
തിരുവനന്തപുരം: സ്കൂൾ കുട്ടികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ സൂംബ പദ്ധതിക്ക് തുടക്കം. ലഹരിക്കെതിരായ പോരാട്ടത്തിന് കുട്ടികളെ സജ്ജരാക്കുന്നതിനായി നടത്തിയ മെഗാ സൂംബ തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടന ചെയ്തു . ഈ അധ്യയന വർഷം സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും സൂംബ പരിശീലനം പഠനത്തിന്‍റെ ഭാഗമാക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെഗാ സൂംബ പരിപാടി ചന്ദ്രശേഖരൻ നായര്‍ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് സംസ്ഥാന വ്യാപകമായി സ്കൂളുകളിൽ സൂംബ പരിശീലനം നടപ്പാക്കുന്ന പദ്ധതിക്ക് തുടക്കമായത്.
കുടുംബസമേതമാണ് മുഖ്യമന്ത്രി പരിപാടിക്കെത്തിയത്. കുട്ടികളുടെ കായികവും മാനസികവുമായ ഉല്ലാസത്തിനുവേണ്ടിയാണ് സൂംബയെന്നും കുട്ടികല്‍ ഉന്മേഷത്തോടെ സ്കൂളിൽ നിന്ന് മടങ്ങണമെന്നും അങ്ങനെ വന്നാൽ മറ്റ് സംഘങ്ങള്‍ക്ക് കുട്ടികളെ സ്വാധീനിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സ്കൂളുകളിൽ കുട്ടികളെ സൂംബ ഡാന്‍സ് പഠിപ്പിക്കാൻ അധ്യാപകര്‍ക്ക് പരിശീലനം നൽകും. നോ ടു ഡ്രഗ്സ് എന്നത് നടപ്പാക്കാനുള്ള ആദ്യ ഘട്ടമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണക്കും, സയൻസും പോലെ ഇനി അടുത്ത വർഷം സ്കൂളിൽ ഒരു പിരിയഡ് സൂംബയാകും. പഠിച്ച് മുഷിയുന്ന കുട്ടികളുടെ മാനസികോല്ലാസത്തിന് മുഖ്യമന്ത്രി നിർദ്ദേശിച്ച പദ്ധതിയാണ് വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നത്. അടുത്ത അധ്യയന വർഷം ജിമ്മുകളും പ്രത്യേക പരിശീലന കേന്ദ്രവും വിട്ട് സൂംബ സ്കൂളുകളിലുമെത്തും.
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മെഗാ സൂംബ പരിപാടിയിൽ 20 സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുത്ത 1500 കുട്ടികളാണ് പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ ചിത്രമുള്ള ടീ ഷർട്ടായിരുന്നു കുട്ടികൾക്ക് നൽകിയത്. പരിപാടി കൊള്ളാമെന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം മാത്രമാണ് നടന്നത്. സ്കൂളുകളിൽ പദ്ധതി എങ്ങനെ നടപ്പാക്കും, പരിശീലനം എങ്ങനെ എന്നതിലെല്ലാം വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനങ്ങൾ വരേണ്ടതുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam