
കോട്ടയം: പാമ്പാടിയില്‍ പ്രസവത്തെ തുടര്‍ന്ന് വൃക്കകള്‍ തകരാറിലായ യുവതി മരിച്ച സംഭവത്തില്‍ ജില്ലാ ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം. ചികിത്സാ പിഴവിനെ തുടര്‍ന്നുണ്ടായ അണുബാധയാണ് 30കാരി ആതിരയുടെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്‍റെ പരാതി. എന്നാല്‍ അണുബാധയുടെ കാരണം എന്തെന്ന് അറിയില്ലെന്നാണ് കോട്ടയം ജില്ലാ ആശുപത്രിയുടെ വിശദീകരണം.
ഇന്നലെ പുലര്‍ച്ചെയാണ് ആറ് മാസത്തിലേറെ നീണ്ട രോഗപീഡയ്ക്ക് ഒടുവിൽ മാന്തുരുത്തി സ്വദേശിനി ആതിര ബാബു മരിച്ചത്. ഈ വര്‍ഷം ജനുവരി 11നാണ് കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് ആതിര വിധേയയായത്. പിന്നാലെ അണുബാധ ഉണ്ടായി. തുടർന്ന് ഇരുവൃക്കകളുടെയും പ്രവര്‍ത്തനം നിലച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സക്ക് ശേഷം ഡയാലിസിസ് സഹായത്തിലായിരുന്ന ജീവിതം.
ഒരു രോഗവും ഇല്ലാതിരുന്ന മകളെ രോഗിയാക്കിയത് കോട്ടയം ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്നുണ്ടായ അണുബാധയെന്ന് ആതിരയുടെ അച്ഛൻ ബാബു ആരോപിച്ചു. അണുബാധയുണ്ടായെന്ന കാര്യം ആശുപത്രി അധികൃതരും സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ എങ്ങിനെ അണുബാധ ഉണ്ടായെന്ന കാര്യം അറിയില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അവകാശപ്പെടുന്നു. ആതിരയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
വൃക്കകള്‍ തകരാറിലായ യുവതി മരിച്ച സംഭവം; ജില്ലാ ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam