ലിംഗ സമത്വത്തെ ജനപ്രതിനിധികൾ പരിഹസിക്കുന്നത് നിരാശാജനകം; സ്പീക്കര്‍ എംബി രാജേഷ്

Published : Aug 01, 2022, 08:03 PM IST
ലിംഗ സമത്വത്തെ ജനപ്രതിനിധികൾ പരിഹസിക്കുന്നത് നിരാശാജനകം; സ്പീക്കര്‍ എംബി രാജേഷ്

Synopsis

കേരളത്തിൽ സ്ത്രീകളെ തുല്യരായി കണക്കാക്കാൻ മടിക്കുന്ന മനോഭാവത്തെ പ്രാകൃതമെന്ന് വിശേഷിപ്പിക്കേണ്ടിവരുമെന്ന് സ്പീക്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

തിരുവനന്തപുരം: ലിംഗ സമത്വമെന്ന ആശയത്തെ   പരിഹസിച്ചുകൊണ്ടും അധിക്ഷേപിച്ചുകൊണ്ടും ഉത്തരവാദപ്പെട്ട   ജനപ്രതിനിധികൾ പോലും പരാമർശങ്ങൾ നടത്തുന്നത്  ദൗർഭാഗ്യകരവും അങ്ങേയറ്റം നിരാശാജനകവുമാണെന്ന് കേരള നിയമസഭാ സ്പീക്കര്‍ എംബി രാജേഷ്. ലിംഗ വിവേചനം പാടില്ലെന്ന്  ഭരണഘടനയുടെ ആർട്ടിക്കിൾ 15 അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. കേരളത്തിൽ സ്ത്രീകളെ തുല്യരായി കണക്കാക്കാൻ മടിക്കുന്ന മനോഭാവത്തെ പ്രാകൃതമെന്ന്  വിശേഷിപ്പിക്കേണ്ടിവരുമെന്ന് സ്പീക്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

കഴിഞ്ഞദിവസം കോഴിക്കോട് വെച്ച് നടന്ന എം എസ് എഫ് സംസ്ഥാനതല പരിപാടിയിൽവെച്ച് ലിംഗസമത്വ ആശയങ്ങൾക്കെതിരെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലിംഗസമത്വം ഉറപ്പാക്കാൻ വേണ്ടി സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങൾക്കെതിരെയും ഡോ എം.കെ മുനീർ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സ്പീക്കറുടെ പ്രതികരണം. ജനാധിപത്യത്തിലും ഭരണഘടനാ മൂല്യങ്ങളിലും വിശ്വസിക്കുന്ന ഒരാൾക്കും ലിംഗസമത്വമെന്ന ആശയത്തെ അധിക്ഷേപിക്കാനും തള്ളിക്കളയാനുമാവില്ല. ലിംഗസമത്വത്തെ തള്ളിക്കളയുകയെന്നാൽ ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും തള്ളിക്കളയുക എന്നാണർത്ഥമെന്ന് സ്പീക്കര്‍ പറഞ്ഞു. 

വിദ്യാർത്ഥികൾ അവരുടെ ഇഷ്ടാനുസരണമുള്ള വേഷം തെരഞ്ഞെടുക്കുമ്പോൾ, നിങ്ങളുടെ വേഷം ഞങ്ങൾ നിശ്ചയിക്കുമെന്ന് കൽപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. ലിംഗസമത്വമെന്ന ആശയത്തിനെതിരായ ആക്രമണങ്ങളെ ജനാധിപത്യ ബോധമുള്ള ഒരാൾക്കും അംഗീകരിക്കാനാവില്ലെന്നും എംബി രാജേഷ് പറഞ്ഞു. 'ലിംഗസമത്വമെന്ന പേരിൽ സ്കൂളുകളിൽ മതനിഷേധത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം ലീഗ് നേതാവ് ഡോ എം.കെ  മുനീർ പറഞ്ഞത്. പെണ്‍കുട്ടികളെ പാന്‍റും ഷര്‍ട്ടും ധരിപ്പിക്കുന്നത് എന്തിനാണ്. പെണ്‍കുട്ടികള്‍ ധരിക്കുന്ന വേഷം ആണ്‍കുട്ടികള്‍ക്ക് ചേരില്ലേ?  ലിംഗസമത്വമല്ല, സാമൂഹ്യ നീതിയാണ് വേണ്ടതെന്നും മുനീര്‍ പറഞ്ഞു. ലിംഗ സമത്വ യൂണിഫോമിന് വേണ്ടി വാശിപിടിക്കുന്ന മുഖ്യമന്ത്രി സാരി ധരിക്കുമോയെന്നും മുനീർ ചോദിച്ചിരുന്നു.

Read More : 'ആ നിലപാട് പെണ്‍കുട്ടികളെ രണ്ടാംതരക്കാരായി കാണുന്നതുകൊണ്ട്'; എം.കെ മുനീറിനെതിരെ എസ്എഫ്ഐ

മുനീറിന്‍റെ പ്രസ്താവനയ്ക്കെതിരെ വലിയ വിമര്‍ശമാണ് ഉയര്‍ന്നത്. കാലം മാറിയത് മുനീറിപ്പോഴും അറിഞ്ഞിട്ടില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം. മുനീറിന്‍റെ പ്രസ്താവന സാക്ഷര കേരളത്തിന് അപമാനമാണെന്ന് ഡിവൈഎഫ്ഐ പറഞ്ഞു. നവോത്ഥാന പരിഷ്കരണങ്ങൾ ലീഗ് അംഗീകരിക്കുന്നില്ല. പ്രസ്താവന പിൻവലിച്ച് മുനീർ മാപ്പ് പറയണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പരാമര്‍ശം സംബന്ധിച്ച് വിശദീകരണവുമായി മുനീര്‍ രംഗത്ത് വന്നു. ലിംഗ സമത്വത്തിനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് മുനീര്‍ പറയുന്നത്. തന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും മുനീര്‍ പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

ജാമ്യം നിഷേധിച്ചതിന് പിന്നാലെ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ; ആഹാരം കഴിക്കാമെന്ന് ഉറപ്പ് നൽകി
കാറില്‍ കുഴൽപ്പണം കടത്താൻ ശ്രമം; പിടിയിലായത് മുത്തങ്ങയിലെ എക്സൈസ് പരിശോധനയിൽ