സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഇനി പ്രസവാവധി ആനുകൂല്യം

By Web TeamFirst Published Oct 16, 2019, 1:04 PM IST
Highlights

സംസ്ഥാന മന്ത്രിസഭാ തീരുമാനം അംഗീകരിച്ച് കേന്ദ്ര സർക്കാരും.സ്വകാര്യ വിദ്യാഭ്യാസ മേഖലയെ പ്രസവാനുകൂല്യ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം.

തിരുവനന്തപുരം: സംസ്ഥാനത്തെ അണ്‍ എയ്ഡഡ് മേഖലയിൽ അടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. രാജ്യത്ത് ആദ്യമാണ് ഇത്തരത്തിൽ പ്രസവാനുകൂല്യ നിയമത്തിന്റെ പരിധിയില്‍ അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 29 ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം തേടാന്‍ തീരുമാനിച്ചത്.

നിലവില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രസവ അവധി ആനൂകൂല്യത്തിന്റെ പരിധിയില്‍ ഇല്ല. സംസ്ഥാനത്ത് ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ സ്ത്രീ ജീവനക്കാരെ പ്രസവാനുകൂല്യ നിയമപരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തതും കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിനയച്ചതും. നിയമഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും.

പ്രസവാനുകൂല്യ നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്ന ജീവനക്കാര്‍ക്ക് 26 ആഴ്ച (ആറു മാസം) ശമ്പളത്തോടെയുള്ള അവധിയാണ് അനുവദിക്കുന്നത്. കൂടാതെ ചികിത്സാ ആവശ്യങ്ങള്‍ക്കായി തൊഴിലുടമ 1000 രൂപ അനുവദിക്കുകയും ചെയ്യും. നിയമത്തില്‍ പരിധിയില്‍ ഉള്‍പ്പെടുന്നതോടെ ഈ ആനുകൂല്യങ്ങളെല്ലാം സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും ലഭ്യമാകും.

അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക ജീവനക്കാര്‍ക്ക് മിനിമം വേതനം നിശ്ചയിച്ചുകൊണ്ടുള്ള ബില്ല് ഈ വരുന്ന നിയമസഭാ സമ്മേളനത്തില്‍ വിദ്യാഭ്യാസ വകുപ്പ് അവതരിപ്പിക്കാനിരിക്കെയാണ് ജീവനക്കാര്‍ക്ക് ഇരട്ടി മധുരമായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരെ പ്രസവാനുകൂല്യ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്ര അംഗീകാരം ലഭിച്ചിരിക്കുന്നത്.
 

click me!