എം സി കമറുദ്ദീന്‍ മ‍ഞ്ചേശ്വരത്തെ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി, യൂത്ത് ലീഗ് പ്രതിഷേധം ഫലം കണ്ടില്ല

By Web TeamFirst Published Sep 25, 2019, 4:57 PM IST
Highlights

പികെ കുഞ്ഞാലിക്കുട്ടി എംപി മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുമെന്നും പാണക്കാട് ഹൈദരലി തങ്ങള്‍ അറിയിച്ചു. 

കാസര്‍ഗോഡ്: ഉപതെരഞ്ഞെടുപ്പില്‍ മ‍ഞ്ചേശ്വരത്തെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി മുസ്ലീം ലീഗ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്‍റ് എംസി കമറൂദ്ദീന്‍ മത്സരിക്കും. പാണക്കാട് ഹൈദരലി തങ്ങളാണ് കമറൂദിനെ ലീഗിന്‍റെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പികെ കുഞ്ഞാലിക്കുട്ടി എംപി മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുമെന്നും പാണക്കാട് ഹൈദരലി തങ്ങള്‍ അറിയിച്ചു. 

മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി നല്‍കിയ അംഗീകാരമായി കാണുന്നുവെന്നും ഇതിനു പാര്‍ട്ടി നേതൃത്വത്തോട് നന്ദി പറയുന്നതായും കമറൂദ്ദിന്‍ പ്രതികരിച്ചു. മുസ്ലീംലീഗും യുഡിഎഫും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും മഞ്ചേശ്വരത്തെ പ്രധാനപോരാട്ടം ബിജെപിയോടായിരിക്കുമെന്നും കമറൂദ്ദിന്‍ പറഞ്ഞു. 

നിലവില്‍ മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്‍റും യുഡിഎഫ് കണ്‍വീനറുമായ കമറൂദ്ദിന്‍ നേരത്തെ ജില്ലാ പഞ്ചായത്ത് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എംകെ മുനീര്‍ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനായിരുന്നപ്പോള്‍ കമറൂദ്ദീന്‍ ഉപാധ്യക്ഷനായിരുന്നു.കാസര്‍ഗോഡ് തൃക്കരിപ്പൂർ പടന്ന സ്വദശിയായ കമറൂദ്ദിനെ നേരത്തേയും പലവട്ടം മഞ്ചേശ്വരം മണ്ഡലത്തിലേക്ക് പാര്‍ട്ടി പരിഗണിച്ചിരുന്നുവെങ്കിലും അവസാനനിമിഷം തള്ളപ്പെടുകയായിരുന്നു. 

ഇക്കുറി പ്രാദേശികലീഗ് നേതൃത്വവും പ്രവര്‍ത്തകരും ശക്തമായ സമ്മര്‍ദ്ദവും പ്രതിഷേധവും ചെലുത്തിയിട്ടും ലീഗ് നേതൃത്വം കമറുദ്ദിനൊപ്പം നില്‍ക്കുകയായിരുന്നു. കമറുദ്ദീനെതിരെ എതിര്‍പ്പുയര്‍ന്നപ്പോള്‍ മറ്റൊരാളെ കണ്ടെത്താനായി പാണാക്കാട് തങ്ങള്‍ പ്രാദേശിക-ജില്ലാ ലീഗ് നേതാക്കളുമായി സംസാരിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കിടയില്‍ അഭിപ്രായ ഐക്യം ഇല്ലാതെ പോയതും അഞ്ചോളം ആളുകളുടെ പേരുകള്‍ നിര്‍ദേശിക്കപ്പെടുകയും ചെയ്തതോടെ കമറൂദ്ദിന് കാര്യങ്ങള്‍ അനുകൂലമായി മാറി. 

click me!