
ആലപ്പുഴ: കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണം നിഷേധിച്ച് മാത്യു ടി തോമസ്. ഒരു അഴിമതിയും നടത്തിയിട്ടില്ലെന്നും തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകൾ തുറക്കാൻ വൈകിയിട്ടില്ലെന്നും മാത്യു ടി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൃഷ്ണൻ കുട്ടി അങ്ങനെ പറയുമെന്ന് കരുതുന്നില്ല. എല്ലാം സഭയിൽ കൃത്യമായി അന്നേ വ്യക്തമാക്കിയതാണെന്നും മാത്യു ടി തോമസ് വ്യക്തമാക്കി. പ്രളയം മനുഷ്യനിർമിതമാണെന്നും തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് കരിമണൽ ലോബിക്ക് വേണ്ടിയായിരുന്നു എന്നുമാണ് മാത്യു കുഴൽനാടൻ്റെ ആരോപണം.
മേരി മാത കമ്പനി എന്നും ശത്രു പക്ഷത്താണെന്നും അവർ ആവശ്യപ്പെട്ടത് ഒന്നും ചെയ്ത് നൽകിയിട്ടില്ലെന്നും മാത്യു ടി തോമസ് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെ പ്രചരണം നടത്തിയവരാണ് മേരിമാത. തെരഞ്ഞെടുപ്പിന്റെ തലേ ദിവസം വെടി പൊട്ടിക്കുകയാണ്. ഇത് ജനം വിശ്വസിക്കില്ല. മാത്യു കുഴൽ നാടന്റേത് വിശ്വാസ്യത ഇല്ലാത്ത ആരോപണമാണ്. തന്നെ കേരളീയർക്ക് അറിയാം. മാത്യു കുഴൽ നാടന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ഒരഴിമതിയും നടത്തിയിട്ടില്ലെന്നും മാത്യു ടി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യ നിര്‍മിതമായിരുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎല്‍എ. ആദ്യ പിണറായി മന്ത്രിസഭയിലെ മന്ത്രി ആയിരുന്ന മാത്യു ടി തോമസ് സ്വകാര്യ കമ്പനികൾക്ക് ലാഭം ഉണ്ടാക്കാൻ സംസ്ഥാനത്തെ കുരുതി കൊടുത്തെന്നാണ് മാത്യു കുഴൽ നാടന്‍റെ ആരോപണം. ആരോപണത്തിന് തെളിവായി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ടു. മാത്യു ടി തോമസ് തോട്ടപ്പള്ളി സ്പിൽവേ, സമയത്ത് തുറക്കാത്തത് കരിമണൽ കമ്പനിക്ക് ലാഭം ഉണ്ടാക്കാൻ വേണ്ടിയാണ് എന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. ഇത് പിന്നീട് ചെങ്ങന്നൂരിൽ പ്രളയത്തിന് അടക്കം കാരണമായെന്നും ആരോപണം.
ആദ്യ പിണറായി മന്ത്രിസഭയിലെ ജലസേചന മന്ത്രിയായിരുന്ന മാത്യു ടി തോമസ് മേരിമാതാ കണ്‍സ്ട്രക്ഷന്‍ എന്ന സ്വകാര്യ കമ്പനികൾക്ക് ലാഭം ഉണ്ടാക്കാൻ തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നത് ഒരു മാസം വൈകിപ്പിച്ചെന്നാണ് മാത്യു കുഴൽനാടൻ ആരോപിക്കുന്നത്. തെളിവായി കെ കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയും മാത്യു കുഴൽനാടൻ വാർത്ത സമ്മേളനത്തില്‍ പുറത്തുവിട്ടു. തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് മേരി മാതാ കൺസ്ട്രക്ഷൻ കമ്പനിക്ക് വേണ്ടിയാണെന്നും മാത്യു ടി. തോമസിന് ഇതിൽ പങ്കുണ്ടെന്നും കൃഷ്ണൻകുട്ടി ശബ്ദരേഖയില്‍ പറയുന്നു. കരിമണൽ ഒലിച്ച് പോകാതിരിക്കാനാണ് തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത്. ഇത് പിന്നീട് ചെങ്ങന്നൂരിൽ പ്രളയത്തിന് അടക്കം കാരണമായി. തോട്ടപ്പള്ളി സ്പിൽവേ തുറക്കാൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ആവശ്യപ്പെട്ടിട്ടും അനുമതി കൊടുത്തില്ലെന്നും ശബ്ദരേഖയിൽ കൃഷ്ണൻ കുട്ടി പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam