ഇലന്തൂർ ഇരട്ട നരബലി; ഇനിയും മൃതദേഹമുണ്ടോ? മണം പിടിച്ച് കണ്ടെത്താൻ മായയും മർഫിയും

Published : Oct 15, 2022, 02:26 PM ISTUpdated : Oct 15, 2022, 03:07 PM IST
ഇലന്തൂർ ഇരട്ട നരബലി; ഇനിയും മൃതദേഹമുണ്ടോ? മണം പിടിച്ച് കണ്ടെത്താൻ മായയും മർഫിയും

Synopsis

മൂന്ന് പ്രതികളുമായി അന്വേഷണ സംഘം ഇലന്തൂരിൽ നരബലി നടന്ന വീട്ടിലെത്തി. വൻജനാവലിയാണ് ഇവിടെ തടിച്ചു കൂടിയിരിക്കുന്നത്. 

പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലിയിൽ കൂടുതൽ തെളിവെടുപ്പിനായി അന്വേഷണസംഘം ഇലന്തൂരിലെ ഭഗവല്‍ സിംഗിന്‍റെ വീട്ടിലെത്തി. പരിശീലനം സിദ്ധിച്ച നായ്ക്കളുടെ സഹായത്തോടെയാണ് തെളിവെടുപ്പ്. മായ, മര്‍ഫി എന്നീ നായക്കളാണ് അന്വേഷണ സംഘത്തിനൊപ്പമുള്ളത്.  2015 മുതൽ കൊച്ചി സിറ്റി പൊലീസിന്റെ ഭാ​ഗമായിട്ടുള്ള നായകളാണ് മായയും മർഫിയും. വളരെ ആഴത്തിൽ വരെ മണം പിടിച്ച് എത്താൻ ഇവർക്ക് സാധിക്കും. പെട്ടിമുടി ദുരന്തത്തിൽ മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്താൻ സഹായിച്ചത് ഈ നായകളണ്. ഇത്തരത്തിൽ വളരെ പരിശീലനം ലഭിച്ച  നായകളെ ഉപയോ​ഗിച്ചുള്ള പരിശോധനയാണ് പൊലീസ് സംഘം നടത്തുന്നത്. കൊലപാതകം നടന്ന വീടിന്റെ പരിസരം വളരെ വിശാലമായ പറമ്പാണ്. അതുകൊണ്ട് തന്നെ ഇവിടെ മുഴുവൻ കുഴിച്ച് പരിശോധിക്കുക എന്നത് പ്രായോ​ഗികമല്ല. അതിനാലാണ് നായ്ക്കളുടെ സേവനം പ്രയോജനപ്പെടുത്താൻ തീരുമാനിച്ചത്. 

മൂന്ന് പ്രതികളുമായി അന്വേഷണ സംഘം ഇലന്തൂരിൽ നരബലി നടന്ന വീട്ടിലെത്തിയപ്പോള്‍ വൻജനാവലിയാണ് ഇവിടെ തടിച്ചു കൂടിയിരിക്കുന്നത്.  സംഭവ സ്ഥലത്ത് രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധവും നടക്കുന്നുണ്ട്.  ഭ​ഗവൽസിം​ഗിന്റെ പുരയിടത്തിൽ കുഴിച്ച് പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മൂന്ന് പ്രതികളും മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയെങ്കിൽ അവരുടെ മൃതദേഹം ഈ വീട്ടുവളപ്പിൽ തന്നെയാവും കുഴിച്ചിട്ടിരിക്കുക എന്ന നിഗമനത്തിലാണ് കുഴിയെടുത്ത് സംശയം തീര്‍ക്കാൻ പൊലീസ് തീരുമാനിച്ചത്. അന്വേഷണ ഉദ്യാ​ഗസ്ഥരോട് സഹകരിക്കുന്ന രീതിയിലല്ല ഷാഫിയുടെ പ്രതികരണം. ഇവരെ മൂന്നുപേരെയും ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് തെളിവെടുപ്പ്.

നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളേയും എറണാകുളം പൊലീസ് ക്ലബിൽ ചോദ്യം ചെയ്തു വരികയാണ്. മുഖ്യപ്രതിയായ ഷാഫി ചോദ്യം ചെയ്യല്ലുമായി തീരെ സഹകരിക്കുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാളിൽ നിന്നും കാര്യമായി വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. ലൈലയേയും ഭഗവൽ സിംഗിനേയും മാറി മാറി ചോദ്യം ചെയ്തതിൽ വിവരങ്ങൾ ശേഖരിച്ചപ്പോൾ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇവര്‍ പറയുന്നില്ലെങ്കിലും ഇവര്‍ എന്തോ മറച്ചുവയ്ക്കുന്ന എന്ന സംശയത്തിലാണ് വിശദമായ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്.

 

PREV
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത