
കൊച്ചി: സിഎംആർഎൽ മാസപ്പടിക്കേസിൽ പിണറായി വിജയന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പിണറായിക്കെതിരെ വിജിലൻസ് കേസെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. അന്വേഷണം തടയുകയും എഫ്ഐആറിലെ തുടർനടപടികൾ നിർത്തിവെക്കാനും കോടതി നിർദേശിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പിണറായി കോടതിയെ സമീപിച്ചത്. നവംബർ 25ന് വാദം തുടങ്ങും. സിംഗിള്‍ ബെഞ്ച് വിധിയിലെ നിയമപ്രശ്‌നങ്ങള്‍ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. നാലാഴ്ചയ്ക്കകം ഇഡിയും വിജിലന്‍സും മറുപടി നല്‍കണമെന്നും നാലാഴ്ചയ്ക്ക് ശേഷം ഡിവിഷന്‍ ബെഞ്ച് വിശദവാദം കേള്‍ക്കുമെന്നും അറിയിച്ചു. എഫ്ഐആറിലെ തുടർ നടപടികളും മരവിപ്പിച്ചു. [4:10 pm, ഇഡി അന്വേഷണം ഉള്‍പ്പെടെ, സിംഗിൾ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ തുടർനടപടിയും തടഞ്ഞു.
കേസ് പരിഗണിച്ച സമയം മുതൽ സിംഗിൾ ബെഞ്ച് ഉത്തരവിൽ വരെ നിരവധി പിഴവുകളുണ്ടെന്നും വിധി സ്റ്റേ ചെയ്ത് അപ്പീൽ ഫയലിൽ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഹാജരായ സിദ്ധാർത്ഥ് ലൂത്ര വാദിച്ചു. ഇഡിയിൽ നിന്ന് വിവരം ലഭിച്ചപ്പോൾ അതിൽ പ്രാഥമിക അന്വേഷണം നടത്താനാണ് സർക്കാർ തീരുമാനിച്ചതെന്നും പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം തുടരുമ്പോൾ രണ്ടു ദിവസത്തിനകം ഹർജിക്കാരനായ കെ.എം. ഷാജഹാൻ കോടതിയെ സമീപിച്ചത് സിംഗിൾ ബെഞ്ചിന്റെ അപക്വമായ ഇടപെടലിലേക്കും പ്രതിസന്ധികളിലേക്കും വഴിതുറന്നുവെന്നും സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ വ്യക്തമാക്കി. ഇഡി നൽകിയ മുദ്രവെച്ച കത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ ഇടാൻ സിംഗിൾ ബെഞ്ച് പറഞ്ഞതിനെ ചോദ്യം ചെയ്ത സർക്കാർ, എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഉത്തരവ് അംഗീകരിക്കുന്നില്ലെങ്കിലും എഫ്ഐആർ ഇട്ട സ്ഥിതിക്ക് ഇനി അന്വേഷണത്തിൽ ഇടപെടരുതെന്നും ആവശ്യപ്പെട്ടു. പ്രാഥമികാന്വേഷണം നടത്താനായിരുന്നു സംസ്ഥാന സർക്കാരിൻ്റെ നിലപാട്. ഞങ്ങൾക്ക് ആകെ ലഭിച്ചത് ഇഡിയുടെ ഒരു കത്ത് മാത്രമാണ്. തെളിവുകൾ എന്താണെന്ന് അറിയാൻ ശ്രമിച്ചു. ഇഡി മുഴുവൻ സാധന സാമഗ്രികളും മുദ്രവെച്ച കവറിലാണ് നൽകിയത്. അതനുസരിച്ച് എഫ്ഐആർ ഇടാൻ സിംഗിൾ ബെഞ്ച് പറഞ്ഞു. അത് ശരിയാണോയെന്നും സർക്കാർ ചോദിച്ചു.
എന്നാൽ, സുപ്രീംകോടതി അപ്പീലിന് അനുമതി നൽകുക മാത്രമാണ് ചെയ്തതെന്നും ഇസിഐആറിനും എഫ്ഐആറിനും സ്റ്റേയില്ലെന്നും കേന്ദ്രവും ഇഡിയും ചൂണ്ടിക്കാട്ടി. അന്വേഷണത്തിൽ സാമ്പത്തിക ഇടപാടുകളുടെ തെളിവുകളുള്ള ഡയറി ലഭിച്ചിട്ടുണ്ടെന്നും അതിൽ മുൻ മുഖ്യമന്ത്രിയുടെയും മുൻ മന്ത്രിയുടെ ഭാര്യയുടെയും പേരുകളുണ്ടെന്നും ഇഡി വ്യക്തമാക്കി. പിസി ആക്ട് പ്രകാരം കേസ് എടുക്കാൻ കഴിയാത്തതിനാലാണ് PMLA 66(2) പ്രകാരം ഡിജിപിക്ക് കത്ത് നൽകിയതെന്ന് വ്യക്തമാക്കിയ കേന്ദ്രം, അപ്പീലിൽ വാദം കേൾക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യരുതെന്നും കോടതിയോട് ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam