ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓഫീസിലെ എസ്എഫ്ഐ അതിക്രമം; കെയുഡബ്ള്യൂജെ സെക്രട്ടറിയറ്റ് മാർച്ച്‌ ശനിയാഴ്ച 

Published : Mar 04, 2023, 01:34 AM ISTUpdated : Mar 04, 2023, 01:36 AM IST
ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓഫീസിലെ എസ്എഫ്ഐ അതിക്രമം; കെയുഡബ്ള്യൂജെ സെക്രട്ടറിയറ്റ് മാർച്ച്‌ ശനിയാഴ്ച 

Synopsis

കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു നടത്തുന്ന മാർച്ച്‌ രാവിലെ 11 ന് കേസരി മന്ദിരത്തിന് മുന്നിൽ നിന്ന് ആരംഭിക്കും.

തിരുവനന്തപുരം: വാർത്തയുടെ പേരിൽ ഏഷ്യാനെറ്റ്‌ ന്യൂസ്‌ കൊച്ചി റീജിയണൽ ഓഫീസിൽ കയറി എസ് എഫ് ഐ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശനിയാഴ്ച സെക്രട്ടറിയറ്റ് മാർച്ച്‌ നടത്തും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു നടത്തുന്ന മാർച്ച്‌ രാവിലെ 11 ന് കേസരി മന്ദിരത്തിന് മുന്നിൽ നിന്ന് ആരംഭിക്കും.

നേരത്തെ എസ്എഫ്ഐ അതിക്രമത്തെ കേരള പത്രപ്രവർത്തക യൂണിയൻ അപലപിച്ചിരുന്നു. വാർത്തകളോട് വിയോജിപ്പോ എതിർപ്പോ വരുന്ന ഘട്ടങ്ങളിൽ മുമ്പും പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരു മാധ്യമ സ്ഥാപനത്തിൻറെ ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറി അവിടുത്തെ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് പ്രതിഷേധമല്ല, ഗുണ്ടായിസമാണ്. കേരളം പോലെ ജനാധിപത്യ മൂല്യങ്ങൾക്ക് വില നൽകുന്ന ഒരു നാടിന് അംഗീകരിക്കാൻ കഴിയുന്നതല്ല ഇതെന്നും കേരള പത്രപ്രവർത്തക യൂണിയൻ വ്യക്തമാക്കിയിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് ഏഴേമുക്കാലോടെയാണ് മുപ്പതോളം വരുന്ന പ്രവർത്തകർ പാലരിവട്ടത്തെ ഓഫീസിൽ അതിക്രമിച്ച് കയറിയത്. ഓഫീസിനുളളിൽ മുദ്രവാക്യം വിളിച്ച ഇവർ ജീവനക്കാരെ ഭീഷണിപ്പെടുത്തി. തുടർന്ന്  പൊലീസെത്തിയാണ് പ്രവർത്തകരെ നീക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനു മുന്നിൽ എസ് എഫ് ഐ പ്രവർത്തകർ അധിക്ഷേപ ബാനറും കെട്ടി. അതിക്രമിച്ച് കയറി ഓഫീസിന്‍റെ പ്രവർത്തനം തടസപ്പെടുത്തിയത് സംബന്ധിച്ച്  ഏഷ്യാനെറ്റ് ന്യൂസ്  റസിഡന്‍റ് എഡിറ്റർ അഭിലാഷ് ജി നായർ നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. 

വാർത്തകളോട് വിയോജിപ്പും എതിർപ്പും ഉണ്ടായിട്ടുണ്ടെങ്കിലും ഒരു മാധ്യമ സ്ഥാപനത്തിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതും അക്രമം നടത്തുന്നതും കേരളത്തിൽ ആദ്യ സംഭവമാണെന്നും ഇത് കേരളത്തിനാകെ നാണക്കേടാണെന്നും ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു. ലഹരി മാഫിയക്ക് വേണ്ടി ഭരണത്തിൻ്റെ തണലിൽ എസ് എഫ് ഐ നടത്തിയ ഗുണ്ടാ ആക്രമണമാണെന്നും മാധ്യമ ഓഫീസിനുള്ളിൽ അതിക്രമം കാണിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത ഗുണ്ടകളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നും ഡിസിസി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. സി പി എം നേതൃത്വത്തിൻ്റെ അറിവോടെ  മാധ്യമങ്ങളെ നിശബ്ദരാക്കാനുള്ള ഗൂഡനീക്കമാണ് നടക്കുന്നത്. ലഹരി മാഫിയയുടെ വക്താക്കളായി എസ് എഫ് ഐ മാറുന്നത് രാഷ്ട്രീയ കേരളത്തിന് തന്നെ അപമാനമാണെന്നും ഷിയാസ് കുറ്റപ്പെടുത്തി.

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം