
കോഴിക്കോട് : റഷ്യയിലെ സെച്ചിനോവ സര്‍വകലാശാലയിൽ എംബിബിഎസ് പ്രവേശനം വാഗ്ദാനം ചെയ്ത് മലപ്പുറം കിഴിശ്ശേരി സ്വദേശി ലക്ഷങ്ങൾ തട്ടിയതായി പരാതി. കിഴിശ്ശേരി സ്വദേശി അഹമ്മദ് അജ്നാസ്, പെൺ സുഹൃത്തും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ ഫിദ ഫാത്തിമ (ഫിദാമി ) എന്നിവര്‍ക്കെതിരെയാണ് ആരോപണം. അഹമ്മദ് അജാസിനെതിരെ പൊലീസ് കേസെടുത്തു.
പരസ്യ റീൽ കണ്ടാണ് എംബിബിഎസ് മോഹവുമായി മാവൂര്‍ സ്വദേശി റിഹാൻ , ഫിദാമിയോട് വിവരങ്ങൾ തിരക്കിയത്. താനിട്ട റീലിലെ സ്ഥാപനത്തെ സമീപിക്കേണ്ടെന്നും പകരം മറ്റൊരാളുടെ നമ്പര്‍ തരാമെന്നുമായിരുന്നു ഫിദാമിയുടെ മറുപടി. അവരെ ബന്ധപ്പെടൂവെന്നായിരുന്നു മറുപടി. 2024 ജൂലൈ 7 നാണ് മാവൂര്‍ സ്വദേശി റിഹാൻ്റെ കുടുംബം അജ്നാസ് പറഞ്ഞത് പ്രകാരം 4 ലക്ഷം രൂപ കൈമാറിയത്. അതിനു ശേഷം അജ്നാസിന്റെ സുഹൃത്ത് വഴി ഒരു ലക്ഷം കൂടി നൽകി. പക്ഷേ, അഡ്മിഷൻ കിട്ടിയില്ല. പണം തിരികെ ചോദിച്ചപ്പോൾ ഒഴിവ് കഴിവ് പറഞ്ഞൊഴിയുകയാണ് അജ്നാസ്. ഫോൺ വിളിച്ചാലും എടുക്കില്ലെന്നതാണ് സ്ഥിതി.
സമാനമായ രീതിയിൽ എട്ടുലക്ഷം രൂപയാണ് മാവൂര്‍ സ്വദേശിയായ മറ്റൊരു പെൺകുട്ടി നൽകിയത്. അഡ്മിഷൻ ശരിയാക്കാമെന്ന് പറഞ്ഞ് റഷ്യയിലേക്ക് കൊണ്ടുപോയി. പക്ഷേ, ഒന്നും ശരിയായില്ല. മൂന്ന് മാസം കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് മടങ്ങേണ്ടി വന്നു. ഈ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരാതി ഉയർന്നതോടെ പ്രതി അജ്നാസ് ഒളിവിലാണ്. കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഇടയ്ക്ക് ഭീഷണിപ്പെടുത്താറുണ്ടെന്നും പണം നഷ്ടപ്പെട്ടവര്‍ പറയുന്നു. പ്രതിസ്ഥാനത്തുള്ള അജ്നാസ് സുഹൃത്ത് ഫിദാമി എന്ന ഇസ്റ്റഗ്രാം ഇൻഫ്ലുവൻസര്‍ എന്നിവരോട് പ്രതികരണം തേടാൻ ശ്രമിച്ചിരുന്നുവെങ്കിലും ബന്ധപ്പെടാൻ കഴിഞ്ഞില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam