സുഹാന്‍റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരത്തിൽ മുറിവുകളോ പരിക്കുകളോ ഇല്ല

Published : Dec 28, 2025, 01:25 PM IST
chittur boy suhan death

Synopsis

ചിറ്റൂരിൽ കാണാതായ ആറ് വയസ്സുകാരൻ സുഹാന്‍റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌. കുട്ടിയുടെ ശരീരത്തിൽ സംശയാസ്പദമായ പരിക്കുകളില്ല. വീട്ടിൽ നിന്ന് 800 മീറ്റർ അകലെയുള്ള കുളത്തിൽ നിന്നാണ് 21 മണിക്കൂറിന് ശേഷം മൃതദേഹം കണ്ടെത്തിയത്.

പാലക്കാട്: ചിറ്റൂരിലെ ആറ് വയസ്സുകാരൻ സുഹാന്‍റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌. സുഹാന്‍റെ ശരീരത്തിൽ സംശയാസ്പദമായ മുറിവുകളും പരിക്കുകളും ഇല്ലെന്ന് കണ്ടെത്തി. സുഹാനെ കാണാതായി 21 മണിക്കൂറിനു ശേഷമാണ് മൃതദേഹം വീട്ടിൽ നിന്നും അല്പം മാറിയുള്ള കുളത്തിൽ കണ്ടെത്തിയത്. സുഹാന്‍റെ പിതാവ് അനസ് വിദേശത്ത് നിന്ന് പാലക്കാട്‌ എത്തി.

ഇന്നലെ രാവിലെ 11 മണിക്ക് ശേഷമാണ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാൻ സഹോദരനോട് പിണങ്ങി പുറത്തേക്ക് പോയത്. സംസാരിക്കാൻ പ്രയാസം നേരിട്ടിരുന്ന കുട്ടി തിരിച്ചു വരാതായതോടെയാണ് തെരച്ചിൽ തുടങ്ങിയത്. വീടിനു സമീപത്തെ പാടശേഖരങ്ങളിലും കുളങ്ങളിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലും പലവട്ടം ഇന്നലെ തന്നെ തെരഞ്ഞതാണ്. നറുചിരിയുമായി സുഹാൻ എവിടെങ്കിലും മറഞ്ഞിരിക്കുമെന്ന പ്രതീക്ഷയിൽ. അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിൽ സുഹാന്റെ മൃതദേഹമാണ് കണ്ടെടുത്തത്.

വീട്ടിൽ നിന്നും 800 മീറ്ററോളം മാറിയുള്ള കുളത്തിന്റെ മധ്യ ഭാഗത്തായി കുഞ്ഞിന്റെ മൃതദേഹം കമഴ്ന്നു കിടക്കുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. അഗ്നിരക്ഷ സേനയെത്തി മൃതദേഹം പുറത്തെടുത്തു ആശുപത്രിയിലേക്ക് മാറ്റി. വീട്ടിൽ നിന്നും ഇത്ര ദൂരം കുട്ടി എങ്ങനെ എത്തിയെന്നതിലടക്കം അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. റോഡിൽ നിന്നും ചെറിയ കനാൽ കടന്നു വേണം കുളത്തിലേക്ക് എത്താൻ. വീട്ടിൽ നിന്നും ദൂരമുള്ളതിനാൽ കുട്ടി തനിച്ചു ഇവിടേക്ക് എത്തില്ലെന്ന ധാരണയിൽ ഈ കുളത്തിൽ തെരച്ചിൽ നടത്തിയിരുന്നില്ല.

സുഹാന്‍റെ മാതാവ് നീലഗിരി പബ്ലിക് സ്കൂൾ അധ്യാപികയാണ്. കുട്ടിയെ കാണാതാകുമ്പോൾ അവർ സ്കൂളിലെ ഒരു ആവശ്യത്തിനായി പോയതായിരുന്നു. സുഹാന്‍റെ സഹോദരനും മുത്തശ്ശിയും അമ്മയുടെ സഹോദരിയും മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ദുരൂഹത ഇല്ലെന്നാണ് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ പ്രതികരണം. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'അധികാരത്തിലെത്താൻ ബിജെപി തന്നെ ജയിക്കണമെന്നില്ല, കോൺഗ്രസിനും ബിജെപിക്കും എളുപ്പത്തിൽ ലയിക്കാവുന്ന ഘടന'; എം സ്വരാജ്
മറ്റത്തൂരിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി വിഡി സതീശൻ; 'തോറ്റ് തൊപ്പിയിട്ടിരിക്കുമ്പോഴും മുഖ്യമന്ത്രി പരിഹാസം പറയുന്നു'