
കൊല്ലം: മയ്യനാട് സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ബാങ്ക് പ്രസിഡന്റിനെതിരെ സിപിഎം നടപടി എടുത്തു. പ്രസിഡന്റിന്റെ രാജി എഴുതി വാങ്ങിയ സി പി എം നേതൃത്വം, ആരോപണ വിധേയനായ സെക്രട്ടറിക്കെതിരെ നടപടിക്ക് തയാറായതുമില്ല. പാർട്ടി ഏരിയ നേതൃത്വം ബാങ്കിനെ തകർക്കാൻ ശ്രമിക്കുന്നെന്ന് ഏഷ്യാനെറ്റ് ന്യൂസിലൂടെ വെളിപ്പെടുത്തിയ ബാങ്ക് പ്രസിഡന്റ് ശ്രീസുതനാണ് പുറത്തായത്.
സി പി എം ഏരിയാ ജില്ലാ നേതൃത്വങ്ങൾക്കെതിരെ ഏഷ്യാനെറ്റ് ന്യൂസിലൂടെ ഉയർത്തിയ വിമർശനമാണ് മയ്യനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റിന്റെ കസേര തെറിപ്പിച്ചത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ചേർന്ന സി പി എം ഏരിയാ കമ്മിറ്റി യോഗം ശ്രീസുതന്റെ രാജി ആവശ്യപ്പെടാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ചേർന്ന ബാങ്ക് ഭരണ സമിതി യോഗത്തിൽ ശ്രീസുതൻ രാജിവെച്ചു.
പുതിയ പ്രസിഡന്റിനെ സിപിഎം പിന്നീട് തീരുമാനിക്കും. അതേസമയം ബാങ്കിലെ ക്രമക്കേടുകളുടെ മുഖ്യ കണ്ണിയായ സെക്രട്ടറിക്കെതിരെ ഒരു നടപടിക്കും സിപിഎം തയ്യാറായിട്ടില്ല. സെക്രട്ടറിക്കെതിരായ നടപടിയുടെ കാര്യത്തിൽ സിപിഎം നേതൃത്വവും സഹകരണ വകുപ്പും ഒരേപോലെ ഒളിച്ചുകളി തുടരുകയാണ്. വായ്പയിലൂടെ ചിട്ടി ഇളവുകളിലൂടെയും ഒന്നര കോടി രൂപയുടെ ക്രമക്കേട് മയ്യനാട് സർവീസ് സഹകരണ ബാങ്കിൽ നടന്നതായാണ് പരാതി ഉയർന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam