
കോട്ടയം: എംജി സർവകാലശാലയിൽ പിടിമുറുക്കാൻ വിസിയുടെ ശ്രമമെന്ന ആരോപണവുമായി ഇടത് അധ്യാപക സംഘടന. വകുപ്പ് മേധാവികൾ നൽകിയ വിഷയ വിദഗ്ധരുടെ പട്ടിക വൈസ് ചാൻസിലർ പൂർണമായും തള്ളി. താത്ക്കാലിക അധ്യാപക നിയമനത്തിൽ സംഘപരിവാർ അനുകൂലികളെ നിയമിക്കാൻ നീക്കമെന്നാണ് ആരോപണം. വിഷയ വിദഗ്ധരാകാൻ യോഗ്യതയില്ലാത്ത സംഘപരിവാർ അനുകൂലികളെ നിയമിക്കാനാണ് വിസിയുടെ ശ്രമമെന്ന് ഇടത് അധ്യാപക സംഘടന പറയുന്നു. നിയമം, ഗണിതം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ അഭിമുഖത്തിൽ പങ്കെടുത്തവർ എല്ലാം സംഘപരിവാർ പശ്ചാത്തലമുള്ളവരാണ്. വിസിയുടേത് അക്കാദമിക മികവിനെ വെല്ലുവിളിക്കുന്ന സമീപനമെന്നാണ് വിമർശനം. വിസിയായി ഡോ മാവൂത്ത് എത്തിയ ശേഷം എംജി സർവ്വകലാശാലയിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കുന്നു എന്നാണ് ആരോപണം.
എം ജി സർവകലാശാല സെനറ്റിലേക്ക് ചാൻസലർ കൂടിയായ ഗവർണർ നിയമിച്ച പ്രതിനിധികളിൽ ഭൂരിഭാഗവും ബി ജെ പി പശ്ചാത്തലമുള്ളവരാണെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. വിവിധ മേഖലകളിൽ നിന്നായി ചാൻസലറായ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നാമനിർദ്ദേശം ചെയ്ത 30 പേരിൽ 17 പേരും ബി ജെ പിയുമായി അടുത്ത ബന്ധമുള്ളവരാണ്. എഴുത്തുകാരുടെ വിഭാഗത്തിൽ നിന്ന് ചാൻസലർ നിർദ്ദേശിച്ചിരിക്കുന്നത് പ്രമുഖ ബി ജെ പി നേതാവ് ജെ പ്രമീളാദേവിയെയാണ്. ഇതിനുപുറമേ, മാതൃഭൂമി പത്രത്തിന്റെ കുട്ടനാട് പ്രാദേശിക ലേഖകൻ കെ രംഗനാഥൻ കൃഷ്ണയും ചാൻസലറുടെ നോമിനികളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സർവകലാശാലയുടെ ഉയർന്ന ഭരണ സമിതിയിലേക്ക് രാഷ്ട്രീയ താല്പര്യങ്ങൾ മുൻനിർത്തി നിയമനം നടത്തിയതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam