
കൊച്ചി: മാസപ്പടി കേസിൽ പിണറായി വിജയനെയും മകൾ വീണയെയും കരുക്കിലാക്കി സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ നിർണായക മൊഴി പുറത്ത്. പിണറായി വിജയന്‍റെ മകൾ ആയത് കൊണ്ടാണ് വീണയെ ഐടി സേവനത്തിനായി തെരഞ്ഞെടുത്തതെന്നും വീണയുടെ കമ്പനി പ്രത്യേക സേവനമൊന്നും നൽകിയില്ലെന്നും ശശിധരൻ കർത്ത മൊഴി നൽകി. കർത്തയുടെ മൊഴി വീണയും സ്ഥിരീകരിച്ചെന്നും ഇഡിയുടെ കണ്ടെത്തലിലുണ്ട്. എക്സാലോജിക്കിന് പുറമെ കോഴിക്കോട് ആസ്ഥാനമായ ലേക്കർ ഇന്ത്യ കോർപ്പ് എന്ന കമ്പനിയിലും വീണയ്ക്ക് പാർട്ണർഷിപ്പുള്ളതിന്‍റെ വിവരങ്ങളും ഇഡിയ്ക്ക് ലഭിച്ചു.
മാസപ്പടി കേസിൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടികൾക്കായി അജ്യുഡിക്കേറ്റിംഗ് അതോറിറ്റിയ്ക്ക് ഇഡി നൽകിയ 21 പേജ് റിപ്പോർട്ടിലാണ് ഗുരുതരമായ മൊഴിയും തെളിവുകളുമുള്ളത്. എക്സാലോജിക്ക് പ്രത്യേക സേവനമൊന്നും കരിമണൽ കമ്പനിയ്ക്ക് നൽകിയില്ലെന്ന് വിവിധ ഏജൻസികൾ കണ്ടെത്തിയതാണ്. എന്നാൽ 2.78 ലക്ഷം രൂപ നൽകിയതിന്‍റഎ യഥാർത്ഥ കാരണം പിണറായി വിജയനുമായുള്ള വ്യക്തി ബന്ധം തന്നെയെന്ന് സമ്മതിക്കുകയാണ് ശശിധരൻ കർത്ത. 2024 ഏപ്രിൽ 17 ന് എടുത്ത മൊഴിയിലാണ് കർത്തയുടെ കുറ്റസമ്മതം. ഇക്കാര്യം പിനനീട് വീണയുടെ ചോദ്യം ചെയ്യലിലും വീണ സമ്മതിച്ചതായും ഇഡി വ്യക്തമാക്കുന്നു. ഇതോടെ കേസിൽ ഇരുവർക്കുമുള്ള കരുക്ക് മുറുകുമെന്ന് ഉറപ്പാണ്.
എക്സാലോജിക്ക് ആണ് വീണയുടെ ഉടമസ്ഥതയിലുള്ള കമ്പനിയെന്നായിരുന്നു ഇതുവരെ പുറത്ത് വന്ന വിവരം. എന്നാൽ കോഴിക്കോട് ആസ്ഥാനമായ ലേക്കർ ഇന്ത്യ കോർപ്പ് എന്ന കമ്പനിയിൽ വീണയ്ക്ക് പാർട്ണര്‍ഷിപ്പ് ഉണ്ടെന്ന് ഇഡി കണ്ടെത്തി. പിണറായിയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് കമ്പനിയുടെ രേഖകൾ ലഭിച്ചത്. വീണയുടെ ഐ ഫോൺ പ്രോ മാക്സ് നേരത്തെ ഇഡി കസ്റ്റഡിയിലെടുത്തിരുന്നു. ഈ ഫോണിലൂടെയാണ് കരിമണൽ കമ്പനി എംഡിയുമായുള്ള വീണയുടെ ഇടപാടുകൾ എന്ന് ഇഡി വ്യക്തമാക്കുന്നു.
ഐടി സേവനങ്ങളെക്കുറിച്ചല്ല മറിച്ച് പണമിടപാട് മാത്രമാണ് ഇ മെയിൽ വഴിയുള്ള സംഭാഷണങ്ങളിലുള്ളതെന്ന് ഇഡി കണ്ടെത്തി. ഫോണിൽ നിന്ന് ഐടി സേവനത്തിലുള്ള വ്യാജ കരാർ രേഖയും ഒപ്പം പണമിടപാടിനായി വീണ നിർമ്മിച്ച് ഇൻവോയ്സുകളും കിട്ടിയിട്ടുണ്ട്. ഐ ഫോൺ വഴി വീണ സ്വന്തമായാണ് ചെയ്യാത്ത സേവനത്തിന് പണം വാങ്ങാനുള്ള ഇൻവോയ്സ് നിർമ്മിച്ചത്. വീണയുടെ കമ്പനിയെ ഒഴിവാക്കി സിഎംആർഎൽ പിന്നീട് ആറ്റ്ന ടെക്നോളജീസ് എന്ന സ്ഥാപനത്തിന് ഐടി കരാർ നൽകി. എന്നാാൽ ഈ കമ്പനി വളരെക്കുറഞ്ഞ തുകയ്ക്ക് സേവനം നൽകിയത് വീണയ്ക്ക് നൽകിയ പണം ഐടി സേവനത്തിന് അല്ലായിരുന്നുവെന്നതിന്‍റെ തെളിവെന്നും ഇഡി റിപ്പോർട്ടിലുണ്ട്. മാസപ്പടിയിൽ നിർണയക ഘട്ടത്തിലുള്ള അന്വേഷണം പിണറായി വിജയനെതിരെയും നീങ്ങുന്നു എന്നതിന്‍റെ സൂചനയാണ് റിപ്പോർട്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam