ഭക്ഷണം ലഭിക്കുന്നില്ലെന്ന് തൊടുപുഴയിലെ അതിഥി തൊഴിലാളികൾ; ഫണ്ടില്ലെന്ന് നഗരസഭ

By Web TeamFirst Published Apr 2, 2020, 7:25 AM IST
Highlights

ലോക്ഡൗണിൽ പണിയില്ലാതായ അതിഥി തൊഴിലാളികൾക്ക് വീട്ടുടമയും കോൺട്രാക്ടറും ചേ‍ർന്ന് ഭക്ഷണം നൽകണമെന്നാണ് സർക്കാർ നിലപാട്

തൊടുപുഴ: ഭക്ഷണം കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയുമായി തൊടുപുഴയിലെ അതിഥി തൊഴിലാളികൾ. സർക്കാർ പ്രഖ്യാപനം പോലെ മുതലാളിയോ നഗരസഭയോ ഭക്ഷണം നൽകുന്നില്ലെന്നാണ് പരാതി. അതിഥി തൊഴിലാളികൾക്ക് ഭക്ഷണം നൽകാൻ ഫണ്ടില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് നഗരസഭ വിശദീകരിച്ചു.

ലോക്ഡൗണിൽ പണിയില്ലാതായ അതിഥി തൊഴിലാളികൾക്ക് വീട്ടുടമയും കോൺട്രാക്ടറും ചേ‍ർന്ന് ഭക്ഷണം നൽകണമെന്നാണ് സർക്കാർ നിലപാട്. എന്നാൽ കാര്യങ്ങൾ സർക്കാർ പ്രഖ്യാപനം പോലെയല്ല. ഭക്ഷണം ആവശ്യപ്പെട്ട് വിളിക്കുമ്പോൾ വീട്ടുടമയിൽ നിന്ന് ഭീഷണി ഉണ്ടായെന്നാണ് പരാതി. ചിലർ ഫോണെടുക്കുന്നില്ലെന്നും ആരോപണമുണ്ട്.

തൊടുപുഴയിൽ നിരാലംബർക്ക് ഭക്ഷണം നൽകുന്ന കമ്മ്യൂണിറ്റി കിച്ചൺ നടത്താൻ തന്നെ പണമില്ലെന്ന് നഗരസഭ അറിയിച്ചു. സ‍ർക്കാർ ഇതുവരെ ഫണ്ട് അനുവദിച്ചിട്ടില്ല. സ്പോൺസ‍ർമാരുടെ സഹായത്തോടെയായിരുന്നു ഭക്ഷണ വിതരണം. ഇതു മൂലം മേഖലയിലെ ആയിരത്തോളം വരുന്ന അതിഥി തൊഴിലാളികളെ കൂടി ഏറ്റെടുക്കാൻ നിവൃത്തിയില്ല. പ്രശ്നം അറിഞ്ഞെത്തിയ പൊലീസ് വീട്ടുമയെ വിളിച്ച് ഭക്ഷണത്തിനുള്ള താത്കാലിക ഏ‍ർപ്പാട് ചെയ്തു.

click me!