സർക്കാർ സഹായമായ 20 കോടി രൂപയക്ക് പുറമെ 50 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്താണ്  കെ എസ് ആർ ടി സി തത്കാലം ശമ്പള പ്രതിസന്ധി മറികടന്നത്

തിരുവനന്തപുരം: കാത്തിരിപ്പുകൾക്കൊടുവിൽ കെ എസ് ആർ ടി സിയിൽ ( K S R T C ) ശമ്പള വിതരണം (Salary Distribution) തുടങ്ങി. ശമ്പളം നൽകാനായി 20 കോടി രൂപ കുടി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. സർക്കാർ സഹായമായ 20 കോടി രൂപയക്ക് പുറമെ 50 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്താണ് കെ എസ് ആർ ടി സി തത്കാലം ശമ്പള പ്രതിസന്ധി മറികടന്നത്. സർക്കാർ അധിക സഹായം പ്രഖ്യപിച്ചെങ്കിലും പണം കയ്യിൽ കിട്ടാൻ കാത്തുനിൽക്കാതെ മാനേജ്മെന്‍റ് ഇന്ന് തന്നെ ശമ്പള വിതരണത്തിലേക്ക് കടക്കുകയായിരുന്നു.

ആവശ്യമുള്ള അധിക തുക മറ്റ് സാമ്പത്തിക ക്രമീകരണങ്ങളിലൂടെ ഉറപ്പാക്കിയാണ് നടപടി. ആദ്യം ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ശമ്പളം ലഭിക്കുക. ധന വകുപ്പിൽ നിന്ന് പണം കിട്ടുന്ന മുറയ്ക്ക് മറ്റ് ജീവനക്കാരിലേക്കും ശമ്പളമെത്തും. മുഖ്യമന്ത്രി നടത്തിയ ഇടപെടലാണ് പ്രശ്ന പരിഹാരത്തിന് വഴി ഒരുക്കിയത്. 20 ദിവസം വൈകിയങ്കിലും സ്കൂൾ തുറക്കും മുമ്പ് ശമ്പളം കിട്ടുന്നതിന്‍റെ ആശ്വാസത്തിലാണ് ജീവനക്കാർ.

എന്നാൽ എല്ലാ മാസവും കെ എസ് ആർ ടി സിക്ക് കോടികൾ നൽകാനാവില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. ഗതാഗതമന്ത്രിയുടെ നിലപാട് തള്ളി പണിമുടക്കുകളല്ല കെ എസ് ആർ ടി സിയിലെ പ്രതിസന്ധിക്ക് കാരണമെന്നും കെ എൻ. ബാലഗോപാൽ പറഞ്ഞു. തന്‍റെയും ധനമന്ത്രിയുടേയും നിലപാട് ഒന്ന് തന്നെയെന്നായിരുന്നു വിവാദത്തിൽ ആന്‍റണി രാജുവിന്‍റെ പുതിയ പ്രതികരണം.

ഹൈക്കോടതിയുടെ ചോദ്യം കുറിക്കുകൊണ്ടു; കെഎസ്ആർടിസി തീരുമാനമെടുത്തു, ബസുകൾ ആക്രിവിലയ്ക്ക് പൊളിച്ച് വിൽക്കും

രണ്ടാം പിണറായി സർക്കാരിന്‍റെ ഒന്നാം വാർഷിക ദിനമായ ഇന്ന് ഭരണാനുകൂല സംഘടനയായ സി ഐ ടി യു പ്രതിഷേധ സംഗമവും അനിശ്ചിതകാല സമര പ്രഖ്യാപനവും നടത്തിയെന്നതും ശ്രദ്ധേയമായി. കെ എസ് ആർ ടി സിയുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം നിർദ്ദേശിക്കുന്ന ബദൽ രേഖ ജൂൺ ആറിന് സി ഐ ടി യു പുറത്തിറക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ വ്യക്തമാക്കി.

പണിമുടക്കോ ശമ്പള പ്രതിസന്ധിയുടെ കാരണം; വ്യത്യസ്ത നിലപാടുമായി ധന-ഗതാഗത മന്ത്രിമാർ

അതേസമയം ശമ്പള വിതരണം നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളി യൂണിയനുകള്‍ ഈമാസം 6ന് നടത്തിയ പണിമുടക്കില്‍ വ്യത്യസ്ത അഭിപ്രായവുമായാണ് ഗതാഗത മന്ത്രിയും ധന മന്ത്രിയും രംഗത്തെത്തിയത്. യൂണിയനുകള്‍ സമരം ചെയ്തത് കൊണ്ടല്ല, ശമ്പളം വൈകിയതെന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞത്. പണമില്ലാത്തത് കൊണ്ടാണ് ശമ്പളം വൈകിയത്. കെ എസ് ആർ ടി സി യിലെ സമരം രാഷ്ട്രീയമാണ്. കെ എസ് ആര്‍ ടി സിയെ എന്നും സഹായിക്കുക എന്നത് പ്രയോഗികമല്ലെന്നും ധനമന്ത്രി പറഞ്ഞു. എന്നാൽ താനും ധനമന്ത്രിയും പറയുന്നത് എൽ ഡി എഫ് നിലപാടാണെന്ന മറുപടിയുമായാണ് ഗതാഗതമന്ത്രി ആന്‍റണി രാജു രംഗത്തെത്തിയത്. പത്താം തീയ്യതിക്കു മുമ്പ് ശമ്പളം കൊടുക്കാനുള്ള എല്ലാ നടപടിയും പൂർത്തിയായിരുന്നു. പക്ഷേ യൂണിയനുകള്‍ സമരവുമായി മുന്നോട്ട് പോയി. ശമ്പളം ഇന്ന് കൊടുത്ത് തുടങ്ങും. 20 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. എല്ലാവരും കൂട്ടായി ആലോചിച്ചാൽ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാകൂ. പണിമുടക്കിയാൽ നഷ്ടം കൂടുകയെ ഉള്ളൂവെന്നും ഗതാഗതമന്ത്രി അഭിപ്രായപ്പെട്ടു.

'മന്ത്രിയുടെ പ്രസ്താവന തൊഴിലാളികളില്‍ പ്രതിഷേധമുണ്ടാക്കി'; ആന്‍റണി രാജുവിനെ തള്ളി ആനത്തലവട്ടം ആനന്ദന്‍