പക്ഷപാതികളായ മാധ്യമങ്ങള്‍ സ്വയം കര്‍സേവ നടത്തുകയാണ്: എംജി രാധാകൃഷ്ണന്‍

By Web TeamFirst Published Sep 1, 2019, 2:58 PM IST
Highlights

സമൂഹത്തില്‍ മാധ്യമങ്ങളുടെ സ്വതന്ത്ര ഇടങ്ങള്‍ കുറഞ്ഞുവരുകയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍.
 

തിരുവനന്തപുരം: സമൂഹത്തില്‍ മാധ്യമങ്ങളുടെ സ്വതന്ത്ര ഇടങ്ങള്‍ കുറഞ്ഞുവരുകയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍. മാധ്യമങ്ങള്‍ സ്വയം കര്‍സേവയ്ക്ക് തയ്യാറാകുന്നു അത്തരക്കാരെ ഇന്ന് സമൂഹം മടിയില്ലാതെ സ്വീകരിക്കുന്നുണ്ട്. അവര്‍ക്ക് റേറ്റിങ് കൂടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസി ബുക്‌സിന്റെ സ്‌പേസസ് ഫെസ്റ്റില്‍'ദൃശ്യ മാധ്യമരംഗത്തെ പ്രതിപാദന രീതി'എന്ന വിഷയത്തെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മറ്റ് മാധ്യമങ്ങളുടെ പരിമിതികളെ ലഘൂകരിച്ച് ദൃശ്യ മാധ്യമ രംഗം ജനാധിപത്യപരമായി മുന്നേറുന്നു. പ്രായത്തിന്റെ വര്‍ഗ്ഗത്തിന്റെ വര്‍ണത്തിന്റെ എല്ലാ പരിമിതികളും മറികടന്ന് ടെലിവിഷന്‍ ഒരു വലിയ മാധ്യമമായി മാറിയിരിക്കുകയാണ്. മാധ്യമരംഗം ഒരു സ്വയംഭരണഇടമാണെന്നും എം.ജി രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

ജനാധിപത്യത്തിന്റെ നെടുംതൂണ്, നിഷ്പക്ഷത, സ്വതന്ത്രമായ പ്രവര്‍ത്തനം എന്നൊക്കെ മാധ്യമങ്ങളെ പറ്റിപറയുന്നത് അസംബന്ധങ്ങള്‍ ആണെന്ന് കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. അടിസ്ഥാനപരമായി ഓരോ മാധ്യമങ്ങളും അതിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നു, എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ദൈനംദിന പ്രവര്‍ത്തനത്തില്‍ സത്യസന്ധരായിരിക്കും എന്ന് ജോണ്‍ മുണ്ടക്കയം ബ്രിട്ടാസിന്റെ വാക്കുകളെ വിമര്‍ശിച്ചു. വാര്‍ത്തകള്‍ തമസ്‌കരിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് തമസ്‌ക്കരിക്കാന്‍ ശ്രമിച്ചാല്‍ വായനക്കാരുണ്ടാകില്ലെന്ന് ജോണ്‍ മുണ്ടക്കയം അഭിപ്രായപ്പെട്ടു.

വസ്തുതാപരമായ വാര്‍ത്തകള്‍ക്ക് ഇന്ന് പ്രാധാന്യം നഷ്ടമാകുന്നുവെന്ന് ട്വന്റി ഫോര്‍ ന്യൂസ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് പിപി ജെയിംസ് പറഞ്ഞു. വികാരപരമായ ആഖ്യാനത്തിലേക്കാണ് ഇന്ന് വാര്‍ത്തകള്‍ മാറുന്നത്.   ഇതിലൂടെ പ്രധാന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ പരാജയെപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോസി ജോസഫ് മോഡറേറ്ററായിരുന്നു.

click me!