
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ അതിക്രമത്തിനെതിരെ ദേശീയ തലത്തിൽ അടക്കം വൻ പ്രതിഷേധം. സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് തയ്യാറാകണമെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ഉന്നതഗൂഢാലോചനയുടെ ഭാഗമാണ് അതിക്രമമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. തിരുവനന്തപുരം പ്രസ് ക്ലബും കെയുഡബ്ല്യുജെജില്ലാകമ്മിറ്റിയും അടക്കം വിവിധ മാധ്യമ കൂട്ടായമകളും സംഘടനകളും ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
ഇന്നലെ രാത്രി എഴരയോടെയാണ് പ്രബുദ്ധ കേരളം മുന്പെങ്ങും കാണാത്തവിധം ഒരു മാധ്യമ സ്ഥാപനത്തിന് അകത്ത് കടന്നുള്ള അതിക്രമം നടന്നത്. മുപ്പതോളം വരുന്ന എസ്എഫ്ഐ സംഘം സുരക്ഷാ ജീവനക്കാരെ തള്ളിമാറ്റി ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചിയിലെ റീജിയണൽ ഓഫീസിലെത്തി പ്രവർത്തനം തടസ്സപ്പെടുത്തി. അതിക്രമവാർത്ത പുറത്തെത്തിയതോടെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഉയർന്നത് വലിയ പ്രതിഷേധം. ജനാധിപത്യത്തിൽ ഇത്തരം അതിക്രമങ്ങൾക്ക് സ്ഥാനമില്ലെന്നും സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് തയ്യാറകണമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. എസ്എഫ്ഐ നടത്തിയത് കേട്ടുകേൾവിയില്ലാത്ത അതിക്രമമെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. ഭീഷണിയുടെ സ്വരവുമായി മാധ്യമ ഓഫീസിൽ അതിക്രമിച്ചു കടന്നത് ഫാഷിസം ആണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
അതിക്രമം മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് എൻകെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. സംഭവം എസ്എഫ്ഐ എന്ന സംഘടനയുടെ ചരിത്രത്തിലെ കരിനിഴലെന്ന് സിഎംപി നേതാവ് സിപി ജോൺ പ്രതികരിച്ചു. മാധ്യമങ്ങളെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും സ്തുതിപാഠകരാകണമെന്ന് നിർബന്ധം പിടിക്കാൻ ഇത് കിം ജോംഗ് ഉന്നിന്റെ കൊറിയയല്ലെന്ന് മനസിലാക്കണം വീക്ഷണം മാനേജിംഗ് ഡയറക്ടർ ജെയ്സൺ ജോസഫ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നേരെ നടന്നത് കേരളം പോലെ ജനാധിപത്യ മൂല്യങ്ങൾക്ക് വില നൽകുന്ന ഒരു നാടിന് അംഗീകരിക്കാൻ കഴിയാത്ത് നീക്കമെന്നും, ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.
സംഘടനകളുടെ മറപിടിച്ച് ക്രിമിനലുകളെ വളരാൻ അനുവദിക്കരുതെന്നും മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കാൻ സർക്കാർ കർശന നടപടി സ്വീകരിണമെന്നും തിരുവനന്തപുരം പ്രസ് ക്ലബും ഇന്ന് വൈകീട്ട് 5 മണിക്ക് തിരുവനന്തപുരം പ്രസ്ക്ലബിന്റെ നേതൃത്വത്തിൽ സെക്രട്ടറിയറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കും. സംസ്ഥാന വ്യപകമായി വിവിധ മാധ്യമക്കൂട്ടായ്മകളും പ്രതിഷേധത്തിനൊരുങ്ങുമ്പോൾ എസ്എഫ്ഐ നടപടിയിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷോധമുയർത്താനാണ് പ്രതിപക്ഷ തീരുമാനം.