'കേരളം ലോകത്തിന് സംഭാവന നൽകിയ ആ ഭിഷഗ്വര പ്രതിഭ'; ഡോ. കെ എം ചെറിയാന്‍റെ വേർപാട് നഷ്ടമെന്ന് മുഖ്യമന്ത്രി

Published : Jan 26, 2025, 09:51 PM IST
'കേരളം ലോകത്തിന് സംഭാവന നൽകിയ ആ ഭിഷഗ്വര പ്രതിഭ'; ഡോ. കെ എം ചെറിയാന്‍റെ വേർപാട് നഷ്ടമെന്ന് മുഖ്യമന്ത്രി

Synopsis

രാജ്യത്തെ ആദ്യത്തെ ഹാർട്ട് ലംഗ് ട്രാൻസ്പ്ലാന്റ്‌, ആദ്യത്തെ പീഡിയാട്രിക് ട്രാൻസ്പ്ലാന്റ്‌,  ആദ്യത്തെ ലേസർ ഹാർട്ട്‌സർജറി എന്നിങ്ങനെ ഒട്ടേറെ റെക്കോർഡുകൾ അദ്ദേഹത്തിന്റേതായുണ്ട്.

തിരുവനന്തപുരം: ഹൃദയ ചികിത്സാ മേഖലയ്ക്ക് അപരിഹാര്യമായ നഷ്ടമാണ് ഡോ. കെ എം ചെറിയാന്‍റെ വേർപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആർട്ടറി  ബൈപ്പാസ് സർജറി നടത്തിയ ഡോ. കെ എം ചെറിയാൻ അതിന്റെ അൻപതാം വാർഷികം ആഘോഷിക്കാനിരിക്കെയാണ് ആകസ്മികമായി  വിട പറഞ്ഞത്. രാജ്യത്തെ ആദ്യത്തെ ഹാർട്ട് ലംഗ് ട്രാൻസ്പ്ലാന്റ്‌, ആദ്യത്തെ പീഡിയാട്രിക് ട്രാൻസ്പ്ലാന്റ്‌,  ആദ്യത്തെ ലേസർ ഹാർട്ട്‌സർജറി എന്നിങ്ങനെ ഒട്ടേറെ റെക്കോർഡുകൾ അദ്ദേഹത്തിന്റേതായുണ്ട്.

82-ാം വയസ്സിലും ഊർജ്ജസ്വലനായി ആരോഗ്യ രംഗത്തും ആരോഗ്യ വിദ്യാഭ്യാസ രംഗത്തും സജീവ ഇടപെടൽ നടത്തിയ ഡോ. കെ എം ചെറിയാൻ അനേകം ഹൃദയങ്ങളുടെ രക്ഷകനായിരുന്നു. ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ജനിച്ച് ലോകത്താകെ ആതുരസേവന മേഖലയിൽ മുദ്ര പതിപ്പിച്ചു. ഹൃദയ ചികിത്സാരംഗത്ത് പുതിയ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നതിലും ഏറ്റവും സാധാരണക്കാർക്ക് വരെ വിദഗ്ധ ചികിത്സ പ്രാപ്യമാക്കുന്നതിനും നിരന്തരം ഇടപെട്ടു. 

ഈ രംഗത്ത് ശാസ്ത്രസാങ്കേതിക വിദ്യയുടെ ഭാഗമായുള്ള നവീന ചികിത്സാരീതികളുടെ ലോക നേട്ടങ്ങൾക്കൊപ്പം നടന്ന അദ്ദേഹം അവയെല്ലാം പ്രാപ്യമാവുന്ന സ്ഥാപനങ്ങൾ യാഥാർത്ഥ്യമാക്കാൻ മുൻകൈയെടുത്തു. വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ ഹൃദയ ശസ്ത്രക്രിയാ വൈദഗ്ധ്യം പഠിപ്പിക്കാൻ നിരന്തരം സഞ്ചരിച്ച ഡോ ചെറിയാന് നിരവധി ശിഷ്യഗണങ്ങളുണ്ട്.

നവ കേരള സൃഷ്ടിക്കുള്ള സർക്കാരിന്‍റെ ഉദ്യമങ്ങളിൽ ഹൃദയാത്മനാ പങ്കാളിയായിരുന്നു അദ്ദേഹം. എല്ലാ തിരക്കുകളും മാറ്റിവെച്ച് നവകേരള സദസ്സിന് ഉൾപ്പെടെ ചർച്ചാ വേദികളിൽ അദ്ദേഹം എത്തുകയും തന്റെ വിലയേറിയ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു. കേരളം ലോകത്തിന് സംഭാവന നൽകിയ ആ ഭിഷഗ്വര പ്രതിഭയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ബന്ധുക്കളുടെയും അദ്ദേഹം ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയ അനേകം മനുഷ്യരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈ കഴുകാൻ ഭാര്യ പറഞ്ഞിട്ടും കേട്ടില്ല, കീടനാശിനി തളിച്ച ശേഷമെത്തി ഭക്ഷണം കഴിച്ചു; കർഷകന് ദാരുണാന്ത്യം

'പുതിയ വൈറൽ പകർച്ചവ്യാധികൾ കൂടുതലും മൃഗങ്ങളിൽ നിന്നും പകരുന്നത്, ആരോഗ്യപ്രശ്നങ്ങൾ'; മുന്നറിയിപ്പ് നൽകി വിദഗ്ധ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസ്; മുൻ നിലപാട് തിരുത്തി വിഡി സതീശൻ, 'സ്വര്‍ണക്കൊള്ളയിൽ ബന്ധമുള്ളതായി പറഞ്ഞിട്ടില്ല'
വർഷങ്ങൾ നീണ്ട നിയമ പോരാട്ടവും കാത്തിരിപ്പും വിഫലം; ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാൾ സ്വദേശി ദുർഗ കാമി അന്തരിച്ചു