
കോട്ടയം: കുടയംപടിയില്‍ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കര്‍ണാടക ബാങ്കിന് പങ്കില്ലെന്ന് പൊലീസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. മറ്റ് സാമ്പത്തിക ബാധ്യതകളുടെ പേരിലാണ് ബിനു ആത്മഹത്യ ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ബിനുവിന് ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നിരിക്കാം എന്ന അനുമാനവും കൂടി ചേര്‍ത്താണ് പൊലീസ് കോടതിയില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25നാണ് കോട്ടയം കുടയംപടിയില്‍ ചെരുപ്പുകട നടത്തിയിരുന്ന കെ സി ബിനു എന്ന വ്യാപാരി വീട്ടില്‍ തൂങ്ങിമരിച്ചത്. കര്‍ണാടക ബാങ്കിലെ മാനേജരുടെ ഭീഷണിയെ തുടര്‍ന്നായിരുന്നു ആത്മഹത്യ എന്നാണ് കുടുംബം ആരോപണം ഉന്നയിച്ചത്. വായ്പാ കുടിശികയുടെ പേരിലായിരുന്നു ഭീഷണിയെന്നും കുടുംബം ആരോപിച്ചിരുന്നു.
ഇതിനു പിന്നാലെ ബാങ്കിനു മുന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം അരങ്ങേറി. ബാങ്കിനു മുന്നില്‍ ബിനുവിന്‍റെ മൃതദേഹം വച്ചുളള പ്രതിഷേധത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും വ്യാപാരികളും പങ്കെടുത്തു. കുടുംബത്തിന് ജില്ലാ പൊലീസ് മേധാവി നല്‍കിയ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ നടന്ന പൊലീസ് അന്വേഷണത്തിലാണ് കര്‍ണാടക ബാങ്കിനോ ബാങ്ക് ജീവനക്കാര്‍ക്കോ ബിനുവിന്‍റെ ആത്മഹത്യയില്‍ പങ്കില്ലെന്ന കണ്ടെത്തല്‍.
ബാങ്കില്‍ നിന്ന് എടുത്ത വായ്പയുടെ തിരിച്ചടവ് ബിനു മുടക്കിയതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 7ന് ബാങ്ക് ജീവനക്കാര്‍ ബിനുവിന്‍റെ കടയില്‍ പോയി സംസാരിച്ചിരുന്നെന്ന കാര്യം പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ സെപ്റ്റംബര്‍ 12ഓടെ കുടിശിക ബിനു അടച്ചു തീര്‍ത്തിരുന്നെന്നും പിന്നീട് ബാങ്ക് ജീവനക്കാർ ബിനുവുമായി സംസാരിച്ചിട്ടില്ലെന്നുമാണ് പൊലീസ് ഭാഷ്യം.
മറ്റ് പല വ്യക്തികളില്‍ നിന്നും ബിനു വായ്പ വാങ്ങിയിരുന്നെന്നും വ്യക്തിപരമായ മറ്റ് ചില പ്രശ്നങ്ങള്‍ ബിനുവിനെ അലട്ടിയിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. സാമ്പത്തിക ബാധ്യതകള്‍ രേഖപ്പെടുത്തിയുളള ബിനുവിന്‍റെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തെന്ന് റിപ്പോര്‍ട്ടില്‍ പൊലീസ് ചൂണ്ടിക്കാട്ടുന്നു. ബിനുവിന്‍റെ പിതാവ് മുമ്പ് ആത്മഹത്യ ചെയ്യുകയായിരുന്നു. അതിനാല്‍ തന്നെ ആത്മഹത്യ പ്രവണത ബിനുവില്‍ ഉണ്ടായിരുന്നിരിക്കാമെന്നുമുളള വാദവും പൊലീസ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പൊലീസ് റിപ്പോര്‍ട്ടിലെ പല കണ്ടെത്തലുകളോടും വിയോജിപ്പുണ്ടെന്ന് ബിനുവിന്‍റെ കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ തല്‍ക്കാലം വിഷയത്തില്‍ പരസ്യ പ്രതികരണത്തിനില്ലെന്നും കുടുംബം അറിയിച്ചു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam