ചൂരൽമല പാലം തകർന്നു, മുണ്ടക്കൈയിലേക്കുള്ള വഴിയടഞ്ഞു, ഒറ്റപ്പെട്ട് അട്ടമലയും; വയനാട്ടിൽ രക്ഷാപ്രവർത്തനം ദുഷ്കരം

Published : Jul 30, 2024, 08:52 AM ISTUpdated : Jul 30, 2024, 10:14 AM IST
ചൂരൽമല പാലം തകർന്നു, മുണ്ടക്കൈയിലേക്കുള്ള വഴിയടഞ്ഞു, ഒറ്റപ്പെട്ട് അട്ടമലയും; വയനാട്ടിൽ രക്ഷാപ്രവർത്തനം ദുഷ്കരം

Synopsis

ഉരുൾപൊട്ടലിൽ വൻ നാശനഷ്ടമാണ് വയനാട്ടിൽ സംഭവിച്ചിരിക്കുന്നത്. ഇതുവരെ 19 പേരുടെ മരണം ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു.  മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയിൽ ഒലിച്ച് വന്ന 10 ഓളം മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.

കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ദുഷ്കകരമാകുന്നു. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.  മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലുമാണ്  വൻ ഉരുൾപൊട്ടലുണ്ടായത്. പുലർച്ചെ ഒരു മണിക്കു ശേഷം കനത്ത മഴയ്ക്കിടെ  ചൂരൽമല സ്കൂളിനു സമീപമാണ് ആദ്യം ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് മുണ്ടക്കൈയിൽ രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടാകുന്നത്.

ഉരുൾപൊട്ടലിൽ നാനൂറോളം വീടുകൾ ഒറ്റപ്പെട്ടതായാണ് പ്രാഥമിക വിവരം. മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകർന്നു. നിരവധി വാഹനങ്ങളാണ് ഒഴുകി പോയത്. മുണ്ടക്കൈ, അട്ടമല, ചൂരൽമല ഭാഗങ്ങളിലാണ് ഉരുൾപൊട്ടൽ വലിയ ദുരന്തം വിതച്ചത്. പലയിടത്തും റോഡടക്കം ഒലിച്ച് പോയിട്ടുണ്ട്.  നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ രക്ഷാ പ്രവർത്തനവും ദുഷ്കരമാവുകയാണ്.

മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ എത്രമാത്രം ബാധിച്ചെന്നത് ഇതുവരെ വിലയിരുത്താനായിട്ടില്ല. പൊലീസും ഫയര്‍ഫോഴ്‌സും ജനപ്രതിനിധികളും നിലവില്‍ ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്.

അതിനിടെ ചൂരൽമലയിലെ ഹോംസ്റ്റേയിൽ നിന്നും കാണാതായ രണ്ട് ഡോക്ടര്‍മാരിൽ ഒരാളെ പരിക്കുകളോടെ കണ്ടെത്തി. ചൂരൽ മല ഹോം സ്റ്റേയിൽ താമസിച്ചിരുന്ന ഡോക്ടർമാരാണ് അപകടത്തിൽപ്പെട്ടത്. ഒഡിഷ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഡോക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണാതായ ഒരു ഡോക്ടർക്കായി തെരച്ചിൽ തുടരുകയാണ്. അപകടം നടന്ന ഭാഗത്ത് നിരവധി ഹോം സ്റ്റേകളും റിസോർട്ടുകളും ഉണ്ട്. കനത്ത ഉരുൾപൊട്ടലിൽ വൻ നാശനഷ്ടമാണ് വയനാട്ടിൽ സംഭവിച്ചിരിക്കുന്നത്. ഇതുവരെ 19 പേരുടെ മരണം ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു.  മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയിൽ ഒലിച്ച് വന്ന 10 ഓളം മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. 

Read More :  Malayalam News Live: വയനാടിനെ നടുക്കി ഉരുൾ പൊട്ടൽ, മരണം 11 ആയി

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം