
മാവേലിക്കര: എസ്എൻഡിപി മാവേലിക്കര യൂണിയനെ വെള്ളാപ്പള്ളി നടേശൻ പിരിച്ചുവിട്ടു. അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി. നിലവിലെ പ്രസിഡൻറ് സുഭാഷ് വാസു ഉൾപടെയുള്ള ഭാരവാഹികളെ ആണ് ചുമതലയിൽ നിന്ന് നീക്കിയത്.
പന്തളം എസ്എൻഡിപി യൂണിയൻ പ്രസിഡൻറ് അഡ്വ സിനിൽ മുണ്ടപ്പള്ളിയാണ് അഡ്മിനിസ്ട്രേറ്റർ. കഴിഞ്ഞ 23നാണ് മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ സുഭാഷ് വാസു അടക്കമുള്ള ഭാരവാഹികളെ പിരിച്ചുവിട്ടത്. കേസിൽ ക്രൈം ബ്രാഞ്ച് കൂടി അന്വേഷണം തുടങ്ങിയതിന് പിന്നാലെയായിരുന്നു ഇത്.
വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തരിൽ പ്രധാനിയായിരുന്നു സുഭാഷ് വാസു. എന്നാൽ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനും സുഭാഷ് വാസുവും തമ്മിൽ തർക്കം രൂക്ഷമായിരുന്നു. എന്നാൽ വെള്ളാപ്പള്ളിക്കെതിരെ പരസ്യ പ്രതികരണത്തിന് സുഭാഷ് വാസു തയ്യാറായിരുന്നില്ല. എങ്കിലും അനൗദ്യോഗികമായി വെള്ളാപ്പള്ളി നടേശനെതിരെ ഇദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
യൂണിയൻ ഭരണത്തിനായി ചുമതലപ്പെടുത്തിയ അഡ്‌മിനിസ്ട്രേറ്റർ ഇന്ന് ഉച്ചയോടെ ചുമതലയേൽക്കും. മൈക്രോ ഫിനാൻസ് കേസിൽ സുഭാഷ് വാസു ഒന്നാം പ്രതിയും യൂണിയൻ സെക്രട്ടറി സുരേഷ് ബാബു രണ്ടാം പ്രതിയുമാണ്. മൈക്രോ ഫിനാൻസ് തട്ടിപ്പ്, നോട്ട് നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകൾ സുഭാഷ് വാസുവിനെതിരെ ഉയർന്ന സാഹചര്യത്തിലാണ് യൂണിയൻ പിരിച്ചുവിടുന്നതെന്നാണ് എസ്എൻഡിപി വിശദീകരിച്ചത്.
എസ്എൻഡിപിയിൽ വിമത നീക്കവുമായി ഇറങ്ങിയ സുഭാഷ് വാസുവിനെ സ്വന്തം തട്ടകത്തിൽ ഒതുക്കുകയാണ് വെള്ളാപ്പള്ളി നടേശൻ. കഴിഞ്ഞ 23 ന് ചേർന്ന എസ്എൻഡിപിയുടെ കൗൺസിൽ യോഗമാണ് മാവേലിക്കര യൂണിയൻ പിരിച്ചുവിടാൻ തീരുമാനിച്ചത്. സുഭാഷ് വാസുവും കൂട്ടരും ശിവഗിരി തീർത്ഥാടനത്തിന് പോയ ഘട്ടത്തിലാണ് അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റെടുത്തത്.
വെള്ളാപ്പള്ളി നടേശന്‍റെ വിശ്വസ്തനാണ് പന്തളം യൂണിയൻ പ്രസിഡന്‍റ് സിനിൽ മുണ്ടപ്പള്ളി. അതേസമയം, യൂണിയൻ പിരിച്ചുവിട്ട നടപടിയിൽ അധാർമികമാണെന്ന് സുഭാഷ് വാസു പ്രതികരിച്ചു. വെള്ളാപ്പള്ളി നടത്തിയ ആയിരം കോടിയുടെ ക്രമക്കേടിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നത് മുന്നിൽ കണ്ടാണ് ഇപ്പോഴത്തെ നടപടിയെന്നും സുഭാഷ് വാസു പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam