
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്ത് ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് മെഡിക്കൽ എത്തിക്സ് കമ്മിറ്റി. ഡോക്ടർമാർക്ക് ക്ലീൻ ചിറ്റ് നൽകുമ്പോഴും, വൃക്ക എത്തിച്ചപ്പോള്‍ ഏറ്റുവാങ്ങാൻ ആശുപത്രി അധികൃർ ഉണ്ടായിരുന്നില്ലെന്ന ആക്ഷേപം കമ്മിറ്റി പരിഗണിച്ചിട്ടില്ല. വൃക്ക സ്വീകരിക്കാൻ ഡോക്ടർമാരില്ലാത്തതിനാൽ ആംബുലൻസ് ഡ്രൈവർമാർ വൃക്കയുമായി ഓടിയത് വലിയ വിവാദമായിരുന്നു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ചയാളുടെ വൃക്ക തിരുവനന്തപുത്ത് ചികിത്സയിൽ കഴിയുന്ന 62 വയസ്സുകാരൻ സുരേഷിന് അനുയോജ്യമെന്ന് കണ്ടെത്തിയാണ് അവയമാറ്റത്തിന് ഒരുക്കം തുടങ്ങിയത്. വൃക്കയുമായി ആംബുലൻസ് എത്തിയപ്പോള്‍ ഏറ്റെടുക്കാൻ ആരുമുണ്ടായിരുന്നില്ല. ഓപ്പറേഷൻ തീയറ്റിന് മുന്നിലേക്ക് ആംബുലൻസ് ഡ്രൈവർമാർ ഓടിയടുക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. വൃക്ക സ്വീകരിച്ച സുരേഷ് അടുത്ത ദിവസം മരിച്ചതോടെ വിവാദം കത്തിപ്പടരുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ തന്നെ വീഴ്ച കണ്ടെത്തിയതിന് പിന്നാലെ യൂറോളജി വിഭാഗം മേധാവി ഡോ. എസ്. വാസുദേവൻ പോറ്റിയേയും, നെഫ്രോളജി വിഭാഗം മേധാവി ഡോ. ജേക്കബ് ജോർജിനേയും സസ്പെന്‍റ് ചെയ്തിരുന്നു. ആരോഗ്യ വകുപ്പ് തന്നെ പ്രതിക്കൂട്ടിലായ സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
Also Read: 'സിപിഎം 6 തവണ വധിക്കാൻ ശ്രമിച്ചു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്'; പുതിയ ആരോപണവുമായി കെ സുധാകരൻ
ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്ക് വീഴ്ചയുണ്ടോ എന്ന് അന്വേഷിച്ച മെഡിക്കൽ എത്തിക്സ് കമ്മിറ്റി ഡോക്ടർമാര്‍ക്ക് ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണ്. വൃക്ക കൊണ്ട് വന്നതിനോ ശസ്ത്രക്രിയ നടത്തിയതിലോ വീഴ്ചയില്ലെന്നാണ് എത്തിക്സ് കമ്മിറ്റിയുടെ കണ്ടെത്തല്‍. വൃക്ക എത്തിക്കുന്നതിന് മുമ്പ് ശസ്ത്രക്രിയ്ക്ക് വേണ്ട ഒരുക്കങ്ങള്‍ പൂർത്തിയാക്കിയിരുന്നു. സുരേഷിന്‍റെ ഡയലിസും ആരംഭിച്ചിരുന്നു. എല്ലാ വകുപ്പിലെയും ഡോക്ടർമാർ ഉണ്ടായിരുന്നുവെന്നും എത്തിക്സ് കമ്മിറ്റി കണ്ടെത്തി. നിരവധി രോഗങ്ങളുള്ള സുരേഷ് വൃക്ക സ്വീകിക്കുമ്പോള്‍ പൂർണ വിജയമാകില്ലെന്ന് ഡോക്ടർ അറിയിച്ചിരുന്നുവെന്നും കുടുംബം സമ്മതം നൽകിയ ശേഷമാണ് ശസ്ത്രിക്രിയ തുടങ്ങിയതെന്നുമുള്ള മകളും മൊഴി കമ്മിറ്റി വിലയിരുത്തി.
പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ശസ്ത്രക്രിയിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് എത്തിക്സ് കമ്മിറ്റി പറയുന്നത്. അതേസമയം, ചികിത്സ പിഴവില്ലെന്ന് എത്തിക്സ് കമ്മിറ്റി പറയുമ്പോഴും ഏകോപനത്തിലുണ്ടായ വീഴ്ചയില്‍ മൗനം തുടരുകയാണ്. വൃക്ക സ്വീകരിക്കാൻ ആരുമുണ്ടായിരുന്നില്ലെന്ന ആക്ഷേത്തിലെ അന്വേഷണം പൊലീസിനും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും വിടുകയാണ് എത്തിക്സ് കമ്മിറ്റി.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം - LIVE