Latest Videos

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മുകേഷിന്‍റെ കുടുംബത്തിന് നഷ്​ടപരിഹാരം നൽകണം: കേരള പത്രപ്രവർത്തക യൂണിയൻ

By Web TeamFirst Published May 8, 2024, 6:50 PM IST
Highlights

നിരന്തരം ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ പൊറുതിമുട്ടിയ ജനങ്ങളുടെ ദുരിതം ചിത്രീകരിക്കുന്നതിന് ഇടയിലായിരുന്നു അപകടം

തിരുവനന്തപുരം: വാർത്താ റിപ്പോർട്ടിംഗിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാതൃഭൂമി ടിവി പാലക്കാട് ബ്യൂറോയിലെ വീഡിയോ ജേർണലിസ്റ്റ് എ വി മുകേഷിന്റെ ദാരുണാന്ത്യത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ അനുശോചിച്ചു. പുറമേയ്ക്ക് നോക്കുമ്പോൾ ലളിതമെന്ന് തോന്നുന്ന മാധ്യമ പ്രവർത്തകരുടെ തൊഴിൽ എത്രത്തോളം അപകടകരവും സാഹസികവുമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് മുകേഷിന്റെ വേർപാട്. പ്രകൃതിക്ഷോഭം മുതൽ യുദ്ധം വരെ തൊട്ടടുത്ത് നിന്ന് റിപ്പോർട്ട് ചെയ്യേണ്ടി വരുന്നവരാണ് മാധ്യമ പ്രവർത്തകർ.

നിരന്തരം ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ പൊറുതിമുട്ടിയ ജനങ്ങളുടെ ദുരിതം ചിത്രീകരിക്കുന്നതിന് ഇടയിലായിരുന്നു അപകടം. വീഡിയോ ജേർണലിസ്റ്റ്, എഴുത്തുകാരൻ എന്നീ നിലകളിൽ തന്റെ സർഗ പ്രതിഭ അടയാളപ്പെടുത്തിയ മാധ്യമ പ്രവർത്തകനെയാണ് 34-ാം വയസിൽ നഷ്ടമായത്.

ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ അതിജീവനത്തിനായി നിരന്തരം പോരാടേണ്ടി വരുന്ന സാധാരണ മനുഷ്യരുടെ അസാധാരണ ജീവിതകഥകൾ വരച്ചിട്ട 'അതിജീവനം' എന്ന കോളം മുകേഷിന്റെ ജീവിത ദർശനത്തിന്റെയും അടയാളപ്പെടുത്തൽ കൂടിയാണ്. തൊഴിലിനിടയിൽ ജീവൻ നഷ്​ടമായ മുകേഷ് കുടുംബത്തിന്റെ ഏക അത്താണി കൂടിയായിരുന്നു. ഈ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും സർക്കാരിനോട് അഭ്യർത്ഥിച്ചു. 

യാത്രക്കാരന്‍റെ പാന്‍റിനുള്ളിലെ ചെറിയ ബാഗ്, സംശയം തോന്നി തുറന്നു; ഞെട്ടൽ, കടത്താൻ ശ്രമിച്ചത് ചെറിയ പാമ്പുകളെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.

click me!