മാസപ്പടി കേസിൽ വീണയ്ക്ക് താല്‍ക്കാലിക ആശ്വാസം; വെള്ളിയാഴ്ച വരെ ഇഡി നോട്ടീസ് അയക്കില്ല, ഹൈക്കോടതി ഉത്തരവിന് കാത്തിരിക്കാൻ തീരുമാനം

Published : Jun 02, 2026, 12:28 PM IST
Veena Vijayan

Synopsis

മാസപ്പടി കേസിൽ വീണ വിജയന് താൽക്കാലികാശ്വാസം. വെള്ളിയാഴ്ചത്തെ ഹൈക്കോടതി വിധിക്ക് ശേഷം തുടർനടപടികൾ മതിയെന്നാണ് തീരുമാനം. അന്തിമ ഉത്തരവ് അനുകൂലമെങ്കില്‍ വേഗത്തില്‍ തുടര്‍ നീക്കങ്ങളുണ്ടാകുമെന്നും ഇഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

കൊച്ചി: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണയ്ക്ക് വെള്ളിയാഴ്ച വരെ നോട്ടീസ് അയക്കില്ലെന്ന് ഇഡി. വീണ ടിയ്ക്കെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ അന്തിമ വിധി വന്ന ശേഷം മതിയെന്നാണ് ഇഡിയുടെ തീരുമാനം. അതേസമയം, പിണറായിയുടെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ സിപിഎം ആക്രമണവുമായി ബന്ധപ്പെട്ട കേസ് കടുപ്പിക്കാനും ഇഡി നടപടി തുടങ്ങി. സിപിഎം പ്രവര്‍ത്തകര്‍ക്ക് പുറമേ സ്ഥലത്തുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കളെയും കേസില്‍ പ്രതികളാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ഇഡി തയാറെടുക്കുന്നത്.

വീണയ്ക്ക് സമന്‍സ് അയക്കാനും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും ഇഡിക്ക് നിലവില്‍ നിയമതടസമില്ല. എങ്കിലും തിടുക്കം വേണ്ടെന്ന ധാരണയിലേക്കാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എത്തിയിരിക്കുന്നത്. ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ കമ്പനി നല്‍കിയ ഹര്‍ജിയില്‍ വെള്ളിയാഴ്ചയാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ് വരിക. അന്തിമ ഉത്തരവ് അനുകൂലമെങ്കില്‍ വേഗത്തില്‍ തുടര്‍ നീക്കങ്ങളുണ്ടാകുമെന്നും ഇഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

അന്വേഷണം ഒരു വഴിക്ക് മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ തന്നെയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസ് കടുപ്പിക്കാനുമുള്ള ഇഡി നീക്കം. പിണറായിയുടെ വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നിലവില്‍ താഴെ തട്ടിലെ സിപിഎം പ്രവര്‍ത്തകര്‍ മാത്രമാണ് പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കളും എംപിമാരും എംഎല്‍എമാരും സ്ഥലത്ത് ഉണ്ടായിരുന്നെന്നും അക്രമത്തിലേക്ക് നയിച്ച സാഹചര്യങ്ങളില്‍ ഇവര്‍ക്കും പങ്കുണ്ടെന്നുമുള്ള വാദമാണ് ഇഡി ഉന്നയിക്കുന്നത്. ഇപ്പോള്‍ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതിയില്‍ വരുമ്പോള്‍ കക്ഷി ചേരാനാണ് ഇഡി ആലോചന. ഇതിന് മുന്നോടിയായി അക്രമവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ശേഖരിക്കുന്നതടക്കമുള്ള നടപടികള്‍ ഇഡി തുടങ്ങുകയും ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഷാനിമോൾ മകളെ പോലെ, 'ചുണക്കുട്ടി' ബിന്ദു കൃഷ്ണ മന്ത്രി, കുടുംബമില്ലാത്ത എനിക്ക് സ്നേഹം പകരുന്നത് ഇവർ'; ചെറിയാൻ ഫിലിപ്പ്
വഴിയരികിൽ ഇട്ടിരുന്ന കാർ ഉടമ അറിയാതെ ആക്രി വിലക്ക് വിറ്റ് 21കാരൻ, സംഭവം മലപ്പുറത്ത്