ്പെടുമ്പോൾ ആ കുടുംബത്തെ അനാഥമാക്കാൻ കഴിയില്ലെന്നാണ് പാർട്ടി തീരുമാനം. കൂടാതെ കുടുംബത്തിന് സഹായമെന്ന നിലയിൽ ഒരു തുക നിക്ഷേപിക്കാനും തീരുമാനിച്ചിരുന്നു. വീട് നിർമിച്ചു കൊടുക്കലും കേസ് നടത്തലുമായിരുന്നു ഫണ്ട് കൊണ്ടുള്ള ലക്ഷ്യം.’

‘2017 ഡിസംബർ 8,9 തിയ്യതികളിൽ നടന്ന ഏരിയാസമ്മേളനത്തിൽ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. പിന്നീട് ധൻരാജിൻ്റെ കുടുംബത്തിനുള്ള വീട് നിർമാണമുൾപ്പെടെ നടന്നെങ്കിലും 2021വരെയുള്ള കണക്കുകൾ അവതരിപ്പിച്ചിരുന്നില്ല. 2020ലാണ് ‍താൻ പാർട്ടി ഏരിയാ സെക്രട്ടറിയാവുന്നത്. 2021ൽ കണക്ക് ചോദിച്ചിട്ടും ലഭിച്ചിരുന്നില്ല. 2021ലെ സമ്മേളനത്തിന് തൊട്ടുമുമ്പാണ് കണക്കുകൾ അവതരിപ്പിച്ചത്. നിയമസഭാ സമ്മേളനത്തിന് മുമ്പുള്ള കണക്ക് ഓഡിറ്റ് ചെയ്യാൻ തന്നെ ഏൽപ്പിച്ചിരുന്നു. അതിൽ വിചിത്രമായ കണക്കുകളാണ് തനിക്ക് കാണാൻ കഴിഞ്ഞത്. ഈ സാഹചര്യത്തിലാണ് ധൻരാജ് ഫണ്ട് പരിശോധിക്കുന്നത്. 2017ലെ വരവിൽ 10ലക്ഷത്തിലേറെ തുക ചിലവായെന്ന് കണ്ടെത്തി. ഒരു കോടി രൂപയോളമാണ് അന്ന് പിരിച്ചിരുന്നത്’. വീട് നിർമാണത്തിന്റെ കണക്കുകൾ പരിശോധിച്ചപ്പോഴും ക്രമക്കേട് കണ്ടെത്തിയെന്നും വി കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു. 

ധൻരാജ് രക്തസാക്ഷി ഫണ്ടിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ആ കമ്മിറ്റി കണക്ക് അം​ഗീകരിച്ചില്ല. മുപ്പത്തിനാലേകാൽ ലക്ഷം രൂപ വീട് നിർമാണത്തിന് ചിലവായെന്നായിരുന്നു കണക്ക്. വീട് നിർമിക്കാനായി പാർട്ടി പ്രവർ‍ത്തകരുടെ സന്നദ്ധസഹായങ്ങളും ഉണ്ടായിരുന്നു. അങ്ങനെ സഹായങ്ങൾ നൽകിയാൽ വീടുപണിക്ക് പണം കൂടുതൽ വരില്ലെന്നായിരുന്നു ഉദ്ദേശം. 34ലക്ഷം രൂപയുടെ ചെക്കാണ് നൽകിയിരുന്നത്. ഈ ചെക്ക് പരിശോധിച്ചപ്പോൾ ഇരുപത്തിയൊൻപതേ കാൽ ലക്ഷം രൂപ കോൺട്രാക്ടറുടെ അക്കൗണ്ടിലേക്കും 5ലക്ഷം അന്നത്തെ ഏരിയാ സെക്രട്ടറി കെപി മധുവിൻ്റെ അക്കൗണ്ടിലേക്കും പോയതായി കണ്ടെത്തി. ഒരിനവും സൂചിപ്പിക്കാതെ 2 ലക്ഷം രൂപയുടെ കണക്കും കാണിച്ചിരുന്നു. ചെക്ക് പരിശോധിച്ചപ്പോൾ ഈ രണ്ടുലക്ഷം ഏരിയാ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് പോയതായി കണ്ടെത്തി. പാർട്ടി ഏരിയാ കമ്മിറ്റിയുടെ കെട്ടിട നിർമാണത്തിന് 40 ലക്ഷം രൂപ ഉപയോ​ഗിച്ചുവെന്നാണ് പറയുന്നത്. എന്നാൽ കെട്ടിടപണിക്ക് ഈ ഫണ്ട് ഉപയോ​ഗിക്കേണ്ട കാര്യമില്ലായിരുന്നു. അതിനുള്ള ഫണ്ട് അവിടെയുണ്ടായിരുന്നു. ധൻരാജിൻ്റെ കടബാധ്യത നിലനിൽക്കുമ്പോഴാണ് 40 ലക്ഷം രൂപ കാണാതായെന്നും മാധ്യമങ്ങളിൽ വാർത്ത വന്നതോടെ ധൻരാജിൻ്റെ കടബാധ്യത പാർട്ടി അടച്ചുതീർത്തുവെന്നും വി കുഞ്ഞികൃഷ്ണൻ പറയുന്നു. 

ഇതിൻ്റെ തെളിവ് അടക്കം പാർട്ടിക്ക് മുന്നിൽ വെച്ചു. എന്നാൽ നടപടിയെടുക്കാതെ തട്ടിപ്പ് മൂടിവെക്കുകയാണ് ചെയ്തത്. ഇ പി ജയരാജന്‍റെ അനധികൃത ഇടപാടുകളെ കുറിച്ച് ജില്ലാ കമ്മിറ്റിയിൽ ഉന്നയിച്ചു. ആരോപണം പാര്‍ട്ടി പരിശോധിച്ചില്ല. തന്നെ ശാസിച്ച് നിശബ്ദനാക്കാൻ നോക്കുകയായിരുന്നു. പാര്‍ട്ടിക്കുള്ളിൽ പൊരുതി തോറ്റിട്ടാണ് അണികളോടുള്ള തൻ്റെ തുറന്നുപറച്ചിൽ. പാര്‍ട്ടിയെ അണികള്‍ തിരുത്തട്ടേ. പയ്യന്നൂരിലെ ധൻരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെ കുറിച്ച് മുഖ്യമന്ത്രിക്കും അറിയാം. എംവി ഗോവിന്ദനും കൊടിയേരി ബാലകൃഷ്ണനും തെളിവടക്കം കൈമാറിയെങ്കിലും കാര്യമുണ്ടായില്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിഎം സ്വാനിധി പദ്ധതിയിൽ കേരളവുമെന്ന് മോദി, ചെറുകിട വ്യാപാരികളെ ഉൾപ്പെടുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
വിലക്കുറവും കോർപ്പറേറ്റ് റീട്ടെയിൽ വിൽപ്പനശാലകളോട് കിടപിടിക്കുന്ന സൗകര്യങ്ങളും; സപ്ലൈകോ സിഗ്‌നേച്ചർ മാർട്ടുകൾ എല്ലാ ജില്ലകളിലേക്കും