
പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിൽ മരിച്ച യുവാവിന്‍റെ മൃതദേഹം സംസ്കരിക്കാതെ ബന്ധുക്കളുടെ പ്രതിഷേധം തുടരുന്നു. മരണം നടന്ന് 14 ദിവസം കഴിഞ്ഞിട്ടും മൃതദേഹം സംസ്കരിക്കാതെയുള്ള പ്രതിഷേധം സംസ്ഥാന ചരിത്രത്തിലെ തന്നെ അപൂർവതയാണ്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കുടുംബം
മോർച്ചറിയുടെ തണുപ്പിൽ നീതിയുടെ ചൂട് കാത്ത് കിടക്കുകയാണ് മത്തായിയെന്ന പ്രിയപ്പെട്ടവരുടെ പൊന്നുമോൻ. കഴിഞ്ഞ മാസം 28നാണ് മത്തായിയെ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ സ്വന്തം ഫാമിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അടിമുടി ചട്ടലംഘനം നിറഞ്ഞ കസ്റ്റഡിയും തുടർന്നുള്ള മരണവും രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ വാങ്ങിക്കൊടുത്തു. എന്നാൽ ചട്ടങ്ങൾ ലംഘിക്കപ്പെട്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പ്രാഥമിക റിപ്പോർട്ട് നൽകിയ കേസിൽ പ്രതികളായ വനപാലകരെ കസ്റ്റഡിയിലെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഭാര്യയും രണ്ട് മക്കളും പ്രായമായ അമ്മയും വിധവയായ സഹോദരിയും മക്കളും അരയ്ക്ക് താഴെ തളർന്ന സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മത്തായി.
സംസ്കാരം നടത്തുന്ന കാര്യത്തിൽ ജനപ്രതിനിധികളുടേയും പൊലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാഗങ്ങളുടേയും സംയുക്തയോഗം ജില്ലാ ഭരണകൂടം വിളിച്ചങ്കിലും തീരുമാനമുണ്ടായില്ല. മരിച്ചയാൾ കസ്റ്റഡിയിലായിരുന്നെന്ന് സ്ഥാപിക്കാൻ വേണ്ട തെളിവുകൾ കിട്ടിയില്ലെന്ന വാദം പൊലീസ് ഉയർത്തിയതോടെയാണ് കുടുംബം നിലപാട് കടുപ്പിച്ചത്. മോർച്ചറിയിൽ സൂക്ഷിച്ച ശരീരത്തെക്കുറിച്ചുള്ള ആശങ്കയിൽ നീറിയാണ് കഴിയുന്നതെങ്കിൽ ഉചിതമായ യാത്ര അയപ്പിന് നീതി വേണമെന്ന് കുടുംബം ആവർത്തിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam