എംജി സർവകലാശാല വിസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവേഷക വിദ്യാര്‍ത്ഥിനി

By Web TeamFirst Published Jan 4, 2020, 7:08 AM IST
Highlights

നാനോ സയൻസിലെ നിലവിലെ ഡയറക്ടര്‍ ഡോ നന്ദകുമാര്‍ ഇപ്പോള്‍ സാബു തോമസിന്‍റെ നിര്‍ദേശനുസരണം തനിക്കുള്ള അവസരങ്ങള്‍ പലതും ഇല്ലാതാക്കുകയാണെന്നും ദീപ പറയുന്നു

കോട്ടയം: എംജി സർവകലാശാല വൈസ് ചാൻസലര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നാനോ സയൻസിലെ ഗവേഷക വിദ്യാര്‍ത്ഥിനി ദീപാ പി.മോഹനൻ. ഹാജര്‍ രേഖപ്പെടുത്താനും ലാബ് ഉപയോഗിക്കാനും വിസി അനുവാദം നല്‍കുന്നില്ലെന്നാണ് പരാതി. അടിസ്ഥാന സൗകര്യം കിട്ടാത്തതിനാല്‍ ഗവേഷണം പാതി വഴിയില്‍ മുടങ്ങിയ അവസ്ഥയിലാണെന്നും വിദ്യാര്‍ത്ഥിനി.

നാനോ സയൻസിലെ നിലവിലെ ഡയറക്ടര്‍ ഡോ നന്ദകുമാര്‍ ഇപ്പോള്‍ സാബു തോമസിന്‍റെ നിര്‍ദേശനുസരണം തനിക്കുള്ള അവസരങ്ങള്‍ പലതും ഇല്ലാതാക്കുകയാണെന്നും ദീപ പറയുന്നു. അഞ്ച് വര്‍ഷമായിട്ടും ഗവേഷണം പൂര്‍ത്തിയാക്കാനുള്ള ഒരു അവസരവും ഉണ്ടാക്കുന്നില്ല. ദീപയ്ക്ക് ഗവേഷണത്തിന് എല്ലാ സൗകര്യങ്ങളുമൊരുക്കണമെന്ന് ഹൈക്കോടതിയും സര്‍വകശാലയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമെന്നാണ് വിസി ഡോ സാബു തോമസിന്‍റെ പ്രതികരണം.

എംജി സര്‍വകലാശാല വൈസ്ചാൻസിലര്‍ ഡോ. സാബു തോമസിനെതിരെ ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കാനെത്തിയ ദീപാ മോഹനെ പൊലീസ് ഇന്നലെ ബലമായി കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു. കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ദീപയെ ജാമ്യത്തില്‍ വിട്ടയച്ചു. 2014 ലാണ് നാനോ സയൻസില്‍ ദീപ ഗവേഷണത്തിന് എത്തുന്നത്. അന്ന് സെന്‍റര്‍ ഡയറക്ടറായിരുന്നു ഇപ്പോഴത്തെ വൈസ്ചാൻസിലര്‍ ഡോ സാബു തോമസ്. സര്‍വകലാശാല നിയമത്തിന് വിരുദ്ധമായി വിദ്യാര്‍ത്ഥികളെ സാബു തോമസിന് കീഴില്‍ ഗവേഷണത്തിന് നിയമിക്കുന്നതിനെ ദീപ ചോദ്യം ചെയ്തിരുന്നു. വിവരാവകാശ രേഖ വഴി വിവരങ്ങള്‍ എടുത്ത് ഇക്കാര്യത്തില്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

click me!