മലപ്പുറത്ത് യുവാക്കളെ ആൾക്കൂട്ടം മർ​ദ്ദിച്ച സംഭവം; ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും

By Web TeamFirst Published Sep 18, 2019, 7:29 AM IST
Highlights

യുവാക്കളെ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 46 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരിൽ തിരിച്ചറിഞ്ഞവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. 

മലപ്പുറം: കൊണ്ടോട്ടി ഓമാനൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാക്കളെ ആൾക്കൂട്ടം മര്‍ദിച്ച സംഭവത്തില്‍ ഇന്ന് കൂടുതൽ അറസ്റ്റുണ്ടാവുമെന്ന് പൊലീസ്. കേസിൽ ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത മൂന്ന് പേരെ മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഓമനൂർ സ്വദേശികളായ ഫൈസൽ, മുത്തസ് ഖാൻ, ദുൽഫിക്കറലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

യുവാക്കളെ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 46 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരിൽ തിരിച്ചറിഞ്ഞവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി വരികയാണെന്ന് പൊലീസ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതും പൊലീസ് പകർത്തിയതുമടക്കം അമ്പതോളം വീഡിയോകളാണ് കേസന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചത്. വാഴക്കാട് സ്വദേശി ചീരോത്ത് റഹ്മത്ത്, കൊണ്ടോട്ടി സ്വദേശി സഫറുള്ള എന്നിവരെയാണ് നാട്ടുകാർ ക്രൂരമായി മർദ്ദിച്ചത്. ഇരുവരും ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കാർ യാത്രക്കാരായ രണ്ട് പേർ തന്നെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന് വിദ്യാർത്ഥി നാട്ടുകാരോട് പരാതിപ്പെട്ടതാണ് സംഭവത്തിന്‍റെ തുടക്കം. ഇതോടെ കാർ തടഞ്ഞു വച്ച് യുവാക്കളെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. എന്നാൽ, പൊലീസെത്തി കുട്ടിയെ ചോദ്യം ചെയ്തതോടെ സംഭവം വ്യാജമാണെന്ന് മനസിലായി. ഓണ പരീക്ഷയിൽ മാർക്ക് കുറയുമെന്ന് ഭയന്ന് രക്ഷിതാക്കളുടെ സഹതാപം നേടിയെടുക്കാനാണ് പത്താം ക്ലാസുകാരന്‍ നുണക്കഥ ചമച്ചത്. 
 

click me!