പ്രശ്നം പവർ സ്വിച്ചിന് മാത്രമാണെന്ന് കൊക്കോണിക്സ്; ലാപ്ടോപ്പുകൾ മാറ്റി നൽകുമെന്ന് കമ്പനി

By Arun Raj K MFirst Published Jul 28, 2021, 4:52 PM IST
Highlights

പ്രശ്നമുള്ള മുഴുവൻ ലാപ്ടോപ്പുകളും ഉടൻ മാറ്റി നൽകുമെന്നും പതിനഞ്ച് ദിവസത്തിൽ കൂടുതൽ പരാതി പരിഹരിക്കാനെടുത്താൽ ആ മാസത്തെ ഇഎംഐ കമ്പനി അടയ്ക്കുമെന്നുമാണ് കമ്പനി വാഗ്ദാനം. 

തിരുവനന്തപുരം: വിദ്യാശ്രീ പദ്ധതി വഴി വിതരണം ചെയ്ത കൊക്കോണിക്സ് ലാപ്ടോപ്പുകളെ ചൊല്ലി പരാതികളും വിവാദങ്ങളും കൊഴുക്കുകയാണ്. ലാപ്ടോപ്പുകൾ അപ്പാടെ കൊള്ളില്ലെന്നും എന്തിനാണ് കേരളത്തിനിങ്ങനെയൊരു കമ്പനിയെന്നും വരെ ചോദിക്കുന്ന തരത്തിലാണ് ട്രോളുകൾ. ആക്ഷേപം കനക്കുമ്പോൾ കൊക്കോണിക്സ് പറയുന്നത് മറ്റൊരു കഥയാണ്.  

കൊക്കോണിക്സ് ആകെ വിതരണം ചെയ്ത്ത് 2130 ലാപ്ടോപ്പുകൾ. ഇതിൽ ചില ലാപ്ടോപ്പുകൾക്കാണ് സാങ്കേതിക പ്രശ്നം കണ്ടെത്തിയതും. വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാനാവാത്ത സ്ഥിതിയുണ്ടായെന്നും പിഴവ് പറ്റിയെന്നും കൊക്കോണിക്സ് സമ്മതിക്കുന്നു. പരാതികൾ ആദ്യം വന്ന് തുടങ്ങിയപ്പോൾ ലാപ്ടോപ്പ് സ്റ്റോർ ചെയ്തതിലെ പ്രശ്നമായിരിക്കുമെന്നും ബാറ്ററി കേട് വന്നതായിരിക്കുമെന്നാണ് കരുതിയതെന്ന് കൊക്കോണിക്സ് ഉദ്യോഗസ്ഥൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. എന്നാൽ പിന്നീട് കുടുതൽ പരാതികൾ വന്നപ്പോൾ നടത്തിയ പരിശോധനയിൽ പ്രശ്നം ലാപ്ടോപ്പിന്റെ പവർ സ്വിച്ചിനാണെന്ന് കണ്ടെത്തി.

ഒരു പ്രത്യേക ബാച്ചിൽ പെട്ട ലാപ്ടോപ്പുകളാണ് തകരാറായതെന്നും ഇവയുടെ എല്ലാം പവർ സ്വിച്ചിന്റെ സർക്യൂട്ടിലാണ് പ്രശ്നമെന്നും കൊക്കോണിക്സ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ലാപ്ടോപ്പുകൾക്ക് മറ്റൊരു പ്രശ്നവും ഇല്ലെന്നും ഇത് മാത്രം പരിഹരിച്ചാൽ മതിയെന്നുമാണ് വിശദീകരണം. പ്രശ്നം ശ്രദ്ധയിൽപ്പെട്ടത് ജൂണിലാണ്, ജൂൺ മുപ്പതിന് തന്നെ ഈ പ്രശ്നം കണ്ടെത്തിയതായി അറിയിച്ച് കൊക്കോണിക്സ് ഐടി മിഷനും, കുടുംബശ്രീക്കും, കെഎസ്എഫ്ഇക്കുമായി ഒരു കത്തെഴുതി.

കേടായ ലാപ്ടോപ്പുകൾ മാറ്റി നൽകാൻ ബാധ്യസ്ഥരാണെന്നും പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞായിരുന്നു കത്ത്. പരാതി രജിസ്റ്റർ ചെയ്ത് 15 ദിവസം കൊണ്ട് ലാപ്ടോപ്പ് നന്നാക്കി തിരിച്ചു നൽകുന്നതിൽ വീഴ്ച പറ്റിയാൽ ആ മാസത്തെ 500 രൂപ ഇഎംഐ കമ്പനി തന്നെ അടയ്ക്കുമെന്നും കോക്കോണിക്സ് ആ കത്തിൽ വാഗ്ദാനം ചെയ്തിരുന്നു. ആകെ വിതരണം ചെയ്ത ലാപ്ടോപ്പുകളിൽ 20 ശതമാനത്തിനാണ് സാങ്കേതിക തകരാറെന്നാണ് കമ്പനി പറയുന്നത്.

നിലവിൽ ലാപ്ടോപ്പ് നിർമ്മാണം നിർത്തി വച്ചിരിക്കുകയാണെന്നും അടുത്ത മൂന്നാഴ്ച കൊണ്ട് പ്രശ്നങ്ങൾ പരിഹരിച്ച് ട്രാക്കിലാകാൻ കഴിയുമെന്നുമാണ് കൊക്കോണിക്സ് പറയുന്നത്. 

ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിലൂടെയാണ് പ്രശ്നം പൊതു മധ്യത്തിൽ ചർച്ചയാവുന്നത്. വിദ്യാശ്രീയിലൂടെ കിട്ടിയ ലാപ്ടോപ്പ് ഓണാകുന്നു പോലുമില്ലെന്നായിരുന്നു പരാതി, പുത്തൻ ലാപ്ടോപ്പിൽ ഒന്നോ രണ്ടോ ഓൺലൈൻ ക്ലാസുകളിൽ കൂടുതൽ പങ്കെടുക്കാൻ പറ്റാതായതോടെ ബുദ്ധിമുട്ടിയത് പാവപ്പെട്ട വിദ്യാർത്ഥികളാണ്. 

വിദ്യാർത്ഥികളുടെ അവസ്ഥ നിയമസഭയിലും ചർച്ചയായി. പിന്നാലെ വ്യവസായ മന്ത്രി പി രാജീവിന്‍റെ പ്രതികരണവും ഉണ്ടായി. പുതിയൊരു സംരംഭമാണിതെന്നും തകരാര്‍ പരിഹരിച്ച് നല്ല രീതിയില്‍ ഇത് മുന്നോട്ട് കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കുള്ള മറുപടിയില്‍ മന്ത്രി പറഞ്ഞത്. 

എന്താണ് വിദ്യാശ്രീ ?

പാവപ്പെട്ട കുട്ടികൾക്ക് പഠനോപകരണമെത്തിക്കുയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വിദ്യാശ്രീ പദ്ധതി ആവിഷ്കരിക്കുന്നത്. പരമാവധി പതിനെട്ടായിരം രൂപ വരുന്ന ലാപ്ടോപ്പുകൾ കുട്ടികൾക്ക് നൽകാനായിരുന്നു തീരുമാനം. കെഎസ്എഫ്ഇയും കുടുംബശ്രീയും ചേർന്നായിരുന്നു നടത്തിപ്പ് വിഭാവനം ചെയ്തത്. ലാപ്ടോപ് വേണ്ടവർ 500/- രൂപ മാസ അടവുമുള്ള 30 മാസത്തെ സമ്പാദ്യ പദ്ധതിയിൽ ചേരണം, മൂന്ന് മാസം മുടക്കം കൂടാതെ തവണകൾ അടയ്ക്കുന്നവർക്ക് കെഎസ്എഫ്ഇ വഴി ലാപ്ടോപ്പ് വായ്പയായി ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിച്ചത്.


നാല് കമ്പനികളാണ് ലാപ്ടോപ്പുകൾ ലഭ്യമാക്കാൻ മുന്നോട്ട് വന്നത്. ലെനോവോ, ഏസർ, എച്ച്പി പിന്നെ കൊക്കോണിക്സും.

മുന്നോട്ട് വന്ന കമ്പനികളും അവർ പദ്ധതിയുടെ ഭാഗമാകാൻ അവതരിപ്പിച്ച മോഡലുകളും.
 

1. എച്ച് പി 248 G8 - ( വില - ₹ 17,990 )

റേഡിയോ ഗ്രാഫിക്സോട് കൂടിയ എഎംഡി 3020E പ്രോസസ്സർ, നാല് ജിബി DDR4 റാം & 128ജിബി എസ്എസ്ഡി മെമ്മറി, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം.

2. ലെനോവോ E41-55 ( വില - ₹ 18,000 )

എഎംഡി അത്ലോൺ 3045b  പ്രോസസർ, നാല് ജിബി ഡിഡിആർ 4 റാം, 128ജിബി എസ്എസ്ഡി മെമ്മറി, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം.

3. ഏസർ ട്രാവൽമേറ്റ്  B311-31 (വില - ₹ 17,883 )

ഇൻ്റെൽ സെലറോൺ N4020 സിപിയു നാല് ജിബി ഡിഡിആർ 4 റാം, 128ജിബി എസ്എസ്ഡി മെമ്മറി, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം

4. കൊക്കോണിക്സ് CNBIC-EAN1 ( വില -  ₹ 14,990 )

ഇൻ്റെൽ സെലറോൺ N4000 സിപിയു , നാല് ജിബി എൽപി ഡിഡിആർ 4 റാം, 128ജിബി എസ്എസ്ഡി മെമ്മറി, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം

കഥ ഇത് വരെ

വിദ്യാശ്രീ പദ്ധതിയുടെ വെബ്സൈറ്റിൽ നിന്നുള്ള വിവരമനുസരിച്ച് ലാപ്ടോപ്പിനായി ഇത് വരെ അപേക്ഷിച്ചത് 93,043 വിദ്യാർത്ഥികൾ, വെബ്സൈറ്റിൽ പറയുന്നത് 65896 പേർ അവർക്ക് വേണ്ട ലാപ്ടോപ്പുകൾ തെരഞ്ഞെടുത്തുവെന്നും അതിൽ 56575 പർച്ചേസ് ഓർഡറുകൾ ജനറേറ്റ് ചെയ്തുവെന്നുമാണ്. എന്നാൽ കൊക്കോണിക്സല്ലാതെ മറ്റ് കമ്പനികൾ ലാപ്ടോപ്പുകൾ വിതരണം ചെയ്തിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

കൊവിഡ് പ്രതിസന്ധി മൂലം ചൈനയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ലാപ്ടോപ്പ് നിർമ്മാണത്തിനാവശ്യമായ ഭാഗങ്ങൾ ലഭ്യമാകാത്തതാണ് പ്രശ്നമെ്ന്ന് വീഴ്ച വരുത്തിയ എച്ച് പിയും ലെനോവയും അടക്കമുള്ള കമ്പനികൾ വിശദീകരിക്കുന്നു. വിദ്യാശ്രീ വിചാരിച്ചത് പോലെ നടക്കില്ലെന്ന് മനസിലായതോടെ സർക്കാർ പുതിയ ഫോർമുലയുമായി രംഗത്തെത്തി. പുതിയ വായ്പാ പദ്ധതി പ്രഖ്യാപിക്കാൻ തീരുമാനിച്ചു  വിദ്യാർത്ഥികൾ  ലാപ്ടോപ്പോ ടാബ്‌ലറ്റോ വാങ്ങിയതിൻ്റെ ബിൽ ഹാജരാക്കിയാൽ 20000 രൂപ വരെ വായ്പ കെഎസ്എഫ്ഇ യിൽ നിന്ന് അനുവദിക്കുമെന്നാണ് പുതിയ പ്രഖ്യാപനം. പ്രതിമാസം 500 രൂപ വീതം 40 തവണകളായി വായ്പ തിരിച്ചടയ്ക്കണം. കുടുംബശ്രീ പോർട്ടലിൽ മുമ്പേ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് ഈ ചിട്ടി വായ്പ ലഭ്യമാകുക.

ലാപ്ടോപ്പുകൾ ലഭ്യമാക്കുന്നതിൽ വീഴ്ചവരുത്തിയ കമ്പനികൾക്കെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കാൻ കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. 

പിഴവിന് ന്യായീകരണമില്ലെങ്കിലും തരാമെന്നേറ്റ ഉപകരണങ്ങൾ ലഭ്യമാക്കാതെ പറ്റിച്ച കമ്പനികൾ കൂടിയാണ് കോക്കോണിക്സിനെതിരെയുള്ള ട്രോളുകളുടെ മറവിൽ രക്ഷപ്പെട്ട് പോകുന്നത്. 

 

എന്താണ് കൊക്കോണിക്സ് ?

ഇന്ത്യയിലെ തന്നെ പിപിപി മോഡലിൽ ( പൊതു-സ്വകാര്യ പങ്കാളിത്തം ) നി‍‌‌ർമ്മിക്കപ്പെടുന്ന ആദ്യത്തെ ലാപ്ടോപ്പാണ് കൊക്കോണിക്സ്. 49 ശതമാനം ഓഹരി ജിഎസ്ടി ഗ്ലോബലിനാണ്. കെൽട്രോണിന് 26 ശതമാനം ഓഹരിയാണുള്ളത്, കെഎസ്ഐഡിസിക്ക് 23 ശതമാനവും. അതായത് സർക്കാർ ഓഹരിയും 49 ശതമാനത്തോളമുണ്ട്. ബാക്കി ഉള്ള രണ്ട് ശതമാനം ആക്സെലറോൺ എന്ന സ്റ്റാർട്ടപ്പിനാണ്. കെൽട്രോണിന്‍റെ മൺവിളയിലെ പ്ലാൻ്റിലാണ് ലാപ്ടോപ്പിൻ്റെ നിർമ്മാണം. 

click me!