ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനി സാവരിയ കൊല്ലപ്പെട്ട സംഭവം ലൗ ജിഹാദാണെന്ന് വിശ്വഹിന്ദു പരിഷത്ത് ആരോപിച്ചു. പ്രതിയായ സദറുൾ അനം മതം മാറാൻ നിർബന്ധിച്ചെന്നും ഇതിന് വഴങ്ങാത്തതിനാലാണ് കൊലപാതകം നടത്തിയതെന്നും വിഎച്ച്പി വക്താവ് പറഞ്ഞു

ദില്ലി: ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ കൊല്ലപ്പെട്ട സംഭവം ലൗ ജിഹാദാണെന്ന് വിശ്വഹിന്ദു പരിഷത്ത് (വി എ ച്ച്പി) ആരോപിച്ചു. വിദ്യാർഥിനിയായ സാവരിയയെ പ്രതിയായ സദറുൾ അനം മതം മാറാൻ നിർബന്ധിച്ചതായി വ്യക്തമായിട്ടുണ്ടെന്നും, ഇതിന് വഴങ്ങാത്തതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും വി എച്ച് പി വക്താവ് വിനോദ് ബൻസാൽ ആരോപിച്ചു. സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസ്, വിദേശകാര്യ മന്ത്രാലയം, ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ്, ഇന്ത്യൻ എംബസി, ഗവർണർ എന്നിവർക്ക് മുന്നിൽ ആവശ്യം അറിയിച്ചെന്നും വി എച്ച് പി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പോസ്റ്റ്മോർട്ടം റിപ്പോർട്ട്

നേരത്തെ സാവരിയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. തലക്കേറ്റ ക്ഷതം തന്നെയാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. കുട്ടിയുടെ ശരീരമാസകലം മർദ്ദനമേറ്റിരുന്നുവെന്ന ബന്ധുക്കളുടെ ആരോപണവും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. സംഭവത്തിൽ ഉസ്ബസ്കിസ്ഥാനിലെ നിയമനടപടികൾ നിരീക്ഷിക്കുമെന്നും എന്തെങ്കിലും വീഴ്ച ഉണ്ടെങ്കിൽ BNSS 208 അനുസരിച്ച് ഇന്ത്യയിൽ കുറ്റവിചാരണയ്ക്കുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. സാവരിയയുടെ ശരീരത്തിലുടനീളം മർദനമേറ്റ മുറിവുകളും പാടുകളുമുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. അറസ്റ്റിലായ മലപ്പുറം പുലാമന്തോൾ സ്വദേശി സദറുൾ അനമിനെതിരെ ​ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. യുവതിയെ മതപരിവർത്തനത്തിന് യുവാവ് നിരന്തരം പ്രേരിപ്പിച്ചിട്ടും പെൺകുട്ടി അതിന് തയ്യാറായില്ലെന്നും സഹപാഠി അതിക്രൂരമായാണ് മർദിച്ചതെന്നും ബന്ധു പറഞ്ഞു. കാല് മുതൽ തല വരെ ചതവുകൾ ഉണ്ടായിരുന്നു. കൊലപാതക കാരണം എന്താണെന്ന് അറിയില്ലെന്നും ബന്ധു പറഞ്ഞു.നാട്ടിലെത്തിച്ച മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് തലയ്ക്കേറ്റ ക്ഷതമാണ് കൊലപാതക കാരണമെന്ന് വ്യക്തമായത്.