
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ പിഴവിനെ തുടർന്ന് വീട്ടമ്മ മരിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞി സ്വദേശി സിന്ധു (45) ആണ് മരിച്ചത്. ബന്ധുക്കളുടെ പരാതിയിൽ മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. മരുന്ന് മാറി കുത്തി വെച്ചതിനെ തുടർന്നാണ് വീട്ടമ്മയായ കൂടരഞ്ഞി സ്വദേശി സിന്ധു മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
കടുത്തപനിയെ തുടർന്ന് ഇന്നലെ വൈകീട്ടാണ് കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡെങ്കിപ്പനിക്ക് ഉൾപ്പെടെ പരിശോധന നടത്തി. ഇന്നലെ വൈകിട്ട് കുത്തിവെപ്പ് എടുത്ത തോടെ ആരോഗ്യം മെച്ചപ്പെട്ടു. എന്നാൽ രാവിലെ രണ്ടാം ഡോസ് കുത്തി വെപ്പ് എടുത്തതോടെ ആരോഗ്യ നില വഷളായി. പെട്ടെന്ന് കുഴഞ്ഞു വീണെന്ന് ബന്ധുക്കൾ പറയുന്നു. മരുന്ന് മാറി കുത്തിവെച്ചാണ് സിന്ധു മരിച്ചതെന്നാണ് ഭർത്താവ് രഘുവിന്‍റെ ആരോപണം. എന്നാൽ, മരുന്ന് മാറി നൽകിയെന്ന ആരോപണം മെഡിക്കൽ കോളേജ് അധികൃതർ നിഷേധിച്ചു. രോഗിക്ക് നിർദ്ദേശിച്ചിരുന്ന പെൻസിലിൻ തന്നെയാണ് നൽകിയത്. മരണത്തിന്‍റെ യഥാർത്ഥ കാരണം പോസ്റ്റ്മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ എന്നും മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ വിശദീകരിച്ചു.
സംഭവത്തിൽ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, മരുന്ന് മാറി കുത്തിവെച്ചതാണ് മരണ കാരണമെന്ന ബന്ധുക്കളുടെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 304 എ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിന് പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.