
തിരുവനന്തപുരം: ജീവനക്കാർക്ക് മെയ് മാസത്തെ ശമ്പളം നൽകാൻ കൂടുതൽ സർക്കാർ സഹായം തേടി കെഎസ്ആർടിസി (KSRTC). 65 കോടി ധനസഹായം ആവശ്യപ്പെട്ട് കെഎസ്ആർടിസി മാനേജ്മെന്റ് സർക്കാരിന് കത്ത് നൽകി. പതിവായി നൽകുന്ന 30 കോടിക്ക് പുറമെ 35 കോടി രൂപ കൂടി വേണമെന്നാണ് ആവശ്യം. ഏപ്രിൽ മാസത്തെ ശമ്പള വിതരണം (salary distribution) ഇന്നലയോടെ പൂർത്തിയായിയായിരുന്നു. സർക്കാർ അധികമായി 20 കോടി കൂടി നൽകിയതോടെയാണ് പ്രശ്ന പരിഹാരമായത്.
ഓവർ ഡ്രാഫ്റ്റും സർക്കാർ സഹായവും ചേർത്ത് 70 കോടി രൂപയുമായാണ് പോയ മാസത്തെ ശമ്പള വിതരണം കെഎസ്ആടിസി മാനേജ്മെന്റ് തുടങ്ങിയത്. ശമ്പള വിതരണം പൂർത്തിയാക്കാൻ ആറ് കോടി രൂപ വേണം. 800 ഓളം ഉന്നത ഉദ്യോഗസ്ഥർക്കാണ് ഏപ്രിൽ മാസത്തെ ശമ്പളം ഇനി നൽകാനുള്ളത്. ഇന്നത്തെയും നാളത്തെയും ദിവസ വരുമാനം ഉപയോഗിച്ച് ശമ്പള വിതരണം പൂർത്തിയാക്കാനാണ് തീരുമാനം. ഒരാഴ്ച കഴിഞ്ഞാൽ ഈ മാസത്തെ ശമ്പളം നൽകാനുള്ള തീയതിയാവും. ഏപ്രിൽ മാസത്തെക്കാൾ പ്രതിസന്ധിയാണ് തൊട്ടു മുന്നിലുള്ളത്. വരുമാനം കൊണ്ട് മാത്രം ശമ്പളം നൽകാനാവില്ല. 30 കോടിയിൽ കൂടുതൽ പ്രതീക്ഷിക്കേണ്ടെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയതാണ്. പക്ഷെ 65 കോടിയില്ലാതെ മുന്നോട്ട് നീങ്ങില്ലെന്നാണ് കെഎസ്ആർടിസി മാനേജ്മെൻറ് വ്യക്തമാക്കുന്നത്.
എന്നാൽ, എടുത്ത 50 കോടി തിരിച്ചടയ്ക്കാതെ ഓവർഡ്രാഫ്റ്റും കിട്ടില്ല. അതേസമയം, അഞ്ചാം തീയതി തന്നെ ശമ്പളം ലഭിക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് യൂണിയനുകൾ. ഇതടക്കമുള്ള ആവശ്യങ്ങളുമായി ആറാം തീയതി മുതൽ സിഐടിയു പ്രക്ഷോഭം തുടങ്ങും.
Also Read: തത്കാലം ആശ്വാസം, കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങി; എല്ലാ മാസവും ഇങ്ങനെ പറ്റില്ലെന്ന് ധനമന്ത്രി
വരുമാനത്തില്‍ 'കെ സ്വിഫ്റ്റ് സൂപ്പര്‍ഹിറ്റ്'; ഒരു മാസത്തെ കണക്ക് പുറത്ത് വിട്ട് സര്‍ക്കാര്‍
സംസ്ഥാന, അന്തർ-സംസ്ഥാന ദീർഘദൂര യാത്രകൾക്കായി സംസ്ഥാന സർക്കാർ സ്വപ്നപദ്ധതിയായി ആരംഭിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്‍റെ വരുമാനക്കണക്ക് പുറത്ത് വിട്ടു. ഒരു മാസം പിന്നിട്ടപ്പോൾ സ്വിഫ്റ്റിന്‍റെ വരുമാനം 3,01,62,808 രൂപയാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. 549 ബസുകൾ 55775 യാത്രക്കാരുമായി നടത്തിയ 1078 യാത്രകളിൽ നിന്നാണ് ഈ തുക ലഭിച്ചത്. ഒരു മാസം പിന്നിടുമ്പോൾ സ്വിഫ്റ്റ് ബസ് പദ്ധതി വൻ വിജയത്തോടെയാണ് മുന്നേറുന്നതെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.
എസി സീറ്റർ, നോൺ എസി സീറ്റർ, എസി സ്ലീപ്പർ എന്നീ വിഭാഗത്തിലുളള സ്വിഫ്റ്റ് ബസുകളാണ് സംസ്ഥാനത്തിന് പുറത്തും അകത്തും സർവീസ് നടത്തുന്നത്. നോൺ എസി വിഭാഗത്തിൽ 17 സർവീസും എസി സീറ്റർ വിഭാഗത്തിൽ അഞ്ച് സർവീസും, എസി സ്ലീപ്പർ വിഭാഗത്തിൽ നാല് സർവീസുകളുമാണ് ദിനംപ്രതിയുള്ളത്. കോഴിക്കോട്-ബംഗളൂരു രണ്ട് ട്രിപ്പും, കണിയാപുരം-ബംഗളൂരു, തിരുവനന്തപുരം-ബംഗളൂരു ഓരോ ട്രിപ്പുമാണ് സ്വിഫ്റ്റ് എസി സ്ലീപ്പർ ബസ് ഒരു ദിവസം ഓടുന്നത്. എസി സീറ്റർ വിഭാഗത്തിൽ കോഴിക്കോട്-ബംഗളൂരു, തിരുവനന്തപുരം-പാലക്കാട് രണ്ട് വീതം സർവീസും, പത്തനംതിട്ട-ബംഗളൂരു ഒരു സർവീസും നടത്തുന്നുണ്ട്.
നോൺ എസി വിഭാഗത്തിൽ തിരുവനന്തപുരം-കോഴിക്കോട് മൂന്ന്, തിരുവനന്തപുരം-കണ്ണൂർ ഒന്ന്, നിലമ്പൂർ-ബംഗളൂരു ഒന്ന്, തിരുവനന്തപുരം-പാലക്കാട് ഒന്ന്, തിരുവനന്തപുരം-നിലമ്പൂർ ഒന്ന്, തിരുവനന്തപുരം-സുൽത്താൻബത്തേരി രണ്ട്, പത്തനംതിട്ട-മൈസൂർ ഒന്ന്, പത്തനംതിട്ട-മംഗലാപുരം ഒന്ന്, പാലക്കാട്-ബംഗളൂരു ഒന്ന്, കണ്ണൂർ-ബംഗളൂരു ഒന്ന്, കൊട്ടാരക്കര-കൊല്ലൂർ ഒന്ന്, തലശ്ശേരി-ബംഗളൂരു ഒന്ന്, എറണാകുളം-കൊല്ലൂർ ഒന്ന്, തിരുവനന്തപുരം-മണ്ണാർക്കാട് ഒന്ന് എന്നിങ്ങനെ 17 സർവീസാണ് സ്വിഫ്റ്റ് ബസ് ഒരു ദിവസം നടത്തുന്നത്. സീസൺ സമയങ്ങളിൽ യാത്രക്കാരുടെ തിരക്ക് ബുദ്ധിമുട്ട് ഒഴിവാക്കാൻ കൂടുതൽ എണ്ണം സ്വിഫ്റ്റ് ബസും ട്രിപ്പുകളുടെ എണ്ണം കൂട്ടുന്നതും കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്.