കൊവിഡ്: സംസ്ഥാന സർക്കാർ നടത്തുന്നത് മെഗാസീരിയൽ, ആരോഗ്യമന്ത്രി നടിയെന്നും രാജ്മോഹൻ ഉണ്ണിത്താൻ

By Web TeamFirst Published Apr 29, 2020, 11:17 AM IST
Highlights

ആരോഗ്യമന്ത്രിയായിരുന്നു സീരിയലിലെ ആദ്യ നടിയെന്നും പിന്നെ നടിയെ മാറ്റി മുഖ്യമന്ത്രി വന്നുവെന്നും എംപി പരിഹസിച്ചു

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ കൊവിഡ് അവലോകന വാർത്താ സമ്മേളനം മെഗാസീരിയൽ ആണെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. ആരോഗ്യമന്ത്രിയായിരുന്നു സീരിയലിലെ ആദ്യ നടിയെന്നും പിന്നെ നടിയെ മാറ്റി മുഖ്യമന്ത്രി വന്നുവെന്നും എംപി പരിഹസിച്ചു.

പ്രവാസികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് കണ്ണൂർ വിമാനത്താവളത്തിന് മുന്നിൽ കോൺഗ്രസ് നടത്തുന്ന ധർണയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൃഗങ്ങളോട് പോലും കാണിക്കാത്ത ക്രൂരതയാണ് കേന്ദ്ര സർക്കാർ പ്രവാസികളോട് കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഒരു ധാരണയുമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. പ്രവാസികൾക്കായി വിമാനത്താവളത്തിനകത്ത് ക്വാറന്റൈൻ സൗകര്യം ഒരുക്കണം. വീടുകളിൽ നിരീക്ഷണത്തിലാക്കുന്നതിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതിൽ പൂർണമായ അവ്യക്തതയെന്ന് കെ.സുധാകരൻ എംപിയും കുറ്റപ്പെടുത്തി. പ്രവാസികൾ വന്നാൽ നേരെ വീടുകളിലേക്കയക്കാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. ഇതിൽ വലിയ ആശങ്കയുണ്ട്. സർക്കാരുകൾ തീ കൊണ്ട് കളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

click me!