വിദ്യാര്‍ത്ഥിനിയുടെ മരണം; എംജി സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു

By Web TeamFirst Published Jun 9, 2020, 1:24 PM IST
Highlights

അഞ്ജുവിനെ കാണാഞ്ഞ് അന്വേഷിച്ച് ചെന്നപ്പോൾ പ്രിൻസിപ്പൽ മോശമായി സംസാരിച്ചെന്നും കുടുംബം ആരോപിക്കുന്നു. 

കോട്ടയം: കോപ്പിയടി ആരോപണത്തിന് പിന്നാലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എംജി സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു. വൈസ് ചാന്‍സിലറാണ് അന്വേഷണം പ്രഖ്യാപിച്ചത്. മൂന്നംഗ സമിതി സംഭവം അന്വേഷിക്കും. പരീക്ഷക്കിടെ കോപ്പിയടിച്ചെന്ന  ആരോപണത്തിന് പിന്നാലെ കാണാതായ കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ജു ഷാജിയുടെ മൃതദേഹം ഇന്നലെയാണ്  മീനച്ചിലാറില്‍ നിന്നും കണ്ടെത്തിയത്. 

വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ കോളേജിനെതിരെ ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിച്ചിരിക്കുന്നത്. മാധ്യമങ്ങൾക്ക് മുൻപിൽ ഇന്നലെ പ്രദർശിപ്പിച്ച വീഡിയോ ദൃശ്യത്തിൽ ക്രമക്കേട് നടത്തി, അഞ്ജുവിനെ കാണാഞ്ഞ് അന്വേഷിച്ച് ചെന്നപ്പോൾ പ്രിൻസിപ്പൽ മോശമായി സംസാരിച്ചെന്നും കുടുംബം ആരോപിക്കുന്നു. ഹാൾടിക്കറ്റിന് പുറക് വശത്തെ കയ്യക്ഷരം അഞ്ജുവിന്‍റേതല്ല. കുടുംബത്തിനെ പൊലീസിന്‍റെ സാന്നിധ്യത്തിൽ സിസിടിവി ദൃശ്യങ്ങൾ കാണിച്ചപ്പോൾ പ്രിൻസിപ്പൽ വഴക്ക് പറയുന്നത് കാണാമായിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാകാം തുടങ്ങിയ വാദങ്ങളാണ് കുടുംബം ഉയര്‍ത്തുന്നത്. 

അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അധ്യാപകനെയും പ്രിൻസിപ്പലിനേയും അറസ്റ്റ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെടുന്നു. അഞ്ജുവിന്‍റെ മരണത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. എംജി സർവകലാശാലയിലെത്തി സർവകലാശാല നിയമം പരിശോധിച്ചു. ഹാൾ ടിക്കറ്റിലെ കയ്യക്ഷരം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടേ കേസെടുക്കു. സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് എംജി സർവകലാശാല വിശദീകരണം നൽകി. 

click me!