മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല: വ്യാപാരികൾ വീണ്ടും പ്രക്ഷോഭത്തിലേക്ക്, ഓഗസ്റ്റ് ഒൻപതിന് കടകൾ തുറക്കും

By Web TeamFirst Published Jul 28, 2021, 4:54 PM IST
Highlights

സംസ്ഥാനത്തെ വ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷൻ ടി.നസറുദ്ദീൻ പറഞ്ഞു. 

തൃശ്ശൂർ: ബക്രീദിന് ശേഷം കടകൾ തുറക്കുന്നതിൽ ഇളവ് നൽകണമെന്ന ആവശ്യം സർക്കാർ നിരാകരിച്ച സാഹചര്യത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി വീണ്ടും സമരരംഗത്തേക്ക്. ഓഗസ്റ്റ് രണ്ട് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ്ണയിരിക്കാനും ഓഗസ്റ്റ് ഒൻപത് മുതൽ സംസ്ഥാന വ്യാപകമായി കടകൾ തുറക്കാനും തൃശ്ശൂരിൽ ചേർന്ന വ്യാപാരി വ്യവസായി സംസ്ഥാന സമിതി യോഗത്തിൽ ധാരണയായി. 

സംസ്ഥാനത്തെ വ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷൻ ടി.നസറുദ്ദീൻ പറഞ്ഞു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയേ മതിയാവൂ. ഇക്കാര്യത്തിൽ നേരത്തെ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് കടകൾ  തുറക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയത്. എന്നാൽ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല. 

ആഗസ്ത് 2 ന് സെക്രട്ടേറിയറ്റിന്  മുന്നിൽ വ്യാപാരികൾ ധർണ നടത്തും. ആറ് ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ ധ‍ർണ നടത്തും. ഒൻപതാം തീയതി സംസ്ഥാന വ്യാപകമായി കടകൾ തുറക്കും. ഒൻപതാം തീയതി സർക്കാർ ഉദ്യോ​ഗസ്ഥരിൽ നിന്നും ഏതെങ്കിലും വ്യാപാരികൾക്ക് മോശം അനുഭവമുണ്ടായാൽ മരണം വരെ നിരാഹാര സമരം നടത്തുമെന്നും നസറുദ്ദീൻ പ്രഖ്യാപിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!