യൂത്ത് കോൺഗ്രസ് മാ‍ര്‍ച്ചിൽ പൊലീസ് മര്‍ദ്ദനത്തിനിടെ ഗുരുതര പരിക്ക്: 50 ലക്ഷം നഷ്ടപരിഹാരം തേടി മേഘ ഹൈക്കോടതിയിൽ

By Web TeamFirst Published Mar 27, 2024, 7:12 PM IST
Highlights

ഹര്‍ജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ജസ്റ്റിസ് ടി.ആര്‍.രവി വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ മറുപടി തേടിയിട്ടുണ്ട്

കൊച്ചി: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് കളക്ടറേറ്റ് മാർച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ ഗുരുതരമായി പരിക്കേറ്റ യൂത്ത് കോൺഗ്രസ് നേതാവ് കേരള ഹൈക്കോടതിയെ സമീപിച്ചു. തനിക്കേറ്റ പരിക്കിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്ത് ഹൈക്കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചത്.

പ്രതിഷേധക്കാരുടെ ഇടയിൽ നിന്ന് മാറി നിൽക്കുമ്പോഴാണ് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതെന്നും തലക്കും കഴുത്തിനും ഗുരുതര പരിക്കേറ്റെന്നും ഹര്‍ജിയിൽ പറയുന്നു. ആലപ്പുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അമിത അധികാരം പ്രയോഗിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഈ രീതിയിൽ മർദ്ദിച്ചത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെടുന്നു.

ഹര്‍ജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ജസ്റ്റിസ് ടി.ആര്‍.രവി വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ മറുപടി തേടിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെ തുടര്‍ന്നായിരുന്നു ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!