
തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഭിന്നത നിലനിൽക്കുന്നതിനിടെയാണ് യോഗം. ഇതടക്കമുള്ള പ്രധാന വിഷയങ്ങളിൽ ചര്‍ച്ചകളില്ലാത്തതിലും ചുമതലകള്‍ നൽകാത്തതിലും ഒരു വിഭാഗം കെപിസിസി ഭാരവാഹികള്‍ക്ക് അമര്‍ഷമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുനഃസംഘടന നടപടികളിലേയ്ക്ക് വീണ്ടും കടക്കുന്നതിലും എതിര്‍പ്പുണ്ട്. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആത്മഹത്യയും ഭാരവാഹികള്‍ ഉന്നയിക്കും. ഫണ്ട് പിരിവിനായുള്ള ഗൃഹസന്ദര്‍ശനം, പൊലീസ് സ്റ്റേഷനുകള്‍ക്കു മുന്പിൽ സമരം എന്നിവയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഫണ്ട് പിരിവ് നടത്താത്ത നേതാക്കളുടെ പേരു വിവരം ആവശ്യപ്പെട്ടിട്ടുണ്ട്. സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിൽ സ്വീകരിക്കേണ്ട നടപടികളും ആലോചിക്കും.
അതേസമയം, സംസ്ഥാന സർക്കാറിനും, പ്രതിപക്ഷത്തിനുമെതിരെ നിരവധി വിവാദങ്ങൾ കത്തി നിൽക്കെ നിയമസഭ സമ്മേളനം ഇന്ന് തുടങ്ങും. ഒക്ടോബർ 10 വരെയാണ് സമ്മേളനം. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദൻ, മുൻ സ്പീക്കർ പിപി തങ്കച്ചൻ,പീരുമേട് എംഎൽ.എ അയിരുന്ന വാഴൂർ സോമൻ എന്നിവർക്ക് അനുശോചനം അർപ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് നിയമസഭ സമ്മേളനത്തിന് എത്തുമോ എന്നതാണ് പ്രധാന ആകാംക്ഷ.
സഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസിൽ തന്നെ രണ്ട് അഭിപ്രായമാണുള്ളത്. പാർലമെന്‍ററി പാർട്ടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകിയതിനാൽ പ്രത്യേക ബ്ലോക്കിലാണ് രാഹുൽ പങ്കെടുത്താൽ ഇരിപ്പിടം നൽകുക. സംസ്ഥാനത്തെ പോലീസ് മൂന്നാംമുറ, തൃശ്ശൂരിലെ സിപിഎം നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള ഫോൺ സംഭാഷണം, വയനാട്ടിലെ കോൺഗ്രസ് നേതാവിന്‍റെ ആത്മഹത്യ, അടക്കം നിരവധി രാഷ്ട്രീയ വിഷയങ്ങൾ ഈ സമ്മേളന കാലത്ത് സഭാ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam