മിൽമയുടെ സ്വന്തം പാൽപ്പൊടി ഫാക്ടറി പൂട്ടിയിട്ട് മൂന്ന് വർഷം; വീണ്ടും തുറക്കാൻ ചെലവ് പത്ത് കോടി

By Web TeamFirst Published Apr 2, 2020, 7:11 AM IST
Highlights

ആലപ്പുഴ പുന്നപ്രയിലാണ് മിൽമയുടെ പൂട്ടിക്കിടക്കുന്ന പാൽപ്പൊടി നിർമാണ ഫാക്ടറി. 1996ൽ പ്രവർത്തനം ആരംഭിച്ച പ്ലാന്റ് 2017 ഓടെ പൂട്ടി

ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ക്ഷീരമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ് കേരളം.  അതേസമയം ആലപ്പുഴയിലുള്ള മിൽമയുടെ ഏക പാൽപ്പൊടി ഫാക്ടറി മൂന്ന് വർഷത്തോളമായി പൂട്ടിക്കിടക്കുകയാണ്. പാൽലഭ്യത കുറഞ്ഞതും ആധുനികവത്കരണം നടക്കാതെ പോയതുമാണ് ഫാക്ടറിക്ക് താഴ് വീഴാൻ ഇടയാക്കിയത്. 

മലബാർ മേഖലയിൽ പുതിയൊരു പാൽപ്പൊടി ഫാക്ടറിയാണ് ഇപ്പോൾ മിൽമ ആലോചിക്കുന്നത്. ക്ഷീരമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ അധികം വരുന്ന പാൽ, പാൽപ്പൊടി ആക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചു. അതിന് ഇതര സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. 

ആലപ്പുഴ പുന്നപ്രയിലാണ് മിൽമയുടെ പൂട്ടിക്കിടക്കുന്ന പാൽപ്പൊടി നിർമാണ ഫാക്ടറി. 1996ൽ പ്രവർത്തനം ആരംഭിച്ച പ്ലാന്റ് 2017 ഓടെ പൂട്ടി. തെക്കൻ മേഖലയിൽ പാൽ ഉത്പാദനം കുറഞ്ഞതും ഫാക്ടറിയിലെ ആധുനികവത്കരണം നടക്കാതെ പോയതും തിരിച്ചടിയായി. ഫാക്ടറി വീണ്ടും തുറക്കാൻ പത്ത് കോടി രൂപ ചെലവ് വരുമെന്നാണ് കണക്ക്. കഴിഞ്ഞ കൊല്ലം മിൽമ ബോ‍ർഡ് ഈ പദ്ധതി തന്നെ ഉപേക്ഷിച്ചു.

പാലുൽപ്പാദനം കൂടുതലുള്ള വടക്കൻ മേഖലയിൽ പാൽപ്പൊടി നിർമാണ ഫാക്ടറി തുങ്ങാനാണ് മിൽമ ഇപ്പോൾ ആലോചിക്കുന്നത്. കൊവിഡ് പോലെ പ്രതിസന്ധികൾ വന്നാൽ അധികം വരുന്ന പാല് പാൽപ്പൊടിയാക്കി മാറ്റാൻ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരില്ല. എന്നാൽ കിഫ്ബി പോലെയുള്ള ഏജൻസി സർക്കാർ പണം നൽകിയാലേ പദ്ധതി യാഥാർത്ഥ്യമാകൂ.

click me!