വിലങ്ങാട് ഉരുൾപൊട്ടൽ: കാണാതായ അധ്യാപകൻ മാത്യുവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

Published : Aug 01, 2024, 12:00 PM IST
വിലങ്ങാട് ഉരുൾപൊട്ടൽ: കാണാതായ അധ്യാപകൻ മാത്യുവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

Synopsis

തുടർച്ചയായ ദിവസങ്ങളിലെ ഉരുൾ പൊട്ടലിൽ ആശങ്കയിലാണ് കോഴിക്കോട് വിലങ്ങാട് പ്രദേശം. രണ്ട് ദിവസത്തിനിടെ 10 തവണ ഇവിടെ ഉരുൾ പൊട്ടി

കോഴിക്കോട്: വിലങ്ങാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ കാണാതായ റിട്ടയേ‍ർഡ് അധ്യാപകൻ മാത്യു എന്ന മത്തായി (60) മരിച്ചു. മൃതദേഹം അപകട സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെ പുഴയിൽ നിന്ന് കണ്ടെത്തി. ലോഡിംഗ് തൊഴിലാളികളും റസ്‌ക്യൂ ടീം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രാത്രിയാണ് കോഴിക്കോടിൻ്റെ വടക്കൻ മേഖലയിൽ ഉരുൾ പൊട്ടൽ ഉണ്ടായത്. വാണിമേൽ പഞ്ചായത്തിലെ വിലങ്ങാടും സമീപ സ്ഥലങ്ങളായ അടിച്ചിപ്പാറ, മഞ്ഞച്ചീളി, കുറ്റല്ലൂർ, പന്നിയേരി മേഖലകളിൽ തുടർച്ചായി 9 തവണ ഉരുൾപൊട്ടി. മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴയിലൂടെ മലവെള്ള പാച്ചിലിൽ വലിയ പാറകല്ലുകളും മരങ്ങളും ഒഴുകി വന്നു.  തീരത്തെ 12 വീടുകൾ ഒലിച്ചു പോയി. നിരവധി വാഹനങ്ങളും തക‍ർന്നിരുന്നു.

ഉരുൾപൊട്ടുന്ന ശബ്ദം കേട്ട് നാട്ടുകാരെ സഹായിക്കാൻ ഇറങ്ങിയതായിരുന്നു കുളത്തിങ്കൽ മാത്യു എന്ന മത്തായി. അപകടത്തിൽ പുഴ കടന്നു പോകുന്ന അഞ്ച് കിലോമീറ്റർ നീളത്തിൽ വ്യാപക നാശനഷ്ടം ഉണ്ടായി. വിലങ്ങാട് ടൗണിൽ കടകളിൽ വെള്ളം കയറി. നിരവധി കടകളും രണ്ട് പാലങ്ങളും തകർന്നു. ഇതോടെ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായി. ദേശീയ ദുരന്ത നിവാരണ സേനയും ഫയർ ഫോഴ്സും സ്ഥലത്തെത്തി തുടർ നടപടികൾക്ക് നേതൃത്വം നൽകി. 

തുടർച്ചയായ ദിവസങ്ങളിലെ ഉരുൾ പൊട്ടലിൽ ആശങ്കയിലാണ് കോഴിക്കോട് വിലങ്ങാട് പ്രദേശം. രണ്ട് ദിവസത്തിനിടെ 10 തവണ ഇവിടെ ഉരുൾ പൊട്ടി. ഇന്നലെ വൈകീട്ട് അടിച്ചി പാറയിലാണ് വീണ്ടും ഉരുൾ പൊട്ടിയത്. പ്രദേശവാസികൾ വിലങ്ങാട് മേഖലയിൽ വാട്സാപ്പിലൂടെ മുന്നറിയിപ്പ് നൽകിയതിനാൽ ആളപായം ഒഴിവായി. സന്ദർശനത്തിന് എത്തിയ കലക്ടർ സ്നേഹിൽ കുമാർ അടക്കമുള്ളവർ പ്രദേശത്ത് അര മണിക്കൂറോളം കുടുങ്ങി. രക്ഷാ പ്രവർത്തകർ എത്തി ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തകർന്ന റോഡുകളും പാലങ്ങളും അറ്റകുറ്റ പണി നടത്തി നന്നാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റെയിൽവേ അവ​ഗണിച്ചപ്പോൾ മലയാളികളെ ചേർത്തുപിടിച്ച് കെഎസ്ആർടിസിയും കർണാടക ട്രാൻസ്പോർട്ടും, ക്രിസ്മസ് അവധിക്ക് നാട്ടിലെത്താൻ പെടാപാട്
എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ