'ഇന്‍റലിജൻസ് റിപ്പോർട്ട് തന്നെ സംശയാസ്പദം'; അപ്പീലുമായി മീഡിയ വൺ, ഇന്ന് കോടതി പരി​ഗണിക്കും

Published : Feb 10, 2022, 12:55 AM IST
'ഇന്‍റലിജൻസ് റിപ്പോർട്ട് തന്നെ സംശയാസ്പദം'; അപ്പീലുമായി മീഡിയ വൺ, ഇന്ന് കോടതി പരി​ഗണിക്കും

Synopsis

 ഒരു വാർത്താചാനലാകുമ്പോൾ ഭരണകൂടത്തെ തൃപ്തിപ്പെടുത്തി എന്നും വാർത്തകൾ നൽകാനാകില്ലെന്നും ഹർജിയിൽ പറയുന്നു. പുരാണവാക്യങ്ങൾ ഉൾപ്പെടുത്തിയല്ല ഭരണഘടനാ തത്വങ്ങൾ അനുസരിച്ചാണ് കേസ് പരിഗണിക്കേണ്ടിയിരുന്നതെന്നും അപ്പീലിൽ ഹർജിക്കാർ പറയുന്നു

കൊച്ചി: സംപ്രേഷണം തടഞ്ഞ കേന്ദ്ര നടപടി ശരിവെച്ച സിംഗിൾ ബ‌ഞ്ച് ഉത്തരവിനെതിരെ മീഡിയവൺ ചാനൽ നൽകിയ അപ്പീൽ ഇന്ന് ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബ‌‌‌ഞ്ച് ആണ് അപ്പീൽ ഹർജികൾ പരിഗണിക്കുക. മാധ്യമം ബ്രോഡ്കാസ്റ്റ് ലിമിറ്റഡ്, പത്രപ്രവർത്തക യൂണിയൻ, മീഡിയ വൺ എഡിറ്റർ‍ പ്രമോദ് രാമൻ എന്നിവരാണ് അപ്പീൽ ഹർജി നൽകിയിട്ടുള്ളത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇന്‍റലിജൻസ് റിപ്പോർട്ട് തന്നെ സംശയാസ്പദമാണെന്നും, ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ചാനലിനെ കേൾക്കാതെ ലൈസൻസ് റദ്ദാക്കിയ നടപടി ഭരണഘടനാവിരുദ്ധമാണെന്നും അപ്പീൽ ഹർജിയിൽ പറയുന്നു.

ഒരു വാർത്താചാനലിന് അപ്‍ലിങ്കിംഗിന് അനുമതി നൽകാനുള്ള പോളിസി പ്രകാരം ലൈസൻസ് പുതുക്കുമ്പോൾ ഓരോ തവണയും പുതിയ സുരക്ഷാ അനുമതി ആവശ്യമില്ലെന്ന വാദം സിംഗിൾ ബഞ്ച് പരിഗണിച്ചില്ല എന്ന് അപ്പീൽ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഒരു വാർത്താചാനലാകുമ്പോൾ ഭരണകൂടത്തെ തൃപ്തിപ്പെടുത്തി എന്നും വാർത്തകൾ നൽകാനാകില്ലെന്നും ഹർജിയിൽ പറയുന്നു. പുരാണവാക്യങ്ങൾ ഉൾപ്പെടുത്തിയല്ല ഭരണഘടനാ തത്വങ്ങൾ അനുസരിച്ചാണ് കേസ് പരിഗണിക്കേണ്ടിയിരുന്നതെന്നും അപ്പീലിൽ ഹർജിക്കാർ പറയുന്നു.

നേരത്തെ, കേന്ദ്രസർക്കാ‍ർ ഹാജരാക്കിയ രഹസ്യാന്വേഷണ റിപ്പോർട്ടുകളിലെ പരാമർശങ്ങൾ ഗൗരവതരമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് എൻ നഗരേഷിന്‍റെ സിംഗിൾ ബഞ്ച് മീഡിയ വൺ ചാനലിന്‍റെ ഹർജി തള്ളിയത്. അപ്പീൽ നൽകുന്നതിനായി സംപ്രേഷണവിലക്ക് സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി നിരസിച്ചു. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ ആവശ്യം നിരസിച്ചത്. ജീവനക്കാരുടെ ദുഃഖം മനസിലാക്കുമ്പോഴും ദേശസുരക്ഷ പ്രധാനപ്പെട്ടതാണെന്നും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.

ആഭ്യന്തര മന്ത്രാലയം നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട്‌ പരിശോധിക്കുമ്പോൾ ഒരു മിനുട്ട് പോലും ചാനൽ തുടരാൻ അനുവദിക്കാനുള്ള സാഹചര്യം ഇല്ലെന്നും ജസ്റ്റിസ് എൻ നാഗരേഷ് വിധിയിൽ പറയുന്നു. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകൾ കേന്ദ്രസർക്കാർ മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറിയിരുന്നു. കേസിൽ ചാനലിലെ ജീവനക്കാരും, കേരള പത്രവർത്തക യൂണിയനും കക്ഷി ചേരുന്നതിനെ കേന്ദ്രസർക്കാർ എതിർത്തിരുന്നതാണ്.

വാർത്താവിനിമയ മന്ത്രാലയവും സ്ഥാപനവും തമ്മിലുള്ള കേസിൽ ജീവനക്കാർക്ക് കക്ഷി ചേരാനാകില്ലെന്നായിരുന്നു കേന്ദ്രനിലപാട്. ഇതേ നിലപാട് ഡിവിഷൻ ബഞ്ചിലും കേന്ദ്രസർക്കാർ ആവർത്തിച്ചേക്കും. സുരക്ഷാ അനുമതിയുമായി ബന്ധപ്പെട്ട മാർഗരേഖകൾ കാലാകാലങ്ങളിൽ പുനഃപരിശോധിക്കാറുണ്ടെന്നും ഇതനുസരിച്ച് മാത്രമേ തീരുമാനമെടുക്കാനാകൂ എന്നുമായിരുന്നു ഹൈക്കോടതിയിൽ കേന്ദ്രസർക്കാരിന്‍റെ വാദം.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശ്ശൂരിൽ അട്ടിമറിയോ? യുഡിഎഫിന് വൻ മുന്നേറ്റം, എൻഡിഎ രണ്ടാമത്; ലീഡ് നിലയിൽ പിന്നിൽ എൽഡിഎഫ്
കുടുംബത്തോടൊപ്പം സന്നിധാനത്ത് എത്തി ഡിജിപി, എല്ലാ ഭക്തർക്കും ഉറപ്പ് നൽകി; സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി