ഷെയ്ൻ നിഗത്തിനെതിരായ ജോബി ജോർജിന്റെ വധഭീഷണി; സമവായത്തിനായി കൊച്ചിയിൽ ചർച്ച

By Web TeamFirst Published Oct 23, 2019, 3:55 PM IST
Highlights

ഷെയ്ൻ നിഗവുമായി അമ്മയുടെ പ്രതിനിധികളും ജോബി ‍ജോ‍ർജുമായി നിർമ്മാതാക്കളുടെ സംഘടനാ പ്രതിനിധികളും കൂടിക്കാഴ്ച നടത്തിയ ശേഷമാകും ചർച്ച.

കൊച്ചി: നടൻ ഷെയ്ൻ നിഗവും നി‍ർമ്മാതാവ് ജോബി ജോർജും തമ്മിലുള്ള തർക്കം തീർക്കാൻ വിളിച്ചു ചേർത്ത യോഗം കൊച്ചിയിൽ തുടങ്ങി. സിനിമാ നിര്‍മ്മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന യുവനടൻ ഷെയ്ൻ നി​ഗത്തിന്റെ പരാതിയിലാണ് സംഘടനകളുടെ ഇടപെടൽ. താരസംഘടനയായ അമ്മയുടെയും നിർമ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് യോഗം. 

ഷെയ്ൻ നിഗവുമായി അമ്മയുടെ പ്രതിനിധികളും ജോബി ‍ജോ‍ർജുമായി നിർമ്മാതാക്കളുടെ സംഘടനാ പ്രതിനിധികളും കൂടിക്കാഴ്ച നടത്തിയ ശേഷമാകും ഇരുകൂട്ടരും തമ്മിലുള്ള ചർച്ച. വാക്പോരിലേക്ക് നയിച്ച വെയിൽ എന്ന ചിത്രം അടുത്ത മാസം ആദ്യം റിലീസ് ചെയ്യേണ്ടതിനാൽ തർക്കം രമ്യമായി പരിഹരിക്കാനാണ് സംഘടനകളുടെ ശ്രമം. 

 

ജോബി ജോർജ് നിർമ്മാതാവായ വെയിൽ എന്ന സിനിമയിലെ ഷെയ്ൻ നിഗത്തിന്റെ ഗെറ്റപ്പിനെ ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കം ആയത്.  തുടർന്ന് ഇക്കാരണത്താൽ ജോബി ജോർജ് തനിക്കെതിരെ വധഭീഷണി മുഴുക്കുന്നുവെന്ന് ആരോപിച്ച് ഷെയ്ന്‍ നിഗം അമ്മയ്ക്ക് പരാതി നൽകി.

Read More: ഷെയ്ന്‍ നിഗത്തിനെതിരായ വധഭീഷണി; നിർമ്മാതാക്കളുടെ സംഘടന ഇടപെടുന്നു

സാമൂഹ്യമാ​ധ്യമങ്ങളിലൂടെയും ഷെയ്ൻ തനിക്കെതിയുള്ള വധഭീഷണിയെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. നവമാധ്യമങ്ങളിലൂടെ കുപ്രചരണങ്ങൾ നടത്തുമെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നും തനിക്ക് എന്തു സംഭവിച്ചാലും അതിന്‍റെ ഉത്തരവാദി ജോബി ജോര്‍ജ് ആയിരിക്കുമെന്നും പരാതിയിലുണ്ടെന്നും ഷെയ്ൻ പറഞ്ഞു. പിന്നാലെ ഷെയ്ൻ നിഗത്തിനെ ജോബി ജോർജ് ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പുകളും പുറത്തു വന്നു.

 

എന്നാൽ ആരോപണങ്ങളെല്ലാം തള്ളിയ ജോബി ജോർജ് ഷെയ്നെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. '4.82 കോടി മുടക്കി എടുക്കുന്ന ചിത്രമാണ് വെയില്‍. ഇതിന്‍റെ ബാക്കി ചിത്രീകരണത്തില്‍ നിന്നും ഷെയ്ന്‍ ഒഴിഞ്ഞുമാറുകയാണ്. ഇപ്പോള്‍ പ്രതിഫലം കൂട്ടിചോദിക്കുന്നു. 30 ലക്ഷം ഷെയ്ന്‍ നല്‍കി. ഇപ്പോള്‍ 40 ലക്ഷം വേണമെന്നാണ് പറയുന്നത്. ഷെയ്ന്‍ കാരണം ചിത്രത്തിലെ നായികയുടെ പഠിപ്പ് മുടങ്ങി'യെന്നും ആയിരുന്നു ജോബി ജോർജിന്റെ ആരോപണം. ജോബി ജോര്‍ജ് നിർമ്മാതാക്കളുടെ സംഘടനക്കും സംഭവത്തിൽ പരാതി നൽകിയിരുന്നു. 

Read More: ഷെയ്‍ൻ നിഗത്തിന്റെ സിനിമ കേരളത്തില്‍ ഓടിക്കില്ലെന്ന് പറഞ്ഞു, ജോബി ജോര്‍ജ്ജ് തട്ടിപ്പുകാരനെന്നും മഹാസുബൈർ

തർക്കം വഷളായതോടെയാണ് സംഘടനകൾ പ്രശ്നത്തിൽ ഇടപെടാൻ തീരുമാനിച്ചത്. തുടർന്ന് ഇരുവരെയും ഉൾപ്പെടുത്തി ചർച്ച വിളിക്കുകയായിരുന്നു. സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി ഉടൻ തന്നെ പ്രദ‍ർശനത്തിന് എത്തിക്കേണ്ടതിനാൽ ച‍ർച്ചയിൽ ഇരുകൂട്ടരും തമ്മിൽ സമവായമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More: അബിയില്‍ നിന്ന് അവസരങ്ങള്‍ തട്ടിപ്പറിച്ച ആളുകളാണ് കൂടുതല്‍, മകന് വെല്ലുവിളികൾ ഉണ്ടാകുമോയെന്ന് അബി ഭയന്നിരുന്നുവെന്ന് വി എ ശ്രീകുമാര്‍ മേനോൻ

click me!