
തിരുവനന്തപുരം: ശാസ്തമംഗലത്തെ തിരുവനന്തപുരം കോര്‍പ്പറേഷൻ കെട്ടിടത്തിലെ വട്ടിയൂര്‍ക്കാവ് എംഎൽഎ വികെ പ്രശാന്തിന്‍റെ ഓഫീസിനെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരിച്ച് തിരുവനന്തപുരം മേയര്‍ വിവി രാജേഷ്. ഇത്രത്തോളം രാഷ്ട്രീയവത്കരിക്കേണ്ട കാര്യമില്ലെന്നും വികെ പ്രശാന്തുമായുള്ള സൗഹൃദം വെച്ചാണ് ആര്‍ ശ്രീലേഖ ഓഫീസ് ഒഴിയാനുള്ള ആവശ്യം ഉന്നയിച്ചതെന്നും വിവി രാജേഷ് പറഞ്ഞു. എല്ലാ കാര്യങ്ങളും പാര്‍ട്ടിയോട് പറയണമെന്നില്ല. ഇങ്ങനെയൊരു ചര്‍ച്ച വന്ന സ്ഥിതിക്ക് ഇത്തരത്തിൽ കോര്‍പ്പറേഷൻ കെട്ടിടം വാടകക്ക് കൊടുക്കുന്നതിലെ രേഖകള്‍ പരിശോധിക്കും. 300 സ്ക്വയർ ഫീറ്റ് റൂം 832 രൂപയ്ക്കാണ് നൽകിയിരിക്കുന്നത്. ഇത്തരത്തിൽ സ്വകാര്യ വ്യക്തികൾക്ക് വാടകക്ക് നൽകിയിട്ടുണ്ടോ എന്നും പരിശോധിക്കും. എംഎൽഎ ഓഫീസിന് ഇളവ് നൽകാവുന്നതാണ്. രേഖകൾ പരിശോധിച്ച് കൂടുതൽ കാര്യങ്ങൾ പറയാം. സ്വകാര്യ വ്യക്തികൾക്ക് കോർപ്പറേഷൻ കെട്ടിടം കുറഞ്ഞ വാടകയ്ക്ക് കൊടുത്തിട്ടുണ്ടോ എന്ന് സമഗ്രമായ അന്വേഷണം നടത്തുമെന്നും വിവി രാജേഷ് പറഞ്ഞു. നഗരസഭ പരിധിയിൽ സർവീസ് നടത്തുന്ന ബസുകൾ മറ്റിടങ്ങളിലേക്ക് ഓടുന്നു എന്ന വിവരം മുൻപ് ലഭിച്ചിരുന്നു. ഇത് പരിശോധിക്കും. നഗരത്തിലൂടെ ഓടാനാണ് ഈ ബസുകൾ കേന്ദ്രസർക്കാർ അനുവദിച്ചതെന്നും വിവി രാജേഷ് പറഞ്ഞു.
സിപിഎമ്മിനെ ഒഴിപ്പിച്ച് ബിജെപി അധികാരം പിടിച്ച തിരുവനന്തപുരം കോര്‍പ്പറേഷനിലെ ആദ്യ രാഷ്ട്രീയ തര്‍ക്കമായി മാറിയിരിക്കുയാണ് ശാസ്തമംഗലത്തെ വികെ പ്രശാന്ത് എംഎൽഎയുടെ ഓഫീസ്. ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്ന സ്ഥലം കൗണ്‍സിലറായ ആര്‍ ശ്രീലേഖയുടെ ആവശ്യം എംഎൽഎ വികെ പ്രശാന്ത് തള്ളുകയായിരുന്നു. ശ്രീലേഖയുടെ തിട്ടൂരം അംഗീകരിക്കില്ലെന്ന് പ്രശാന്ത് പ്രതികരിച്ചപ്പോള്‍, സഹോദരി സ്ഥാനത്ത് നിന്ന് അഭ്യര്‍ഥിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ശ്രീലേഖയുടെ വിശദീകരണം. ശാസ്തമംഗലത്തെ കൗണ്‍സിലറായ ആര്‍ ശ്രീലേഖ , എംഎൽഎ വി കെ പ്രശാന്തിനെ ഇന്നലെ രാവിലെ ഫോണിൽ വിളിച്ചാണ് ഈ കെട്ടിടത്തിലുള്ള വാര്‍ഡ് കൗണ്‍സിലറുടെ ഓഫീസിൽ സൗകര്യമില്ലെന്നും അതുകൊണ്ട് ഇതേസ്ഥലത്തുള്ള എംഎൽഎ ഓഫീസ് ഒഴിയണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടത്. കൗണ്‍സിൽ തനിക്ക് അനുവദിച്ച സമയപരിധി മാര്‍ച്ച് 31 വരെയാണെന്നും അതുവരെ ഒഴിയില്ലെന്നുമാണ് പ്രശാന്ത് ഇതിന് മറുപടി നൽകിയത്. തദ്ദേശ മന്ത്രി എം ബി രാജേഷും മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും കക്ഷി ചേര്‍ന്നതോടെ ഓഫീസ് ഒഴിപ്പിക്കൽ വിവാദം കൊഴുത്തു. ഇന്ന് ഓഫീസിലെത്തിയപ്പോള്‍ ക്യാമറകള്‍ക്ക് മുന്നിൽ ശ്രീലേഖ വികെ പ്രശാന്തിന്‍റെ തോളിൽ കൈവെച്ച് സുഹൃത്തുക്കളാണെന്നും വിവാദമാക്കേണ്ടതില്ലെന്നും പറഞ്ഞെങ്കിലും വിട്ടുകൊടുക്കാൻ ഇരുകൂട്ടരും തയ്യാറല്ല. കാലാവധി കഴിയുന്നത് വരെ മാറില്ലെന്ന നിലപാടിലാണ് പ്രശാന്ത്. അതുവരെ താനും ഇവിടെ തന്നെ കാണുമെന്നാണ് ശ്രീലേഖയുടെ നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam