മത്തായിയുടെ മരണം: ആരോപണ വിധേയരായ ഉദ്യോസ്ഥർക്ക് സസ്പെൻഷൻ

By Web TeamFirst Published Aug 3, 2020, 2:18 PM IST
Highlights

ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ രാജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ കെ പ്രദീപ് എന്നിവര്‍ക്കാണ് സസ്പെൻഷന്‍.  

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ മരണത്തിൽ ആരോപണ വിധേയരായ വനംവകുപ്പ് ഉദ്യോസ്ഥർക്ക് സസ്പെൻഷൻ. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ രാജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ കെ പ്രദീപ് എന്നിവര്‍ക്കെതിരെയാണ് നടപടി. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ ചേർത്തേക്കും എന്നാണ് സൂചന. അതേസമയം, വനം വകുപ്പ് രേഖകളിൽ കൃത്രിമം കാട്ടിയെന്ന തെളിവുകള്‍ പുറത്തുവന്നു. മൃതദേഹം ഇതുവരെ സംസ്കരിച്ചിട്ടില്ല.

മത്തായിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് പോയ ഉദ്യോഗസ്ഥർ ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ നൽകിയ മൊഴികളിൽ ആകെ വൈരുദ്ധ്യമാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വനപാലകർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പ്രതിപ്പട്ടികയിൽ ചേർക്കുമെന്നുള്ള സൂചനകള്‍ പുറത്ത് വന്നിരിക്കുന്നത്.

Latest Videos

ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ജി‍ഡി അടക്കമുള്ള രേഖകളിൽ തിരിമറി നടത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. തൊട്ടടുത്ത ഗുരുനാഥൻമൺ ഫോറസ്റ്റ് രണ്ട് ഉദ്യോഗസ്ഥാരാണ് രേഖകൾ തിരുത്താൻ ഉദ്യോഗസ്ഥരെ സഹായിച്ചത്. സംഭവ ദിവസം രാത്രിയിൽ ഇരുചക്ര വാഹനത്തിൽ ചിറ്റാറിൽ എത്തിയ ഇവർ വടശ്ശേരിക്കരയിലെ വനം വകുപ്പ് ഗസ്റ്റ് ഹൗസിലെത്തിച്ചാണ് രേഖകൾ തിരുത്തിയത്. ശേഷം പുലർച്ചെ മൂന്ന് മണിക്ക് ‍ജിഡി തിരികെ ചിറ്റാ‌ർ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചു.

നടപടികൾക്ക് നിർദേശം നൽകിയത് റെയ്ഞ്ച് ഓഫീസറും ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറുമാണ്. ഡിഎഫ്ഒയുടെ പ്രത്യേക അനുമതി ഇല്ലാതെ ജിഡി സ്റ്റേഷന് പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ലെന്ന നിയമമാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. മത്തായി മരിച്ച ദിവസം രാത്രി ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ കരികുളം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റിയതും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തടെയാണ്. ഇതിനിടെ മത്തായിയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കോൺഗ്രസ് ഏറ്റെടുത്തിട്ടുണ്ട്. നാളെ മുതൽ കോൺഗ്രസ് നേതൃത്വത്തിൽ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ റിലേ ഉപവാസം സമരവും തുടങ്ങും.

click me!