
തിരുവനന്തപുരം: മാസപ്പടി-ഹവാല ആരോപണങ്ങളിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുക്കും. തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റായിരിക്കും കേസെടുക്കുക. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാകും വിജിലൻസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. തിങ്കളാഴ്‌ച എഫ്ഐആര്‍ രജിസ്റ്റർ ചെയ്യും എന്നാണ് വിവരം. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് ഇന്നലെ വിജിലൻസ് ഡയറക്ടറേറ്റിൽ ലഭിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് വിജിലൻസ് ഡയറക്ടറേറ്റ് പരിശോധിക്കുകയാണ്. ക്രൈംബ്രാഞ്ച് ഇതേവരെയുളള അന്വേഷണ രേഖകൾ വിജിലൻസിന് കൈമാറിയിട്ടുണ്ട്.
മാസപ്പടിയിൽ കേസെടുക്കമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീൽ നല്‍കില്ല. കോടതി നിര്‍ദേശം അനുസരിച്ച് അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസെടുക്കും. ഉത്തരവ് അനുസരിക്കുമെന്നും സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിച്ചില്ലെന്നും മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു. പ്രാഥമികാന്വേഷണത്തിന് എസ്ഐടി രൂപീകരിച്ചത് റദ്ദാക്കിയത് ഉള്‍പ്പെടെ സര്‍ക്കാരിനും കേസെടുക്കാൻ കോടതി ഉത്തരവിട്ടത് എൽഡിഎഫിനും തിരിച്ചടിയാണ്. ഇഡി സമർപ്പിച്ച വിവരങ്ങളിൽ കേസെടുക്കുന്നതിന് മതിയായ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അഴിമതിക്ക് വ്യക്തമായ തെളിവുകളുണ്ടായിട്ടും കേസെടുത്ത് മുന്നോട്ട് പോകുന്നതിന് പകരം ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി ഉത്തരവിലുണ്ട്. എസ്ഐടി രൂപീകരണം നിയവിരുദ്ധമെന്ന ഹൈക്കോടതി നിരീക്ഷണം സംസ്ഥാനസർക്കാരിനും വലിയ തിരിച്ചടിയാണ്. കാലതാമസമില്ലാതെ അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam