കിഫ്ബി ഓഡിറ്റ് റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും, സിഎജിയ്ക്ക് മറുപടി നൽകും: വിശദീകരിച്ച് ധനമന്ത്രി

By Web TeamFirst Published Sep 25, 2019, 4:02 PM IST
Highlights

കിഫ്ബി പൂട്ടിപ്പോകുമെന്ന് ആരും കരുതേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. കെഎസ്ഇബിയുടെ ട്രാൻസ്ഗ്രിഡ്  പദ്ധതിയില്‍ പ്രതിപക്ഷം അഴിമതി ഉന്നയിക്കുന്നത് ബാലിശം.കിഫ്ബിയെ തകർക്കാനുള്ള ഗൂഢ നീക്കത്തിന്റെ കരുവായി ചെന്നിത്തല മാറിയിരിക്കുന്നു എന്നും മന്ത്രി.

തിരുവനന്തപുരം: കിഫ്ബിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. മസാല ബോണ്ടടക്കം എല്ലാ വിവരങ്ങളും ലഭ്യമാക്കും. സിഎജിയുടെ കത്തിന് മറുപടി നല്‍കും. സിഎജി എന്തുകൊണ്ട് നിരന്തരം കത്തെഴുതുന്നുവെന്ന് അവരോട് ചോദിക്കണമെന്നും മന്ത്രി പറഞ്ഞു.

കിഫ്ബിയുമായി ബന്ധപ്പെട്ട, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ധനമന്ത്രി. അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കാനുള്ള കർശന വ്യവസ്ഥയോടെയാണ് കിഫ് ബി ഉണ്ടാക്കിയതെന്ന് തോമസ് ഐസക് പറഞ്ഞു. കെഎസ്ഇബിയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതിക്കെതിരായ പ്രതിപക്ഷ ആരോപണം ബാലിശമാണ്. കിഫ്ബിയെ തകർക്കാനുള്ള ഗൂഢ നീക്കത്തിന്റെ കരുവായി ചെന്നിത്തല മാറിയിരിക്കുന്നു എന്നും മന്ത്രി കുറ്റപ്പെടുത്തി. 

Read Also: കിഫ്ബി കെഎസ്ഇബി ട്രാൻസ്ഗ്രിഡ് അഴിമതി: മുഖ്യമന്ത്രിയോട് 10 ചോദ്യങ്ങളുമായി ചെന്നിത്തല

കിഫ് ബി യിൽ ഒരു വെട്ടിപ്പും തട്ടിപ്പും നടക്കില്ല. 12 കിഫ്ബി പദ്ധതികൾ പരിശോധനയ്ക്കു ശേഷം സ്റ്റോപ്പ് മെമ്മോ നൽകി.  സർക്കാർ പണം നൽകുന്ന സ്ഥാപനത്തിൽ സിഎജിക്ക്  ഓഡിറ്റ് ചെയ്യാൻ ഒരു തടസ്സവുമില്ല.  അന്താരാഷ്ട്ര മാന ദണ്ഡപ്രകാരമുള്ള ഓഡിറ്റ് നടത്താനുളള നടപടികൾ സ്വീകരിച്ചു തുടങ്ങി.കിഫ് ബി സ്വന്തമായി ഒരു ഓഡിറ്ററേയും വച്ചിട്ടുണ്ട്. സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിംഗ് കിഫ് ബി നിയമത്തിൽ പറയുന്നുണ്ട്.  എല്ലാ കരാറുകളും സൈറ്റിലുണ്ട്. 

Read Also: ചെന്നിത്തലയുടെ പത്ത് ചോദ്യങ്ങൾക്ക് എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിയുടെ മറുപടി

14 (1) അനുസരിച്ച് മസാല ബോണ്ട് സിഎജിക്ക് പരിശോധിക്കാം.  മസാല ബോണ്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും സിഎജിക്ക്  കൊടുക്കാം. രേഖകള്‍ പരിശോധിക്കാന്‍ ഒരു തടസ്സവുമില്ല.  കിഫ്ബി  പൂട്ടിപ്പോകുമെന്ന് ആരും കരുതേണ്ട. ആറു മാസം കഴിഞ്ഞ് വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ മാറ്റം കാണാം . അതു മുന്നിൽ കണ്ടാണ് പ്രതിപക്ഷത്തിലെ ഒരു വിഭാഗം രംഗത്ത് വരുന്നത്. കിഫ്ബിയിലേത് കരാർ നിയമനമാണ്. നല്ല ഉദ്യോഗസ്ഥരെ ആകർഷിക്കാൻ നല്ല ശമ്പളം നൽകേണ്ടി വരും. 50000 കോടിയുടെ വരുമാനം  കൊണ്ടുവരുന്ന സ്ഥാപനമാണ്. അതിനുവേണ്ടി നല്ല ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കുന്ന് ധൂർത്തല്ല.

Read Also: 'കിഫ്ബിയില്‍ സിഎജി ഓഡിറ്റ് നടത്തട്ടെ'; വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് തോമസ് ഐസക്ക്

കെഎസ്ഇബിയുടെ ട്രാൻസ്ഗ്രിഡ്  പദ്ധതിയില്‍ പ്രതിപക്ഷം അഴിമതി ഉന്നയിക്കുന്നത് ബാലിശമാണ്. ചെന്നിത്തല മന്ത്രിയായിരുന്നപ്പോഴാണ് പ്രവർത്തികൾക്ക് ദില്ലി ഷെഡ്യൂൾ റേറ്റ് തീരുമാനിച്ചത്.   2013 - 16 ൽ കെഎസ്ഇബി നൽകിയ ടെണ്ടറുകളിൽ 50% കൂടുതലായാണ് വിളിച്ചത്. ട്രാൻസ് ഗ്രിഡിൽ 20% കൂടുതൽ മാത്രമാണ് വിളിച്ചത്. ഏറ്റവും കുറഞ്ഞ തുക നൽകിയത് കൊണ്ടാണ് സ്റ്റെർലൈറ്റ് കമ്പനിക്ക് കരാർ നൽകിയത്. 50% ടെണ്ടർ അധികമായി നൽകിയിരുന്നവരാണ് ഇപ്പോൾ സിബിഐ അന്വേഷണമെന്ന ആവശ്യവുമായി ഇറങ്ങിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിൽ 450 കോടിയുടെ കിഫ്ബി നിർമ്മാണം നടക്കുന്നുണ്ട്. എന്റെ മണ്സലത്തിൽ ആവാം മറ്റൊരിടത്തും പാടില്ലയെന്നാണ് അദ്ദേഹം പറയുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. 

Read Also: കെഎസ്ഇബി സിപിഎമ്മിന്‍റെ കറവപ്പശു; ട്രാന്‍സ്ഗ്രിഡ് പദ്ധതി അഴിമതിയില്‍ സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല

click me!