
കളമശ്ശേരി: ഓൺലൈൻ സൈബർ തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വിവിധ ജ്വല്ലറികളിൽ നിന്ന് സ്വർണക്കട്ടികൾ വാങ്ങി കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. മലപ്പുറം മഞ്ചേരി വയപ്പറപ്പടി അവുഞ്ഞിപ്പുറത്ത് വീട്ടിൽ കുഞ്ഞഹമ്മദിന്റെ മകൻ മുഹമ്മദ് ജിഹാദ് (24) നെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഇടപ്പള്ളി ടോൾ ജംഗ്ഷനിലുള്ള സ്വർണ്ണ വ്യാപാര സ്ഥാപനത്തിൽ നിന്ന് 400 ഗ്രാം സ്വർണവും 90 ഗ്രാം വെള്ളിയും വാങ്ങി 64 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയ കേസിലാണ് അറസ്റ്റ്. കേസ് രജിസ്റ്റർ ചെയ്ത് കേവലം 24 മണിക്കൂറിനുള്ളിൽ തന്നെ പോലീസിന് പ്രതിയെ വലയിലാക്കാൻ സാധിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ നടത്തുന്ന സൈബർ തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണം പ്രതി ബാങ്ക് അക്കൗണ്ടുകൾ വഴി ജ്വല്ലറികളിലേക്ക് ട്രാൻസ്ഫർ ചെയ്താണ് സ്വർണം വാങ്ങുന്നത്. എന്നാൽ ഇടപാട് ನಡೆഞ്ഞ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ സൈബർ സെല്ലിന്റെ നിർദേശപ്രകാരം ജ്വല്ലറികളുടെ ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്യപ്പെടും. ഇതോടെ ജ്വല്ലറികൾക്ക് തുക പിൻവലിക്കാൻ സാധിക്കാതെ വരികയും വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്യുന്നതാണ് ഇവരുടെ തട്ടിപ്പ് രീതി. മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയൊരു ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ജിഹാദ്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകാൻ പ്രതിയെ വരുംദിവസങ്ങളിൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.
കളമശ്ശേരി എസ്.എച്ച്.ഒ ബൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സനീഷ് ടി.എസ്, സുബീഷ് പി.പി, സാം ലെസ്‌ലി വൈ, എസ്.സി.പി.ഒ മാരായ കലേഷ്, സിജിൽ, വിനു, സി.പി.ഒ മാഹിൻ എന്നിവരും തൃക്കാക്കര സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ഷിബു, സുജിത്ത് എന്നിവരും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam